മോഡി വിദേശ യാത്ര നിര്‍ത്തി 

ന്യൂഡല്‍ഹി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത പരാജയം പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനത്തേയും ബാധിച്ചതായി സൂചന. വിദേശ സന്ദര്‍ശനം ഒഴിവാക്കി പകരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധയൂന്നാനാണ് തത്കാലം തീരുമാനം. 
2019ലെ ആദ്യ നാല് മാസങ്ങളില്‍ പ്രധാനമന്ത്രി വിദേശരാജ്യങ്ങളിലൊന്നും സന്ദര്‍ശനം നടത്തില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയില്‍ നിര്‍ബന്ധമായി പങ്കെടുക്കേണ്ട ചടങ്ങുകള്‍ ഇല്ലാത്തതിനാലാണ് വിദേശ പര്യടനമില്ലാത്തതെന്നാണ് ഇതിന് നല്‍കുന്ന വിശദീകരണം. 
പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്ന അവസരത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യം സന്ദര്‍ശിച്ച ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണ്. കഴിഞ്ഞ വര്‍ഷം 14 തവണയാണ് നരേന്ദ്രമോദി വിദേശസന്ദര്‍ശനം നടത്തിയത്. ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം തന്നെ മോദി ഈ നാലരവര്‍ഷം കൊണ്ട് സന്ദര്‍ശിച്ചിരുന്നു. കണക്കുപ്രകാരം അദ്ദേഹം 84 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. അധികാരത്തിലെത്തിയ ശേഷം വിദേശ രാജ്യ സന്ദര്‍ശനത്തിനായി മാത്രം മോദി 2000 കോടി രൂപ ചെലവിട്ടെന്ന് പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ മന്ത്രി വി.കെ സിംഗ് വെളിപ്പെടുത്തിയിരുന്നു. 
മുന്‍പ്, വിവരാവകാശ നിയമ പ്രകാരം, മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട ചെലവുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. തുടര്‍ച്ചയായി പ്രധാനമന്ത്രി  നടത്തുന്ന വിദേശസന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. 
ഇക്കഴിഞ്ഞ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രധാന പ്രചാരകനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍, നരേന്ദ്രമോദി പ്രചരണം നടത്തിയ 70 ശതമാനത്തിലേറെ മണ്ഡലങ്ങളിലും ബിജെപി ഇത്തവണ പരാജയം നേരിട്ടിരുന്നു എന്നത് മറ്റൊരു വസ്തുത. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം വിലയിരുത്തി ആ വസ്തുതകളിലൂന്നി പ്രചരണം ശക്തിപ്പെടുത്താനാണ് പാര്‍ട്ടിയുടെ നീക്കം. കൂടാതെ, വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതും ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 

Latest News