'ലക്ഷം ലക്ഷം പിന്നാലെ'യുടെ നാളുകൾ തീർന്നതറിഞ്ഞു തുടങ്ങിയ പാർട്ടികൾ

എത്രയോ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് ആവേശം നിറച്ച തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ നിറഞ്ഞ ഗാലറികളിലും സദസ്സിലും കഴിഞ്ഞ ദിവസം കണ്ട ജനാവേശം കോൺഗ്രസിനും ഘടകകക്ഷികൾക്കും നൽകുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ചെറുതായിരിക്കില്ല. ശത്രുഘ്‌നൻ സിൻഹയുടെ നിലപാടാകട്ടെ കേന്ദ്രം ഭരിക്കുന്ന കക്ഷിയെ വല്ലാതെ അതിന്റെ ആത്മാവിൽ  ക്ഷീണിപ്പിക്കുന്നതാണെന്ന കാര്യവും ഉറപ്പ്. ഒരു ദിവസം നടന്ന രണ്ട് ചടങ്ങുകൾ ഇന്ത്യൻ രാഷ്ട്രീയത്തിലും അടയാളപ്പെടുന്നത് ഇങ്ങിനെയൊക്കെയായിരിക്കും

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന രണ്ട് ചടങ്ങുകൾ പ്രധാനപ്പെട്ട രാഷ്ട്രീയ ചലനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.  ബി.ജെ.പി. നേതാവും എം.പിയുമായ ശത്രുഘ്‌നൻ സിൻഹ കോൺഗ്രസ് വേദിയിലെത്തി, കേന്ദ്ര സർക്കാരിനെയും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അതിനിശിതമായി വിമർശിച്ചതായിരുന്നു  അവയിൽ പ്രധാനം. മറ്റൊന്ന് കോൺഗ്രസിന്റെ ദീർഘകാല രാഷ്ട്രീയ ബന്ധുവായ മുസ്‌ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗ്,  പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ  യുവജയാത്രയുടെ  സമാപനത്തോടനുബന്ധിച്ചു നടന്ന പരിപാടികളും.  'വൺമാൻ ഷോ' 'ടൂ മെൻ ആർമി' എന്നൊക്കെയുള്ള പരിഹാസ പദങ്ങളിൽ സ്വന്തം പാർട്ടിക്കാരനായ പ്രധാനമന്ത്രി മോഡിയെയും അമിത്ഷായെയും പരാമർശിച്ച സിൻഹ ശരിക്കും സദസ്സിനെ ഞെട്ടിക്കുക തന്നെ ചെയ്തു. നരേന്ദ്രമോഡിയെ വിമർശിച്ച് ശശി തരൂർ എം.പി. രചിച്ച 'ദി പാരഡോക്‌സിക്കൽ െ്രെപംമിനിസ്റ്റർ' എന്ന പുസ്തകത്തിന്റെ പ്രകാശന വേദിയായിരുന്നു രംഗം. 
നോട്ട് നിരോധനത്തെയും,  ജി.എസ്.ടിയെയും  രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ നടപടികളായാണ് സിൻഹ വിലയിരുത്തിയത്. 'ചായ വിൽക്കാത്ത ചായക്കടക്കാരന് പ്രധാനമന്ത്രിയാകാമെങ്കിൽ തനിക്ക് നോട്ടുനിരോധനത്തെക്കുറിച്ചും വിമർശിക്കാം. വൈരുധ്യങ്ങൾ നിറഞ്ഞതാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയും വാക്കുകളും 
'പാർട്ടിക്കാരനായ പ്രധാനമന്ത്രിക്കെതിരെയുള്ള കടന്നാക്രമണ ഘട്ടത്തിൽ സിൻഹയുടെ വാക്കുകൾ ദയാരഹിതമായി.
'ഹിന്ദു അധിഷ്ഠിത മോഡിത്വ അജണ്ട'യാണ് രാജ്യത്ത്  നടപ്പാക്കുന്നതെന്ന നവ നിരീക്ഷണം വഴി സിൻഹയുടെ വാക്കുകൾക്ക് അടിവരയിട്ട  ശശി തരൂർ 
പ്രസംഗത്തിനിടെ, ശത്രുഘ്ൻ സിൻഹയെ കോൺഗ്രസിലേക്ക് ക്ഷണിക്കുക കൂടി ചെയ്തതോടെ എന്തെല്ലാമോ  രാഷ്ട്രീയ ദൗത്യങ്ങൾ  പൂർത്തിയാകുന്ന പ്രതീതി. 'നിങ്ങളെപ്പോലുള്ളവർക്കും കോൺഗ്രസിൽ ഇടമുണ്ട്. താങ്കളുടെ പാർട്ടിയുടെ സർക്കാരിനെ  താങ്കളിപ്പോൾ ശരിയാം വണ്ണം വിലയിരുത്തിയിരിക്കുന്നു. സിനിമയിൽ വില്ലനായിട്ടായിരുന്നു അങ്ങയുടെ അരങ്ങേറ്റം. കാണെ, കാണെ താങ്കൾ ഹീറോയായി.  ബി.ജെ.പിയിലും താങ്കൾ ഹീറോ ആയിരുന്നു. ഇപ്പോഴിതാ വില്ലൻ.  കോൺഗ്രസിലും യു.പി.എയിലും താങ്കളെപ്പോലുള്ള ഹീറോസിന് ഇനിയുമിനിയും ഇടമുണ്ട്.  എപ്പോഴാണോ അങ്ങയ്ക്ക് ഇപ്പോൾ പാർക്കുന്ന വീട് കൊള്ളില്ലെന്ന് തോന്നുന്നത് ആ നിമിഷം താങ്കൾക്ക് മാറി ചിന്തിക്കാം. കോൺഗ്രസ് ചുവപ്പുപരവതാനി വിരിച്ച് താങ്കളെ സ്വീകരിക്കാൻ തയ്യാറാണ്.' ഡോ. തരൂർ തന്റെ പ്രിയ വീടായ കോൺഗ്രസിലേക്ക്  മറയില്ലാതെ സിൻഹയെ ക്ഷണിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.പി.എ ഘടക കക്ഷി കൂടിയായ മുസ്‌ലിം ലീഗിന്റെ ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെല്ലാം അണിനിരന്ന വേദിയിലായിരുന്നു ഈ ബുദ്ധിപൂർവ്വകമായ രാഷ്ട്രീയ ചലനങ്ങൾ.
ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസും കെ.പി.സി.സി. വിചാർ വിഭാഗും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഇപ്പറഞ്ഞ രണ്ട് കോൺഗ്രസ് സംഘടനകളുടെയും പരിപാ ടികൾക്ക് അടുത്ത കാലത്തായി ശശി തരൂർ ടച്ച് കണ്ടു വരുന്നുണ്ട്. ഫലമാകട്ടെ അവയെല്ലാം അത്ര ചെറുതല്ലാത്ത രാഷ്ട്രീയ ചലനങ്ങൾക്കും കാരണമാകുന്നു.
യൂത്ത് ലീഗ് ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി കുറച്ചു കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. അവയിലൊന്നായിരുന്നു കോൺഗ്രസിന്റെ കർണ്ണാടക താരം ഡി.കെ. ശിവകുമാറിനെ സദസ്സിന് പരിചയപ്പെടുത്തൽ. 'ഡി.കെ. എന്നു മാത്രം പറഞ്ഞാൽ മതി കേരള ജനത അങ്ങയെ തിരിച്ചറിയും.' കുഞ്ഞാലിക്കുട്ടി ഇത്രയും പറഞ്ഞപ്പോൾ  തിരുവനന്തപുരം  സെൻട്രൽ സ്‌റ്റേഡിയത്തിലെ നിറഞ്ഞ സദസ്സ് അപ്പറഞ്ഞത് ശരി വെച്ച് നടത്തിയ ആരവം ഡി.ശിവകുമാറിന് വലിയ ആവേശമായിട്ടുണ്ടാകുമെന്നുറപ്പ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ സമീപകാല മാറ്റത്തിന് കർണ്ണാടകയിൽ തുടക്കമിട്ട നേതാവാണദ്ദേഹം.  'സാധ്യമാണ്'  എന്ന പ്രതീക്ഷ പകർന്ന നേതാവ്. 
കേരളത്തിലെ മുഖ്യ യു.പി.എ ഘടകകക്ഷിയുടെ യുവജന വിഭാഗം നടത്തിയ പ്രൗഢമായ രാഷ്ട്രീയ പരിപാടി ഡി.കെയിലുണ്ടാക്കിയ അനുകൂല ധാരണ മുഴുവനായി  അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഇങ്ങിനെ ലീഗ് പ്രശംസയായി  'ഇന്ത്യയുടെ മതേതര ദീപം അണയാതെ കാത്ത്  സൂക്ഷിക്കാൻ ലീഗ് എന്നും മുൻപന്തിയിലുണ്ടായിരുന്നു.  
സാമുദായികതയും വർഗീയതയും പറഞ്ഞല്ല ലീഗ് വോട്ടു നേടുന്നത്. മറ്റ് സമുദായക്കാരുടെയും വോട്ട് നേടി തെരഞ്ഞെടുപ്പിൽ ജയിക്കുന്ന ലീഗ്, വർഗീയത മാത്രം പറയുന്ന സംഘ് പരിവാറിൽനിന്ന് വേറിട്ട വഴികളിൽ സഞ്ചരിക്കുന്നു.' ലീഗിനെ കുറിച്ചുള്ള ഡി.കെയുടെ രാഷ്ട്രീയ നിരീക്ഷണം മുഖ്യഘടകകക്ഷിക്ക് ഊർജം പകരുന്നതായി.  സി.പി.എമ്മിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനെ വോട്ട് വേസ്റ്റാക്കലായാണ് ഡി.കെ കണ്ടത്.  കാരണം അവർക്ക് ഇന്ത്യ ഭരിക്കാനോ ,ഭരിക്കാൻ കഴിയുന്ന നേതാവിനെ കണ്ടെത്താനോ സാധിക്കില്ല-  യു.ഡി.എഫിന്റെ കേരളത്തിലെ മുഖ്യ എതിരാളിയെ ശിവകുമാർ ആ വിധത്തിലാണ് നിസ്സാരവൽക്കരിച്ചത്. മുഖ്യ പ്രസംഗകനായ  പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയാകട്ടെ തന്റെ പ്രസംഗത്തിലുടനീളം സദസ്സ് പ്രകടിപ്പിച്ച ആവേശം കണ്ട് നിലത്തും നിലയിലുമല്ലാത്ത അവസ്ഥയിലായിരുന്നു. കേരളത്തിലും, കേരളത്തിന് പുറത്തും കോൺഗ്രസും ഘടകകക്ഷികളും ഇതാ ജയിച്ചു കയറിയിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കാൻ സാധിച്ച വേദിയും സദസ്സും. 
 എത്രയോ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് ആവേശം നിറച്ച  തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ നിറഞ്ഞ ഗാലറികളിലും സദസ്സിലും കഴിഞ്ഞ ദിവസം കണ്ട ജനാവേശം കോൺഗ്രസിനും ഘടകകക്ഷികൾക്കും നൽകുന്ന ആത്മവിശ്വാസവും  പ്രതീക്ഷയും ചെറുതായിരിക്കില്ല. ശത്രുഘ്‌നൻ സിൻഹയുടെ നിലപാടാകട്ടെ കേന്ദ്രം ഭരിക്കുന്ന കക്ഷിയെ വല്ലാതെ അതിന്റെ ആത്മാവിൽ  ക്ഷീണിപ്പിക്കുന്ന താ ണെന്ന കാര്യവും ഉറപ്പ്. ഒരു ദിവസം നടന്ന രണ്ട് ചടങ്ങുകൾ ഇന്ത്യൻ രാഷ്ട്രീയത്തിലും അടയാളപ്പെടുന്നത് ഇങ്ങനെയൊക്കെയായിരിക്കും. 
ദുരിതാശ്വാസ മേഖലയിൽ ഫലപ്രദമായി ഇടപെടാനായി യൂത്ത് ലീഗ് രൂപം കൊടുത്ത, 15,000  പേരടങ്ങുന്ന വൈറ്റ് ഗാർഡിന്റെ  സമർപ്പണവും ഇതേ വേദിയിൽ നടന്നു.  ഒരു ചലനവും സൃഷ്ടിക്കാതെ കഴിഞ്ഞു തീർന്നു പോകുന്ന രാഷ്ട്രീയ വേസ്റ്റുകളിൽ നിന്ന് ഇത്തരം പരിപാടികൾ വേറിട്ട് നിൽക്കുന്നത് ഇതൊക്കെ കൊണ്ടാണ്. ആളുകൾ സ്റ്റീരിയോ ടൈപ്പുകൾ കണ്ട് വല്ലാതെ മടുത്ത സംഗതി പാർട്ടികൾക്കും മനസ്സിലായി തുടങ്ങിയാൽ അവർക്ക് നന്ന്. എണ്ണാമെങ്കിൽ എണ്ണിക്കോ, ലക്ഷം, ലക്ഷം  പിന്നാലെ എന്നൊക്കെയുള്ള കാലം എന്നേ കഴിഞ്ഞു പോയിരിക്കുന്നു.

Latest News