ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പു ഫലങ്ങളുടെ പ്രതികരണങ്ങൾ സാമൂഹ്യ ജീവിതത്തിൽ പ്രകടമായി തുടങ്ങി. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സമൂഹ മാധ്യമങ്ങൾ എല്ലാം സർവഗുണ സമ്പന്നമാണെന്ന അഭിപ്രായമൊന്നുമില്ല. വ്യാജ വാർത്തകളും കിംവദന്തികളും ആവശ്യത്തിലേറെ സൈബറിടങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. എങ്കിലും ലോകമെങ്ങും കോടിക്കണക്കിനാളുകൾക്ക് ആശ്രയമായ ബദൽ വാർത്താ വിനിമയ സംവിധാനം നിലനിൽക്കേണ്ടതുണ്ട്.
സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാൻ ഐ.ടി ആക്ടിൽ ഭേദഗതി വരുത്താനാണ് കേന്ദ്ര സർക്കാർ നീക്കം. നിയമ വിരുദ്ധമെന്ന് ബോധ്യപ്പെടുന്ന ഉള്ളടക്കം നിയന്ത്രിക്കാനും നിശ്ചിത സമയത്തിനുള്ളിൽ നീക്കം ചെയ്യാനും സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി. ഇതിനായി അഞ്ചു പേജുള്ള കരട് റിപ്പോർട്ട് ഐ.ടി മന്ത്രാലയം തയാറാക്കി. ഐ.ടി നിയമത്തിലെ മൂന്നാം വകുപ്പിൽ പുതിയ ഉപവിഭാഗം കൂട്ടിച്ചേർത്താണ് ഭേദഗതി. പുതു വർഷത്തിലെ ആദ്യ ആഴ്ചക്കകം അഭിപ്രായമറിയിക്കാൻ ഫേസ്ബുക്ക്,ഗൂഗിൾ, വാട്‌സാപ്പ്, യാഹു, ട്വിറ്റർ തുടങ്ങിയ ഇന്റർനെറ്റ് സേവനദാതാക്കളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 50 ലക്ഷത്തിന് മുകളിൽ വരിക്കാരുള്ള സമൂഹ മാധ്യമങ്ങൾ സർക്കാർ അന്വേഷണ ഏജൻസികളെ സഹായിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും സർക്കാർ അന്വേഷണങ്ങൾക്ക് 72 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നും കരട് റിപ്പോർട്ടിലുണ്ട്. ലോകത്തെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃകയായ ഇന്ത്യയിലാണ് ഇത്തരമൊരു നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയിൽ കടിഞ്ഞാണിടാൻ നടക്കുന്നവർക്ക് ബ്രിട്ടനിലൊരു മുൻഗാമിയുണ്ട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഫേസ്ബുക്ക് ജനാധിപത്യത്തിനുതന്നെ വെല്ലുവിളിയാകുമെന്ന് ബ്രിട്ടൻ രഹസ്യാന്വേഷണവിഭാഗം മുൻ മേധാവി റോബർട്ട് ഹന്നഗൻ ബിബിസി റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആശയവിനിമയത്തിനുള്ള വെബ്‌സൈറ്റ് മാത്രമല്ല ഇതെന്നാണ് അദ്ദേഹത്തിന്റെ വാദം. ലോകത്തെ ഏറ്റവും വലിയ പരസ്യപലകയാണ്. ശതകോടികളാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ വഴി അവർക്ക് ലഭിക്കുന്നത്. വ്യക്തിപരമായ വിവരം ശേഖരിച്ച് അതിനെ വിറ്റ് കാശാക്കുകയാണ് അവർ ചെയ്യുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിനേക്കാൾ വിവരങ്ങൾ ലാഭകരമായി ഉപയോഗിക്കാനാണ് ഫേസ്ബുക്കിന് താൽപര്യമെന്നും റോബർട്ട് ഹന്നഗൻ ആരോപിച്ചിരുന്നു. ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്കും സ്വകാര്യ കമ്പനികൾക്കും ഫേസ്ബുക്ക് കൈമാറുന്നുവെന്ന ആരോപണം വിവാദമായിരുന്നു.

പരസ്യവരുമാനം വർധിപ്പിക്കുന്നതിനായി ഉപയോക്താക്കളുടെ ഫോൺ നമ്പർ ഉപയോഗിച്ചെന്ന് ഫേസ്ബുക്ക് കുറ്റസമ്മതം നടത്തിയിരുന്നു. ഫേസ്ബുക്ക് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നൽകിയ ഫോൺ നമ്പറുകളാണ് പരസ്യം നൽകുന്നതിന് ഉപയോഗപ്പെടുത്തിയത്.
ഇന്ത്യയിൽ സമൂഹ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടണമെന്ന് ഭരണാധികാരികൾക്ക് പെട്ടെന്ന് തോന്നിയതല്ല. ഏതാനും ദിവസങ്ങൾക്കപ്പുറം പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാൻ പത്ത് കേന്ദ്ര ഏജൻസികൾക്ക് അധികാരം നൽകിയിരുന്നു. ദേശീയ സുരക്ഷാ ഏജൻസി മുതൽ ധനമന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജൻസികൾക്കു വരെയാണ് കംപ്യൂട്ടറുകളിൽ നുഴഞ്ഞു കയറാനും വിവര ശേഖരം ചികഞ്ഞു നോക്കാനും അധികാരം നൽകിയത്. വ്യക്തികളുടെ സ്വകാര്യത ജനാധിപത്യത്തിലെ മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ വിധിയെയും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശം ഒരു സാധാരണ ഉത്തരവിലൂടെയാണ് ഇല്ലാതാക്കിയത്. ഇന്ത്യയിൽ അഞ്ഞൂറ്, ആയിരം നോട്ടുകൾ റദ്ദാക്കിയ കേന്ദ്ര തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചത് രാത്രിയിലായിരുന്നു. അതേ പോലെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറാൻ അനുവദിക്കാനുള്ള തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഈ മാസം ഇരുപതിന് രാത്രിയിലായിരുന്നു.
ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമം നടക്കുന്നത് ഇതാദ്യമല്ല. 1975 ൽ ഇന്ദിരാഗാന്ധി പ്രസ് സെൻസർഷിപ്പ് ഏർപ്പെടുത്തിയ കാലത്താണ് ഭരണകൂടം പത്രങ്ങളെ നിയന്ത്രിച്ചാലുണ്ടാവുന്ന ഭവിഷ്യത്ത് ഇന്ത്യൻ സമൂഹം അടുത്തറിഞ്ഞത്.
വ്യാജ വാർത്ത നൽകുന്ന മാധ്യമ പ്രവർത്തകർകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ രണ്ട് വർഷത്തെ ട്രെയിനിംഗും ഒരു വർഷത്തെ പ്രൊബേഷനും കഴിഞ്ഞ ശേഷമാണ് ജോലിയിൽ സ്ഥിരപ്പെടുത്തുക. ലേഖകനായി ജില്ലാ ആസ്ഥാനത്ത് ഏതാനും വർഷങ്ങൾ ജോലി ചെയ്ത മാധ്യമ പ്രവർത്തകന് സർക്കാർ നൽകുന്ന അംഗീകാരമാണ് അക്രഡിറ്റേഷൻ. ട്രാൻസ്‌പോർട്ട് ബസിലെയും ട്രെയിനിലെയും സൗജന്യ യാത്രയ്ക്ക് അപ്പുറം പലതുമാണ് അക്രഡിറ്റേഷൻ. ഭാരത സർക്കാർ ഒരാളെ മാധ്യമ പ്രവർത്തകനെന്ന നിലയിൽ അംഗീകരിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്. അക്രഡിറ്റഡ് ജേണലിസ്റ്റിന് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നു. ഒരർഥത്തിൽ റിപ്പോർട്ടർമാരുടെ ചിറകാണ് അക്രഡിറ്റേഷൻ കാർഡ്. ഇത് മുറിച്ചു കളയാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തി പ്രതിഷേധം രൂക്ഷമായപ്പോൾ പിന്മാറിയത്. വ്യാജ വാർത്ത പടച്ചു വിട്ടാൽ പിന്നെ ലേഖകന് അംഗീകാരമില്ല. എഴുതിയത് വ്യാജമാണോ അല്ലയോ എന്നത് തീരുമാനിക്കേണ്ടതാരെന്ന ചോദ്യവും അവശേഷിക്കുന്നു.
പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തത് വ്യാജ വാർത്തയാണെങ്കിൽ ആദ്യം ആറു മാസത്തേക്ക് അക്രഡിറ്റേഷൻ റദ്ദാക്കാനായിരുന്നു നീക്കം. രണ്ടാം തവണയും കുറ്റം ആവർത്തിച്ചാൽ ഒരു വർഷത്തേക്കും മൂന്നാമതും ആവർത്തിച്ചാൽ അക്രഡിറ്റേഷൻ സ്ഥിരമായി റദ്ദാക്കുമെന്നുമായിരുന്നു കൽപന. ലഭിക്കുന്ന പരാതികൾ ഉടൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ എന്നിവർക്ക് കൈമാറി സർക്കാർ ഉപദേശം തേടും. 15 ദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് സമിതികൾ സർക്കാരിന് തിരിച്ചു നൽകണം. സമിതികൾ റിപ്പോർട്ട് നൽകുന്നതുവരെ ആരോപിതരായ മാധ്യമ പ്രവർത്തകരുടെ അംഗീകാരം മരവിപ്പിക്കാനാണ് ഉദ്ദേശിച്ചത്.
കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നപ്പോഴാണ് വ്യാജ വാർത്താ സർക്കുലർ പിൻവലിച്ചത്. മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ആസൂത്രിതമായ നീക്കം ആണ് ഇതെന്ന പരാതിയും ഉയർന്നിരുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചതോടെയാണ് സർക്കാർ സമ്മർദ്ദത്തിലായതും സർക്കുലർ റദ്ദാക്കിയത്. മാധ്യമമെന്നത് ദിനപത്രങ്ങൾ മാത്രമല്ല. റേഡിയോയും ടെലിവിഷനും ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളുമെല്ലാം ചേർന്നാണ് ഈ ധർമം നിറവേറ്റുന്നത്.
1984 ൽ അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട കാര്യം ജനമറിഞ്ഞത് റേഡിയോയിലൂടെയായിരുന്നു. ബി.ബി.സി റേഡിയോയുടെ ശ്രോതാക്കൾ അൽപം ഗമയോടെ ആദ്യമറിഞ്ഞത് തങ്ങളാണെന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചപ്പോൾ ഏറെയൊന്നും വൈകാതെ ആകാശവാണിയും പ്രാദേശിക, ദേശീയ സംവിധാനങ്ങളിലൂടെ കോടിക്കണക്കിന് ശ്രോതാക്കളെ വിവരമറിയിക്കുകയുണ്ടായി.
കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കാൻ തയാറായത് വെറുതെയല്ല. ഇന്ത്യയിലെ മാധ്യമ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് അക്രഡിറ്റേഷൻ റദ്ദാക്കൽ ഭീഷണി ഒഴിഞ്ഞു മാറിയത്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഫെഡറേഷൻ ഓഫ് പ്രസ് ക്ലബ്‌സും എഡിറ്റേഴ്‌സ് ഗിൽഡും ശക്തമായ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
125 കോടി ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയിൽ ഭാഷാ പത്രങ്ങൾ പ്രചാരത്തിൽ സർവകാല റെക്കോർഡ് സൃഷ്ടിക്കുകയാണ്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം ഉത്തരേന്ത്യയിലെ ഹിന്ദി പത്രങ്ങൾ ആദ്യ മൂന്ന് സ്ഥാനങ്ങളിലാണ്. ഇന്ത്യയിൽ തലയെടുപ്പുള്ള ഇംഗ്ലീഷ് പത്രങ്ങളും നിരവധി. സ്വാതന്ത്ര്യമുണ്ടെന്ന് വെച്ച് എന്തും എഴുതി പ്രസിദ്ധപ്പെടുത്താനുള്ള സ്വാതന്ത്ര്യമൊന്നും ഇന്ത്യയിലെ പത്രങ്ങൾക്കില്ല. എല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പത്രങ്ങളെ ഇടക്കൊക്കെ ശാസിക്കാറുണ്ട്.






