ഹൈദരാബാദ്- യുഎസിലെ തെക്കുകിഴക്കന്‍ സംസ്ഥാനമായ ടെനസ്സീയിലെ മെംഫിസില്‍ ഞായറാഴ്ച വീടിനു തീപ്പിടിച്ചു മരിച്ച നാലു പേരില്‍ ഇന്ത്യക്കാര്‍. തെലങ്കാനയില്‍ നിന്നുള്ള കൗമാര സഹോദരങ്ങളായ ആരോണ്‍ നായിക് (17), ഷാരോണ്‍ നായിക് (14), ജോയ് നായിക (15) എന്നിവരാണ് വെന്തുമരിച്ചത്. അപകടമുണ്ടായ അമേരിക്കാരുടെ വീട്ടില്‍ അതിഥികളായി തങ്ങിയതായിരുന്നു ഇവര്‍. വീട്ടുട കാരി കൂഡ്രിയറ്റും (46) മരിച്ചിരുന്നു. മെംഫിസിലെ കോളിയര്‍വില്ലിയില്‍ ഞായറാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ അഗ്നിബാധയില്‍ ഇരുനില വീട് ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കാരിയുടെ ഭര്‍ത്താവ് ഡാനിയര്‍ കൂഡ്രിയറ്റും 13-കാരന്‍ മകന്‍ കോളും മാത്രമെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളൂ. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശീതകാല അവധിയില്‍ ഇന്ത്യയിലേക്ക് മടങ്ങാതിരുന്ന കുട്ടികളെ അവധിക്കാലം ചെലവഴിക്കാന്‍ കൂഡ്രിയറ്റ് കുടുംബം വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു. അമേരിക്കയില്‍ പുരോഹിതനായി പ്രവര്‍ത്തിച്ചിരുന്ന ശ്രീനിവാസ് നായിക്-സുജാത ദമ്പതികളുടെ മക്കളാണ് മരിച്ച സഹോദരങ്ങള്‍. ഹൈദരാബാദിനടുത്ത നല്‍ഗോണ്ട സ്വദേശികളാണ് ഇവര്‍. കഴിഞ്ഞ വര്‍ഷമാണ് ശ്രീനിവാസ് യുഎസില്‍ നിന്നും നാട്ടില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. ശേഷം മക്കളെ പൗരോഹിത്യ പഠനത്തിനായി യുഎസിലേക്ക് അയച്ചതായിരുന്നു. ഫ്രഞ്ച് ക്യാംപ് അക്കാദമിയില്‍ മതപഠനം നടത്തിവരിയായിരുന്നു മൂന്ന് പേരും. അപകടത്തെ തുടര്‍ന്ന് കുടുംബം യുഎസിലേക്ക് തിരിച്ചിട്ടുണ്ട്.