Sorry, you need to enable JavaScript to visit this website.

'കാവല്‍ക്കാരന്‍ കള്ളനാണ്'; ബിജെപിയെ കൊട്ടാന്‍ രാഹുലിനെ ഏറ്റുപിടിച്ച് ഉദ്ധവ് താക്കറെ

മുംബൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാസങ്ങളായി പ്രയോഗിച്ചു വരുന്ന മൂര്‍ച്ചയേറിയ മുദ്രാവാക്യം കടമെടുത്ത് ശിവ സേനയും 'ചൗക്കീദാര്‍ ചോര്‍ ഹെ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന രാഹുലിന്റെ വാചകം മഹാരാഷ്ട്രയിലെ പന്തര്‍പൂരില്‍ ഒരു റാലിയിലാണ് ഉദ്ധവ് താക്കറെ മറാത്തി ഭാഷയില്‍ ഉദ്ധരിച്ചത്. ബിജെപിയെ പേരെടുത്തു പറയാതെ വിമര്‍ശിച്ച ശിവസേന നേതാവ് മഹാരാഷ്ട്രയില്‍ പലയിടത്തും പര്യടനം നടത്തിയ അനുഭവം വിവരിക്കുന്നതിനിടെയാണ് ഈ പരാമര്‍ശം നടത്തിയത്. 'പര്യടനത്തിനിടെ ഒരു കര്‍ഷകന്‍ എനിക്ക് കീടബാധയേറ്റ നാരങ്ങ മരം കാണിച്ചു തന്നു. കീടനാശിനി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നാരങ്ങ മരത്തിനു തന്നെ കീടബാധയേറ്റത് ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് കര്‍ഷകന്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു കാലം മാറിയെന്ന്. ഇപ്പോള്‍ കാവല്‍ക്കാര്‍ കള്ളന്‍മാരായിമാറിയിരിക്കുന്നു,' ഉദ്ധവ് പറഞ്ഞു.

റഫാല്‍ അഴിമതി ആരോപണത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. റഫാല്‍ പോര്‍വിമാന ഇടപാടിനെ ചൊല്ലി നിരവധി ആരോപണങ്ങളുണ്ടെന്ന് സുപ്രീം കോടതി എങ്ങനെ ഈ കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജവാന്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം മോഡി സര്‍ക്കാര്‍ തള്ളിയത് തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ചൗക്കീദാര്‍ ചോര്‍ ഹെ' ഉണ്ടായത് ഇങ്ങനെ
സമീപകാലത്ത് രാഹുല്‍ മോഡിക്കെതിരെ പ്രയോഗിച്ച് ഈ മൂര്‍ച്ചയേറിയ ഈ മുദ്രാവാക്യത്തിന്റെ ഉത്ഭവം മോഡി തന്നെയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ മോഡിയുടെ ഒരു 'തള്ളലില്‍' നിന്നാണ് രാഹുല്‍ ഇത് ഈ മുദ്രാവാക്യം നെയ്‌തെടുത്തത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജനങ്ങളുടെ പണത്തിന്റെയും വിശ്വാസത്തിന്റേയും 'ചൗക്കീദാര്‍' (കാവല്‍ക്കാരന്‍) ആകുമെന്നായിരുന്നു അന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോഡിയുടെ പ്രഖ്യാപനം. പിന്നീട് ജയിച്ച് അധികാരമേറ്റ് നാലു വര്‍ഷം പിന്നിട്ടപ്പോഴേക്കും വന്‍കിട വ്യവസായികള്‍ക്കു വേണ്ടി കോടികളുടെ ലാഭമുണ്ടാക്കിക്കൊടുത്തുവെന്ന ആരോപണം മോഡിക്കെതിരെ ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് 'ചൗക്കീദാര്‍ ചോര്‍ ഹെ' എന്ന് രാഹുല്‍ വിളിച്ചു പറഞ്ഞത്. ബിജെപിയെ പ്രതിരോധത്തിലാക്കിയ ഈ മുദ്രാവാക്യം കുറിക്ക് കൊള്ളുകയും ചെയ്തു.
 

Latest News