Sorry, you need to enable JavaScript to visit this website.

ഫെഡറൽ സഖ്യത്തിന് സാധ്യത തേടി കെ.സി.ആർ കൊൽക്കത്തയിൽ

കൊൽക്കത്ത- മൂന്നാം മുന്നണിക്കുള്ള സാധ്യത തേടി  തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ കൊൽക്കത്ത സന്ദർശനം. കോണ്ഗ്രസ്-ബി.ജെ.പി ഇതര മൂന്നാം മുന്നണിയുടെ രൂപീകരണത്തിന് വഴിയൊരുക്കാനാണ് റാവുവിന്റെ നീക്കം. തെലങ്കാനയിൽ ഉജ്ജ്വല വിജയം നേടിയ കെ.സി.ആറിന്റെ ബംഗാൾ സന്ദർശനത്തിന് ദേശീയ പ്രാധാന്യം ഉണ്ട്. 
കെ.സി.ആർ ഇന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. പുതിയ ഫെഡറൽ സഖ്യവും പ്രാദേശിക പാർട്ടികളുടെ ദേശീയ അടിസ്ഥാനത്തിലുള്ള ഏകീകരണവും ചർച്ചയാകും. 
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് കെ സി ആർ കൊൽക്കത്തയിൽ എത്തുന്നത്. നവീൻ പട്‌നായിക്, പക്ഷെ, പുതിയ മുന്നണിയുടെ കാര്യത്തിൽ ഇത് വരെ പ്രതികരിച്ചിട്ടില്ല. 
മമതാ ബാനർജി ഇതിന് മുമ്പ് പലതവണ പ്രാദേശിക കക്ഷികളുടെ ഐക്യത്തിനും ദേശീയാടിസ്ഥാനത്തിലുള്ള സഖ്യത്തിനും ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പുതിയ സഖ്യ രൂപീകരണത്തിൽ മമത അതീവ തല്പരയാണെന്നു തൃണമൂൽ കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ സഖ്യത്തെ നയിക്കാൻ അവർ പ്രാപ്തയാണെന്നും തൃണമൂൽ നേതാക്കൾ വാദിക്കുന്നു. 
'ഏഴ് വട്ടം എം.പി, രണ്ടു പ്രാവശ്യം മുഖ്യമന്ത്രി, മൂന്ന് പ്രാവശ്യം കാബിനറ്റ് മന്ത്രി എന്നിങ്ങനെ നാല്പത് വർഷത്തെ രാഷ്ട്രീയ അനുഭവമുള്ള അവരെ കേൾക്കാനും അവരോട് ചിന്തകൾ പങ്കിടാനും എല്ലാവർക്കും താല്പര്യമുണ്ട്,' തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഡെറിക് ഒബ്രയൻ പറഞ്ഞു. 2019 ൽ ചില പുതിയ നീക്കങ്ങൾ ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല എന്നും ഒബ്രിയാൻ പറഞ്ഞു. 
കഴിഞ്ഞയാഴ്ച ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള മമതയെ സന്ദർശിച്ചിരുന്നു. 
പുതിയ നീക്കം ഫലം കണ്ടാൽ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മൂന്നാം മുന്നണി  ബി.ജെ.പിക്കും കോൺഗ്രസിനും ശക്തമായ വെല്ലുവിളി ഉയർത്തും. കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സി.പി.എം നേതാക്കൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി രൂപീകരിക്കാൻ നടന്ന ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. 

Latest News