മറയ്ക്കാത്ത തലകളും തലയില്ലാത്ത മാധ്യമങ്ങളും

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവില്‍നിന്ന് പ്രസിഡന്റ് ട്രംപ് അബ്ദുല്‍ അസീസ് അല്‍ സൗദ് മെഡല്‍ സ്വീകരിച്ച റോയല്‍ കോര്‍ട്ടിലെ ചടങ്ങില്‍  മിലാനിയ ട്രംപ്  കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനോടൊപ്പം.

സൗദി അറേബ്യയിലെത്തുന്ന വിദേശ വനിതകള്‍ തല മറയ്ക്കണമെന്ന ഒരു നിബന്ധനയും ഈ രാജ്യത്തില്ലെങ്കിലും വിദേശ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും പലപ്പോഴും അബദ്ധങ്ങള്‍ എഴുന്നള്ളിക്കാറുണ്ട്. രാഷ്ട്രത്തലവന്മാരോടൊപ്പം എത്തുന്ന പ്രഥമ വനിതകള്‍ തല മറച്ചിട്ടില്ലെങ്കില്‍ അതു വലിയ വിപ്ലവമാക്കി അവതരിപ്പിക്കുകയാണ് വാര്‍ത്താ ഏജന്‍സികളുടെ രീതി.

സൗദി അറേബ്യയിലെ ഡ്രസ് കോഡ് ലംഘിച്ചുകൊണ്ട് പ്രഥമ വനിതകള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വലിയ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചതെന്ന് വിശദീകരിക്കുകയും ചെയ്യും.

പ്രഥമ വനിതകള്‍ മാത്രമല്ല, വിദേശ വനിതികളായ ആരും ഇവിടെ ശിരോവസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധമില്ല.

വിദേശ പര്യടനത്തിനു തുടക്കം കുറിച്ചുകൊണ്ട് സൗദി അറേബ്യയിലെത്തിയ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടൊപ്പം എത്തിയ പ്രഥമവനിത മെലാനിയ ട്രംപ് ശിരോവസ്ത്രം ധരിക്കാത്തതും പതിവു പോലെ വാര്‍ത്തയായി. മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പത്്‌നി മിഷേല്‍ ഒബാമയും ശിരോവസ്ത്രമില്ലാതെ സൗദിയിലെത്തിയത് വാര്‍ത്തായായിരുന്നു.

എന്നാല്‍ ഇക്കുറി വാര്‍ത്തകളിലൊരു പുതുമയുണ്ട്. 2015 ല്‍ മിഷേല്‍ ശിരോ വസ്ത്രമില്ലാതെ സൗദി സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ചയാളായിരുന്നു ട്രംപ്. 2015 ജനുവരിയില്‍ ഒബാമയോടൊപ്പം എത്തിയ മിഷേല്‍ ശിരോവസ്ത്രം ധരിക്കാത്തത്  ശരിയായില്ലെന്നായിരുന്നു അന്ന് ട്രംപിന്റെ വിമര്‍ശനം.

മിസിസ് ഒബാമ സൗദി അറേബ്യയില്‍  ശിരോവസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചത് വലിയ കാര്യമായാണ് എല്ലാവരും പറയുന്നത്. എന്നാല്‍ അവരെ പരിഹസിച്ചിരിക്കയാണ്. നമുക്ക് വേണ്ടത്ര ശത്രുക്കളുണ്ട്.. ഇതായിരുന്നു അന്നത്തെ ട്രംപിന്റെ ട്വീറ്റ്.

ഈ വര്‍ഷാദ്യം സൗദി അറേബ്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ എന്നിവരും ശിരോവസ്ത്രം ധരിച്ചിരുന്നില്ല. നേരത്തെ പ്രഥമ വനിത ലോറ ബുഷ് സൗദി സന്ദര്‍ശിച്ചപ്പോള്‍ പൊതുവെ ശിരോവസ്ത്രം ഒഴിവാക്കിയെങ്കിലും സമ്മാനം സ്വീകരിച്ച ചടങ്ങില്‍ അവര്‍ കുറച്ചുനേരം ശിരോവസ്ത്രം ധരിച്ചിരുന്നു.

ഇപ്പോള്‍ ട്രംപിനോടൊപ്പം സൗദിയിലുള്ള മകളും വൈറ്റ് ഹൗസ് ഉപദേശകയുമായ ഇവാന്‍കയും ശിരോവസ്ത്രം ധരിച്ചിട്ടില്ല.

 

Latest News