സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്ത ഐ.എസ് ഭീകരർ അറസ്റ്റിൽ

ന്യൂദൽഹി- ദൽഹിയിലും ഉത്തരേന്ത്യയിൽ വിവിധയിടങ്ങളിലും സ്‌ഫോടനം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കപ്പെടുന്ന പത്തംഗ സംഘത്തെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഹർക്കത്തുൽ ഹർബെ ഇസ്‌ലാം എന്ന പേരിൽ അറിയപ്പെടുന്ന സംഘടനയുടെ അംഗങ്ങളാണ് പിടിയിലായവർ എന്ന് സംശയിക്കപ്പെടുന്നു. സംഘടനക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  
ഉത്തർപ്രദേശിലും ദൽഹിയിലും നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് അറസ്റ്റ്. എൻ ഐ എയും ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് അഞ്ച് പേർ പിടിയിലായത്. അംറോഹ ജില്ലയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്ന്  ഭീകര വിരുദ്ധ സ്‌ക്വാഡ് തലവൻ അസീം അരുൺ ലഖ്‌നോവിൽ മാധ്യമങ്ങളോട് പറഞ്ഞു.
ദൽഹി പൊലീസിന്റെ പ്രത്യേക ഭീകര വിരുദ്ധ വിഭാഗത്തിന്റെ സഹായത്തോടെ ബാക്കി അഞ്ചു പേരെ വടക്കു കിഴക്കൻ ദൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 
സംശയാസ്പദമായ നീക്കങ്ങളെത്തുടർന്ന് സംഘം കുറച്ചു കാലമായി എൻ ഐ യുടെ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാവിലെ തുടങ്ങിയ തെരച്ചിൽ തുടരുകയാണ്. തെരച്ചിലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
 

Latest News