പിഎച്ഡിക്കാര്‍, എഞ്ചിനീയര്‍, അഭിഭാഷകര്‍...വിദ്യാസമ്പന്നരാല്‍ സമ്പന്നം രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭ

ജയ്പൂര്‍- തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ രാജസ്ഥാനിലെ 23 മന്ത്രിമാര്‍ വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളേയും മറികടന്നു. ബിരുദദാരികള്‍ തൊട്ട് പിഎച്ഡിക്കാര്‍ വരെ ഉന്നത വിദ്യാഭ്യാസം നേടിയവരുടെ നീണ്ട നിര തന്നെയാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ അംഗങ്ങള്‍. ബിരുദദാരികളായി ആറു പേരുണ്ട്. മന്ത്രിമാരായ ബി.ഡി കല്ല, രഘു ശര്‍മ, ആര്‍എല്‍ഡി നേതാവ് സുഭാഷ് ഗാര്‍ഡ് എന്നിവര്‍ ഡോക്ടറേറ്റ് ബിരുദമായ പിഎച്ഡി നേടിയവരാണ്. ഇവരില്‍ കല്ലയും രഘുവും എല്‍.എല്‍.ബിക്കാരുമാണ്. രമേശ് ചന്ത് മീണയാണ് മന്ത്രി സഭയിലെ ഏക എന്‍ജിനീയര്‍. രഘു ശര്‍മയ്ക്കും ഏക വനിതാ മന്ത്രിയായ മമത ഭുപേഷിനു എംബിഎ ബിരുദവുമുണ്ട്. 23 മന്ത്രിമാരില്‍ ഭൂരിപക്ഷ പേരും സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യവുമാണ്.  വിശ്വേന്ദ്ര സിങ്, സാലെഹ് മുഹമ്മദ്, മമത ഭുപേഷ്, ഭജന്‍ ലാല്‍ ജാതവ് എന്നീ നാലു പേര്‍ക്കാണ് സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ട് ഇല്ലാത്തത്. 

പത്താംക്ലാസ് യോഗ്യതയുള്ള ഭജന്‍ ലാല്‍ ജാതവ്, ബിരുദം പൂര്‍ത്തിയാക്കാത്ത ഉദയ് ലാല്‍, സഹമന്ത്രി അര്‍ജുന്‍ ബാംനിയ എന്നിവരും മന്ത്രിസഭയിലുണ്ട്. അഞ്ചു മന്ത്രിമാര്‍ സീനിയര്‍ സെക്കണ്ടറി വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 

എട്ടു മന്ത്രിമാര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ഇവരില്‍ 10 കേസുകളില്‍ ഉള്‍പ്പെട്ട അശോക് ചന്ദനയാണ് മന്ത്രി സഭയിലെ ഏറ്റവും പ്രായ കുറഞ്ഞയാള്‍. വിവിധ സമരങ്ങളില്‍ പങ്കെടുത്ത് സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയ കേസുകളാണ് ഇവയില്‍ ഭൂരിപക്ഷവും. 


 

Latest News