തേഞ്ഞിപ്പലം- കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈനെ സെനറ്റംഗമായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സർവകലാശാല കാമ്പസിൽ എസ്.എഫ്.ഐയുടെ ശക്തമായ സമരം. പ്രവർത്തകർ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിനെ ഓഫീസിൽ മണിക്കൂറുകളോളം ഉപരോധിച്ചു.
സമരം അക്രമാസക്തമായതിനെത്തുടർന്നു പ്രവർത്തകർ ഭരണ കാര്യാലയത്തിലെ ഫർണിച്ചറുകൾ തല്ലിത്തകർത്തു. സമരക്കാർക്കു നേരെ തിരിഞ്ഞ പോലീസുകാർക്കും പരിക്കേറ്റു. കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവിയായ ഡോക്ടർ വി.പി. സക്കീർ ഹുസൈനെയാണ് സെനറ്റിലേക്കു കഴിഞ്ഞ ദിവസം ഗവർണർ നോമിനേറ്റ് ചെയ്തത്.
എജ്യുക്കേഷൻ വിഭാഗം ഡീൻ ഫാക്കൽറ്റി മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയായാണ് ഗവർണർ നോമിനേഷൻ നടത്തിയത്. മാത്രമല്ല, നേരത്തെ ഹോസ്റ്റൽ വിഷയവുമായി ബന്ധപ്പെട്ട അടിപിടി കേസിൽ യു.ജി.സിക്ക് റാഗിംഗ് വിരുദ്ധ സമിതിയുടെ പേരിൽ എസ്.എഫ്.ഐക്കാർക്കെതിരെ റിപ്പോർട്ടയച്ചുവെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇതിനെതിരെയാണ് വി.സിയുടെ ചേംബർ എസ്.എഫ്.ഐ ഉപരോധിച്ചത്. ഭരണ വിഭാഗത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളിമാറ്റിയതിനു ശേഷം പ്രധാന കവാടത്തിന്റെ പൂട്ടു തല്ലിപ്പൊളിച്ച് അമ്പതിലധികം വരുന്ന എസ്.എഫ്.ഐക്കാർ വി.സിയുടെ ചേംബർ ഉപരോധിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന സി.സി.ടി.വി ക്യാമറകൾ, കസേരകൾ, ഫാനുകൾ, വി.സി, പി.വി.സി എന്നിവരുടെ പേരു വെച്ച ബോർഡുകൾ, ഡിജിറ്റൽ നെയിം ബോർഡുകൾ, കതകിന്റെ പൂട്ടുകൾ, ഇലക്ട്രോണിക് ബോർഡുകൾ, പിൻ സോക്കറ്റുകൾ, ട്യൂബ് ലൈറ്റുകൾ, സോഫാ സെറ്റുകൾ എന്നിവ സമരക്കാർ അടിച്ചു തകർത്തു.
അമ്പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതർ പറയുന്നു. ഈ സമയത്ത് പോലീസ് സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും അവർ നിസ്സഹായരായി. ആക്രമണത്തെ തടയാൻ ശ്രമിച്ച തേഞ്ഞിപ്പലം സ്റ്റേഷനിലെ ഒരു അഡീഷണൽ എസ്.ഐക്കും ഒരു എ.എസ്.ഐക്കും നാലു പോലീസുകാർക്കും മർദനമേറ്റിട്ടുണ്ട്. അഡീഷണൽ എസ്.ഐ സുബ്രഹ്മണ്യൻ, എ.എസ്.ഐ ആബിദ്, സിവിൽ പോലീസുകാരായ ഉഷ, സജീവൻ, മൻജു, സജിത എന്നീ പോലീസുകാർക്കാണ് എസ്.എഫ്.ഐക്കാരുടെ മർദനമേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്.എഫ്.ഐക്കാർ ആക്രമിച്ചതെന്നു തേഞ്ഞിപ്പലം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രജിസ്ട്രാറുടെ പരാതി ലഭിച്ചാൽ ആക്രമം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഉപരോധ സമരം തുടങ്ങിയത്. ഒടുവിൽ വി.സിയുമായുള്ള ചർച്ചയിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈനെതിരെ ഉയർന്ന ആരോപണത്തെ തുടർന്ന് നേരത്തെയുണ്ടാക്കിയ ജുഡീഷ്യൽ അന്വേഷണ സമിതി അടുത്ത ബുധനാഴ്ച ചേർന്ന് തുടർ നടപടികൾ സ്വീകരിക്കാമെന്ന് വി.സി ഡോ. കെ. മുഹമ്മദ് ബഷീർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം മൂന്നു മണിയോടു കൂടി അവസാനിപ്പിക്കുകയായിരുന്നു. സമരത്തിനു എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അഫ്‌സൽ, ജില്ലാ സെക്രട്ടറി കെ.എ. സക്കീർ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ വി.പി. ശരത് പ്രസാദ്, രഹ്‌ന സബീന, കെ.പി. ഐശ്വര്യ, ജോബിൻ എന്നിവർ നേതൃത്വം നൽകി.