അമിത് ഷായെ ഉന്നംവച്ച് ഗഡ്കരിയുടെ വെടി തുടരുന്നു; പരാജയത്തെ ചൊല്ലി ബിജെപിക്കുള്ളില്‍ കലഹം

ന്യൂദല്‍ഹി- ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടമായ ബിജെപിയില്‍ പുകയുന്ന കലഹം പരസ്യമാകുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ ഉന്നംവച്ച് മുന്‍ അധ്യക്ഷന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗകരിയാണ് തുടര്‍ച്ചയായി വെടിപൊട്ടിക്കുന്നത്. ഒരാഴ്ചയ്ക്കിലെ പല വേദികളിലും അമിത് ഷായെ പേരെടുത്തു പറയാതെ എന്നാല്‍ വ്യക്തമായ സൂചനകള്‍ നല്‍കിയാണ് ഗഡ്കരിയുടെ ആക്രമണം. പരാജയത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് ഗഡ്കരി വീണ്ടും ആവര്‍ത്തിച്ചു. തിങ്കളാഴ്ച ദല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഉന്നത ഐ.എ.എസ്, ഐ.പി.എശ് ഉദ്യോസ്ഥര്‍ക്കായ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ഗഡ്കരിയുടെ മുനവച്ചുള്ള പ്രതികരണം. ഓഫീസര്‍മാരെ പുകഴ്ത്തി സംസാരിക്കുന്നതിനിടെ ഗഡ്കരി പറഞ്ഞത് ഇങ്ങനെ: 'ആഭ്യന്തര മന്ത്രാലയത്തിന്റെ വിജയം പരിശീലനം സിദ്ധിച്ച വൈഭവമുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണെന്നും കാണാം. ശരിയായ പരിശീലനമാണ് വളരെ പ്രധാനം. മൊത്തത്തില്‍ ഭൂരിപക്ഷം ഓഫീസര്‍മാരും മികച്ചവരും ശുദ്ധരും നന്നായി ജോലി ചെയ്യുന്നവരുമാണ്. പക്ഷെ ഞാന്‍ ഒരു പാര്‍ട്ടി അധ്യക്ഷനാണെങ്കില്‍  എന്റെ എംഎല്‍എമാരും എംപിമാരും നന്നായി ജോലി ചെയ്തില്ലെങ്കില്‍ ഞാനാണ് അതിന് ഉത്തരവാദി. അവരെ വളര്‍ത്തിയെടുക്കാന്‍ ഞാന്‍ എന്തു ചെയ്തു എന്നതാണു പ്രധാനം.' ഇത് അമിത് ഷായെ ഉന്നംവച്ചാണെന്നും മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ഛത്തീസ്ഗഢിലേയും ബിജെപി പരാജയങ്ങളേയാണ് സൂചിപ്പിച്ചതെന്നും വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടു.

ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ സഹിഷ്ണുതയ്ക്കുള്ള സ്ഥാനവും ഈ പരിപാടിയില്‍ മന്ത്രി ഗഡ്ഗകരി എടുത്തു പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചുള്ള നടന്‍ നസ്്‌റുദ്ദീന്‍ ഷായുടെ പരാമര്‍ശങ്ങളെ ചൊല്ലിയുണ്ടായ വിവാദ പശ്ചാത്തലത്തിലാണ് ഇതു വിലയിരുത്തപ്പെട്ടത്. ബിജെപിയും പ്രധാനന്ത്രി നരേന്ദ്ര മോഡിയും നിരന്തരം വിമര്‍ശിക്കുന്ന മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഗഡ്കരി പരാമര്‍ശിച്ചതും ശ്രദ്ധിക്കപ്പെട്ടു. 'ഓരോ വ്യക്തിയും താന്‍ രാജ്യത്തിന് ഒരു പ്രശ്‌നമല്ലെന്ന് ചിന്തിക്കണമെന്ന് നെഹ്‌റു പറയുമായിരുന്നു. ഞാനും അതുപോലെയാണ് ചിന്തിക്കുന്നത്. പ്രശ്‌നം ഉണ്ടാക്കില്ലെന്ന് ഓരോ വ്യക്തിയും തീരുമാനമെടുത്താല്‍ പകുതി പ്രശ്‌നങ്ങളും അതോടെ തീരും,' ഗഡ്കരി പറഞ്ഞു. 

കഴിഞ്ഞയാഴ്ച പൂനെയില്‍ ബാങ്ക് ജീവനക്കാരുടെ ഒരു പരിപാടിക്കിടെയാണ് ബിജെപി നേതൃത്വത്തിനെതിരെ തെരഞ്ഞെടുപ്പു പരാജയം ചൂണ്ടിക്കാട്ടി ഗഡ്കരി ആദ്യ വെടിപൊട്ടിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം നേതൃത്വം ഏല്‍ക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പരാജയം ഏറ്റെടുക്കാന്‍ ആരുമുണ്ടാകാറില്ല. അതിനുളള മനസ്ഥിതി നേതൃത്വത്തിനാണ് ഉണ്ടാവേണ്ടത് എന്നും ഗഡ്ഗകരി പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്. 

Latest News