Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അതിർത്തിയിൽ സ്പിരിറ്റ്  കടത്ത് വ്യാപകമാവുന്നു


കാസർകോട്- സംസ്ഥാനത്ത് ഇപ്പോഴും നിലനിൽക്കുന്ന കേരള പൊതുവിൽപന നിയമത്തിന്റെ മറവിൽ വൻതോതിൽ സ്പിരിറ്റ് ലോറികൾ അതിർത്തി കടന്ന് കേരളത്തിലെത്തുന്നു. ജി.എസ്.ടി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതല്ലെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചു പൊതുവിൽപന നിയമത്തിന്റെ രേഖകൾ മാത്രം വാഹനത്തിൽ സൂക്ഷിച്ചാണ് സ്പിരിറ്റ് ലോറികൾ കേരള-കർണാടക അതിർത്തി കടന്നുവരുന്നത്. 
അടുത്ത കാലത്തായി ഈ രീതിയിൽ നികുതി അടക്കാതെ നിരവധി ലോറികൾ സ്പിരിറ്റുമായി സംസ്ഥാനത്തേക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ജി.എസ്. ടിയുടെ പരിധിയിൽ വരുന്നതും നിയമപ്രകാരം 18 ശതമാനം നികുതി അടക്കേണ്ടതുമായ ലോഡാണ് ഈ രീതിയിൽ കേരള അതിർത്തി കടക്കുന്നത്. അതിർത്തിയിലെ എക്‌സൈസ് ചെക്ക്പോസ്റ്റിൽ റിക്കാർഡ് ചെയ്തു പെർമിറ്റ് കൊടുത്തുവിടുന്ന ലോറികളാണ് സ്പിരിറ്റുമായി ഇങ്ങോട്ട് വരുന്നത് എന്നതാണ് ഏറെ വിചിത്രം. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് സംസ്ഥാനത്തെ മദ്യനിർമാണ ശാലകളിലേക്ക് സ്പിരിറ്റ് കയറ്റിവരികയായിരുന്ന ലോറികൾ ചരക്ക് സേവന നികുതി വകുപ്പ് ഉദ്യോഗസ്ഥർ കേരള അതിർത്തിയിലെ ഹൊസങ്കടി ചെക്ക് പോസ്റ്റിൽ തടഞ്ഞതോടെയാണ് ജി.എസ്.ടി അടക്കാതെ സ്പിരിറ്റ് ലോറികൾ അതിർത്തി കടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചരക്ക് സേവന നികുതി വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തലവനായ അസിസ്റ്റന്റ് കമ്മീഷണർ പ്രഭാകരന്റെ നേതൃത്വത്തിൽ ഓൺലൈൻ പരിശോധന നടത്തിയതോടെയാണ് ജി.എസ്.ടി നിയമ പ്രകാരം നികുതി അടക്കാതെ സ്പിരിറ്റ് ലോറികൾ വരുന്ന കാര്യം കണ്ടുപിടിച്ചത്. ഓൺലൈനിൽ ഇ-വേ ബില്ല് പരിശോധന നടത്താൻ സംവിധാനം ഏർപ്പെടുത്തിയതോടെ ബന്ധപ്പെട്ട സെക്ഷൻ 129 പ്രകാരം ഡിക്ലറേഷൻ ഇല്ലാതെ അതിർത്തി കടക്കുന്ന വാഹനങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ അധികൃതർക്ക് കഴിയുന്ന സാഹചര്യം വന്നിരിക്കുകയാണ്. ബില്ലിലെ നമ്പർ സ്‌കാൻ ചെയ്തു പരിശോധന നടത്തിയാൽ ജി.എസ്.ടി അടച്ചതാണോ അല്ലയോ എന്ന് കണ്ടെത്താൻ കഴിയുകയും നികുതി അടച്ചില്ലെങ്കിൽ നിയമപ്രകാരമുള്ള പിഴ ഈടാക്കാനും കഴിയും. 'വ്യക്തികൾക്ക് നേരിട്ട് കുടിക്കാൻ പറ്റുന്ന മദ്യം' മാത്രമാണ് കേരള നിയമത്തിന്റെ പരിധിയിൽ വരുന്നത്. എന്നാൽ അതിർത്തി കടന്നെത്തുന്നത് മദ്യം ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത സാധനമായ സ്പിരിറ്റ് ആണ്. അത് കേരള നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും സ്പിരിറ്റിന് ജി.എസ്.ടി പ്രകാരമുള്ള നികുതി അടക്കണമെന്നുമാണ് അധികൃതരുടെ വാദം. ചരക്ക് സേവന നികുതി നിയമം നടപ്പിലാക്കിയതിനുശേഷം മദ്യം ജി.എസ്.ടിയുടെ പരിധിയിൽ വരാത്തതിനാൽ ചെക്ക് പോസ്റ്റിൽ ഇവ തടയാറില്ലായിരുന്നു. നികുതിവെട്ടിച്ച് സ്പിരിറ്റ് കടത്തുന്നു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ലോറികൾ പിടിച്ചെടുക്കാൻ തുടങ്ങിയത്. അതേസമയം സ്പിരിറ്റ് ഉൽപാദക കമ്പനികൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് തർക്കം നിലനിൽക്കുന്നുണ്ടെന്നും കോടതിയുടെ അന്തിമ ഉത്തരവ് പുറത്തുവന്നില്ലെന്നും പറയുന്നു. മഞ്ചേശ്വരം ചെക്ക്പോസ്റ്റിൽ തടഞ്ഞതിൽ ലോറികളുടെ ഉടമകളായ രണ്ടു കമ്പനികൾ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. വാദഗതി അംഗീകരിച്ചു രണ്ടു ശതമാനം പിഴ ഈടാക്കി ബാങ്ക് ഗ്യാരണ്ടി വെച്ച ശേഷം നോട്ടീസ് നൽകി തടഞ്ഞ ലോറികൾ പോകാൻ അനുവദിച്ചു. 14 സ്പിരിറ്റ് ലോറികൾ ചരക്ക് സേവന നികുതി വകുപ്പ് ചെക്ക്‌പോസ്റ്റിലും 20 സ്പിരിറ്റ് ലോറികൾ എക്‌സൈസ് ചെക്ക്‌പോസ്റ്റിലും കിടക്കുകയാണ്. ഓരോ ദിവസവും കൂടുതൽ സ്പിരിറ്റ് ലോറികൾ അതിർത്തിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്മസ്, പുതുവത്സര ആഘോഷം പൊടിപൊടിക്കാൻ മദ്യം ഒഴുക്കുന്നതിനായി കൊണ്ടുവരുന്ന സ്പിരിറ്റ് ലോറികളാണ് ചെക്ക്പോസ്റ്റിൽ കുടുങ്ങിയത്. 
നിയമപ്രകാരം ജി.എസ്.ടി അടക്കാതെ അതിർത്തി കടന്നുവരുന്ന ലോഡുകളുടെ ഓൺലൈൻ പരിശോധന കർശനമാക്കും. ഇതിനായി അസി. സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരുടെ നേതൃത്വത്തിൽ 18 ഓളം സ്‌ക്വാഡുകളെ കേരള അതിർത്തിയിൽ നിയോഗിച്ചിട്ടുണ്ട്.

 

Latest News