Sorry, you need to enable JavaScript to visit this website.

പുരപ്പുറ സൗരോർജ പദ്ധതി: ലക്ഷ്യം പ്രതിവർഷം 500 മെഗാവാട്ട് വൈദ്യുതി ഉൽപാദനം

കൽപറ്റ-പുനരുപയോഗ ഊർജ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നതിനായി ഇലക്ട്രിസിറ്റി ബോർഡ് ആവിഷ്‌കരിച്ച പുരപ്പുറ സൗേരാർജ പദ്ധതിയിൽ സംസ്ഥാനതലത്തിൽ രജിസ്‌ട്രേഷൻ 20,000 കവിഞ്ഞു. ബോർഡിന്റെ  ക്കുംംം.സലെയ.ശി എന്ന വെബ് സൈറ്റിൽ സൗര വിഭാഗത്തിൽ ജനുവരി 30 വരെ രജിസ്‌ട്രേഷൻ തുടരും. 
വരുന്ന മൂന്നു വർഷത്തിനിടെ ആയിരം മെഗാവാട്ട് വൈദ്യുതി സൗര പദ്ധതികളിൽനിന്നു ഉൽപാദിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ചതാണ് പുരപ്പുറ(സോളാർ റൂഫ് ടോപ്) പദ്ധതി. പ്രതിവർഷം ഗാർഹിക-കാർഷിക ഉപഭോക്താക്കളുടെ കെട്ടിടങ്ങളിൽനിന്നു  150 ഉം സർക്കാർ കെട്ടിടങ്ങളിൽനിന്നു 100 ഉം  ഗാർഹികേതര-സർക്കാർ ഇതര സ്ഥാപന കെട്ടിടങ്ങളിൽനിന്നു 250 ഉം മെഗാവാട്ട്  സൗരോർജ വൈദ്യുതി ഉൽപാദനമാണ് പദ്ധതി ലക്ഷ്യം. സാധ്യതാ പഠനവും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കലും 2019 ഏപ്രിലിലോടെ പൂർത്തിയാക്കി സൗരനിലയങ്ങളുടെ സ്ഥാപനം 2019 ജൂണിൽ ആരംഭിക്കാനാണ് കെ.എസ്.ഇ.ബി നീക്കം.
കെട്ടിടങ്ങൾക്കു മുകളിൽ സൗരനിലയങ്ങൾ സ്ഥാപിക്കുന്നതിനു രണ്ടു രീതികളാണ് ബോർഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. കെട്ടിടത്തിനു  മേൽക്കൂരയിൽ  ഉപഭോക്താവിന്റെ സ്വന്തം ചെലവിൽ സൗരനിലയം സ്ഥാപിക്കുന്നതാണ് ഒരു രീതി. ബോർഡിന്റെ ചെലവിൽ നിലയം സ്ഥാപിക്കുന്നതാണ് രണ്ടാമത്തേത്. 
കെട്ടിടങ്ങൾക്കു മുകളിൽ കെ.എസ്.ഇ.ബിയുടെ ചെലവിൽ നിലയം സ്ഥാപിച്ച് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിൽ 10 ശതമാനം ഉപഭോക്താവിനുള്ളതാണ്. ഇതിൽ ഉപഭോക്താവിന്റെ ഉപയോഗം കഴിച്ച് ബാക്കിയുള്ളതിനു ബോർഡ് വില നൽകും. ബോർഡ് പുറമെ നിന്നു വാങ്ങുന്ന വൈദ്യുതിക്കു നൽകുന്ന അതേ വിലയാണ് ഉപഭോക്താവിനും ലഭ്യമാക്കുക. ഉപഭോക്താവ് സ്വന്തം നിലയിൽ സ്ഥാപിക്കുന്ന നിലയത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിൽ ഉപയോഗം കഴിച്ചുള്ളത് ബോർഡ് വിലയ്ക്കു വാങ്ങും. ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഉപയോഗിക്കാനും ഉപഭോക്താവിനു അവകാശം ഉണ്ടായിരിക്കും. സൗരനിലയങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണിയും ബോർഡിന്റെ ഉത്തരവാദിത്തമായിരിക്കും. 
നൂറ് ചതുരശ്ര അടി വിസ്തീർണമുള്ള സൗരനിലയത്തിൽ ഒരു കിലോവാട്ട് വൈദ്യുതി ഉൽപാദനമാണ കണക്കാക്കുന്നത്. ആയിരം മുതൽ രണ്ടായിരം വരെ ചതുരശ്ര വിസ്തൃതിയുള്ളതാണ് കേരളത്തിലെ സാധാരണ വീടുകളുടെ മേൽക്കൂര. രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയുള്ള സൗരനിലയത്തിൽ ശരാശരി ഏഴ് വലിയ പാനലുകൾ ഉണ്ടാകും. ഇതിൽനിന്നു പ്രതിവർഷം 80 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. 
ഓരോ നിലയത്തിലും ഉൽപാദിപ്പിക്കുന്ന ആൾട്ടർനേറ്റിംഗ് കറന്റ് ഡയറക്ട് കറന്റാറായാണ് കെ.എസ്.ഇ.ബിയുടെ  പവർ ഗ്രിഡിലെത്തുക.  രണ്ടു മാസം ഇടവിട്ട് റീഡിംഗ് നടത്തും. ഉൽപാദിപ്പിക്കുന്നതും ഉപഭോക്താവ് ഉപയോഗിക്കുന്നതും കെ.എസ്.ഇ.ബിക്കു നൽകുന്നതുമായ വൈദ്യുതി ഓരോ നിലയത്തിലും സ്ഥാപിക്കുന്ന ഇംപോർട്ട് എക്‌സ്‌പോർട്ട് മീറ്ററിലൂടെയാണ്  കണക്കാക്കുക. ഉൽപാദിപ്പിക്കുന്നതിൽ ഉപയോഗിക്കുന്നതു ഒഴികെയുള്ള വൈദ്യുതിയുടെ വില ഓരോ വർഷവും ഉപഭോക്താവിന്റെ അക്കൗണ്ടിൽ ലഭ്യമാക്കും. സൗരനിലയം സ്ഥാപിക്കുന്ന ഉപഭോക്താവ് കെട്ടിടത്തിലെ വയറിംഗ് മാറ്റേണ്ടതില്ല. മറ്റു സോളാർ പാനലുകളിലേതു പോലെ ബാറ്ററിയും ഇൻവെർട്ടറും അടക്കം സംവിധാനങ്ങളും  പ്രത്യേകം സ്ഥാപിക്കേണ്ടതില്ല.  
നൂറു ചതുരശ്ര അടിയിൽ സോളാർ നിലയം സ്ഥാപിക്കുന്ന പ്രവൃത്തി കെ.എസ്.ഇ.ബി നേരിട്ടു ചെയ്യുമ്പോൾ  ഏകദേശം 45,000 രൂപയാണ് ചെലവ്. രണ്ടായിരം ചതുരശ്ര അടിയിലാകുമ്പോൾ ഇത് ഒമ്പതു ലക്ഷം രൂപയാകും. സ്വകാര്യ ഏജൻസികൾ മുഖേന നിലയം സ്ഥാപിച്ചാൽ ചെലവ് ഇതിലും കൂടും. സോളാർ വൈദ്യുതി ഉൽപാദനത്തിനു ഗാർഹിക ഉപഭോക്താക്കൾക്കു മാത്രം ഒരു കിലോവാട്ടിനു 17,000 രൂപ കേന്ദ്ര സബ്‌സിഡി ലഭിക്കും. തിരുവനന്തപുരത്തെ റെന്യൂവബിൾ എനർജി ആൻഡ് എനർജി സേവിംഗ്‌സിനാണ് പദ്ധതി ഏകോപനച്ചുമതല. 
വയനാട്ടിൽ പ്രതിവർഷം 30 മെഗാവാട്ട് ഉൽപാദനമാണ് പുരപ്പുറ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്നു ജില്ലാ കോ ഓർഡിനേറ്ററും കൽപറ്റ സർക്കിൾ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലെ എക്‌സിക്യൂട്ടീവ് എൻജിനീയറുമായ വി.കെ. സുനിൽ കുമാർ, അസിസ്റ്റന്റ് കോ ഓർഡിനേറ്ററും സബ് എൻജിനീയരുമായ എം.ജെ. ചന്ദ്രദാസ് എന്നിവർ പറഞ്ഞു. ഗാർഹിക-കാർഷിക ഉപഭോക്താക്കളുടെ കെട്ടിടങ്ങളിൽനിന്നു മാത്രം 10 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് പ്രതീക്ഷിക്കു
ന്നത്. 
ശരാശരി വലിപ്പമുള്ള 500 വീടുകളുടെ മേൽക്കൂരയിൽ സൗരനിലയം സ്ഥാപിച്ചാൽ ഇതു സാധ്യമാകും.  ജില്ലയിൽ സർക്കാർ കെട്ടിടങ്ങൾ, ഗാർഹികേതര-സർക്കാർ ഇതര സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ എന്നിവയിൽനിന്നു 10 വീതം മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യം. 0471 2555544, 1912 എന്നീ നമ്പറുകളിൽ വിളിച്ചും പുരപ്പുറ പദ്ധതി രജിസ്‌ട്രേഷൻ നടത്താമെന്നു  സുനിൽ കുമാറും ചന്ദ്രദാസും പറഞ്ഞു. 

 

Latest News