Sorry, you need to enable JavaScript to visit this website.

ഒടിയന്റെ മുന്നിലെ മറിമായങ്ങൾ

വി.എ ശ്രീകുമാർ മേനോൻ പറയുന്ന കണക്കൊന്നും എനിക്ക് പിടികിട്ടുകയില്ല. കോടികളാണ് മേനോൻ വാരി വീശുന്നത്, പുല്ലു പോലെ. എന്റെ സ്ഥിതിയോ, കാരൂരിന്റെ കഥയിലെ അധ്യാപകന്റേതും. ആയിരക്കണക്കിനു രൂപയുടെ ലാഭവും നഷ്ടവും കണക്കാക്കാൻ പഠിപ്പിച്ചിരുന്ന വാധ്യാരുടെ കീറക്കീശയിൽ കാലണയില്ല.
എന്നാലും, ഒടിയന്റെ സംവിധായകൻ ചൂണ്ടിക്കാട്ടിയ ചില കാര്യങ്ങൾ എനിക്കു നന്നേ ബോധിച്ചു.  എനിക്കു പഥ്യമായിരുന്ന ചില ധാരണകൾ അസ്ഥാനത്താണെന്നും തെളിഞ്ഞു.
മറ്റേതു വിഷയത്തോടുമുള്ള അകലം സിനിമയോടും പുലർത്തിപ്പോന്ന ഞാൻ ഒരിക്കൽ സിനിമയുടെ ധനരാശിയെപ്പറ്റി ആലോചിക്കാനിടയായി.  മൂന്നും നാലും കോടി മുടക്കി പടം പിടിക്കാൻ നിർമ്മാതാക്കൾ ധൈര്യപ്പെട്ടിരുന്ന കാലം. സൂപ്പർ താരങ്ങൾ ഇനിയും വെളുപ്പും കറുപ്പുമായി കോടികൾ ഈടാക്കുന്നുവെന്ന് കിംവദന്തി പടർന്നു തുടങ്ങിയിട്ടില്ല. തിയേറ്ററിൽ എത്തുകയോ എത്താതിരിക്കുകയോ ചെയ്ത പടങ്ങളിൽ മിക്കതും എട്ടു നിലയ്ക്ക് പൊട്ടുന്നുവെന്നായിരുന്നു സിനിമാവേദാന്തം.  
അങ്ങനെ പടം പിടിച്ച് തെണ്ടിപ്പോകുന്ന ബിസിനസുകാരുടെ മനശ്ശാസ്ത്രം എനിക്ക് കൗതുകം പകർന്നു. പൊട്ടുമെന്ന് ഉറപ്പായ പടം പിടിക്കാൻ ഒരുമ്പെടുന്നതെന്തുകൊണ്ട്?  ഉള്ളിൽ തിങ്ങിവിങ്ങിപ്പൊട്ടുന്ന കലാപ്രേമംകൊണ്ടൊന്നും ആത്മഘാതിയാകാവുന്ന സിനിമ ആരും തയ്യാറാക്കുകയില്ല. പണം പെയ്യുന്ന
മരമാകട്ടെ നമ്മുടെ നാട്ടിൽ മുളച്ചിട്ടുമില്ല.  എന്നിട്ടും ദൈവദൂതന്മാർ കാലു കുത്താൻ പേടിക്കുന്നിടത്ത് ഓടിയെത്തുന്ന മണ്ടന്മാരെപ്പോലെ നിർമ്മാതാക്കൾ എന്തുകൊണ്ട് തഴച്ചു വളരുന്നു? 
കോടികളുടെ കണക്ക് പൊളിച്ചടക്കുന്നതായിരുന്നു എന്റെ വാദഗതി. മൂന്നു കോടി മലയാളികളിൽ മൂന്നിലൊന്നു പേരേ സിനിമ കാണുന്നവരായുണ്ടാവുകയുള്ളു.  അതും എല്ലാവരും എല്ലാ സിനിമയും കാണുന്നവരാവില്ല. എല്ലാവരും എല്ലാ സിനിമയും കണ്ടാലും, ടിക്കറ്റ് നിരക്ക് എത്ര ഉയർത്തിയാലും, നിർമ്മാതാവ് മുടക്കുന്ന
രണ്ടോ മൂന്നോ കോടി രൂപ ഒരിക്കലും പിരിഞ്ഞു കിട്ടില്ലെന്നായിരുന്നു എന്റെ ലളിതഗണിതം. ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ കേരളത്തിന്റെ ഈ പരിമിതി മറികടക്കാനാവില്ല. ഭൂമിക്കടിയിൽനിന്നോ ആകാശത്തിനപ്പുറത്തുനിന്നോ പണം വലിച്ചെടുക്കാൻ മഹേന്ദ്രജാലം വശമാക്കിയ നിർമ്മാതാക്കളും സംവിധായകരും എവിടെയുണ്ട്?
ആ ലളിതഗണിതത്തിന്റെ ഉപപത്തിയായി ഞാൻ ഒന്നു രണ്ടു കാര്യങ്ങൾ മനസ്സിൽ കുറിച്ചുവെച്ചിരുന്നു.  ഒന്നാമതായി, മലയാളസിനിമ, ധനപരമായി, ഗുണം പിടിക്കാൻ പോകുന്നില്ല. എന്നുവെച്ചാൽ, മലയാളത്തിൽ പടം പിടിച്ച് പണം കൊയ്യാമെന്ന് ആരും കരുതേണ്ട.  എണ്ണത്തിൽ ഹിന്ദിക്കാരോളമോ തെലുങ്കരോളമോ തമിഴരോളമോ വരില്ലല്ലോ മലയാളികൾ. രണ്ടാമതായി, താരങ്ങൾക്കായാലും പുൽക്കൊടികൾക്കായാലും പണം വാരിക്കോരി കൊടുക്കേണ്ട അവസ്ഥ അവസാനിപ്പിക്കണം. എന്നുവെച്ചാൽ, സിനിമയുടെ ചെലവ് നന്നേ ചുരുക്കണം.  മൂന്നാമതായി, ഇത്രയേറെ ചെലവുള്ള വിനോദം, ഇന്നും 'അരി തരാത്ത, തുണി തരാത്ത' വ്യവസ്ഥിതിക്കെതിരേ മുദ്രാവാക്യം മുഴങ്ങുന്ന ഒരു നാട്ടിൽ, വെച്ചുപുലർത്തണോ? അതാതു നാടിന്റെ ധനരാശി നോക്കിയേ വിനോദോപാധികൾ രൂപപ്പെടുത്താവൂ.
'പഴശ്ശിരാജ' പുറത്തിറങ്ങിയപ്പോഴായിരുന്നു ഈ വഴിക്കെന്റെ യാന്ത്രികചിന്ത മുന്നോട്ടു പോയതെന്നോർക്കുന്നു. മുടക്കിയ മുതലിന്റെ വലിപ്പമായിരുന്നല്ലോ പഴശ്ശിയുടെ ഒരു മേന്മ. പിന്നെ ഹോളിവുഡ് നിലവാരത്തെപ്പറ്റി അൽപം പുളുവും. പടം ഇറങ്ങുന്നതിനു മുമ്പ് തന്നെ മുതൽമുടക്കിനെപ്പറ്റി വാദപ്രതിവാദമായിരുന്നു.
ഒരിക്കൽ കേട്ട കണക്ക് മുപ്പതു കോടിയിൽ താഴെ എത്തിനിന്നു.  കൊളോണിയലിസത്തിനെതിരെ അമ്പും കുന്തവും ഏന്തി പട വെട്ടിയ കഥ കാണിക്കാൻ ഇത്ര കോടിയോ? എത്രയോ ആകട്ടെ, പിരിഞ്ഞു കിട്ടുമോ എന്നതായിരുന്നു ചോദ്യം. ചർച്ചയിൽ പങ്കുകൊണ്ടവരല്ല പണം മുടക്കിയവർ എന്നതുകൊണ്ട് ആ പ്രകരണം ഏറെ നീണ്ടില്ല. 
' വിശപ്പിന്റെ വിളി'യും 'രണ്ടിടങ്ങഴി'യും മറ്റുമായിരുന്നു എന്റെ ധനശാസ്ത്രവും സൗന്ദര്യശാസ്ത്രവും നിർവചിച്ച സിനിമ. നിർമ്മാതാവിന്റെ ചെലവും വരവും അയാൾ എഴുതട്ടെ.  കാണിയെന്ന നിലക്ക് എനിക്ക് പോയത് തറ ടിക്കറ്റിന്റെ രണ്ടണയായിരുന്നു. അവിടവിടെ നേരിയ നനവുള്ള പൂഴിയാണ് തറ. അതിനു പിന്നിൽ
മൂളിപ്പാട്ടു പാടുന്ന കസാലകളിൽ നാലണ കൊടുക്കാൻ പ്രാപ്തിയുള്ളവർ ഞെളിഞ്ഞിരുന്നു. ഉറപ്പുള്ള ചുമരും മേൽപ്പുരയും വന്നപ്പോൾ സാങ്കേതികവിദ്യയും സൗന്ദര്യബോധവും മാത്രമല്ല, ധനസ്ഥിതിയും ഉയർന്നു.
തറ ടിക്കറ്റിൽനിന്ന് ശ്രീകുമാർ മേനോന്റെ കോടികളിലേക്കുള്ള ജൈത്രയാത്ര ഒന്ന് അടയാളപ്പെടുത്തി നോക്കൂ. 'ഏഴു രാത്രികൾ' കാണാൻ ഇന്ന് ആളെ കിട്ടില്ല. കാണുന്നവർക്കിഷ്ടം അഴകുള്ള ആളുകളും അത്ഭുതപ്പെടുത്തുന്ന അടവുകളും ആകുന്നു. 'പഥേർ പാഞ്ചാലി' ചർച്ചയുടെ പുരോഗതി അടയാളപ്പെടുത്താൻ കൊള്ളാം. കാഴ്ചയുടെയും പണത്തിന്റെയും കണക്കിൽ മുന്നിട്ടുനിൽക്കുന്നത് 'മുഗൾ എ ആസ'മും മദർ ഇന്ത്യയും' ഷോലേ'യും തന്നെ.
ശബ്ദിക്കാത്ത സിനിമ പോയി.  നിറമുള്ള നിഴലുകൾ വന്നു. നിഴലുകളിൽ മാത്രമല്ല, ശബ്ദസംവിധാനത്തിലും ഒരു തരം വിസ്‌ഫോടനം ഉണ്ടായി. മെൽ ഗിബ്‌സന്റെ യേശു സിനിമ ഓർക്കുന്നു. കൽവരിയിലേക്കുള്ള കയറ്റത്തിൽ ഓരോ അടിയിലും മനുഷ്യപുത്രൻ അനുഭവിച്ച വേദനയെക്കാൾ കൂടുതലായിരുന്നു കാണികളുടെ വേദന എന്നു തോന്നി. കണ്ണുള്ളവർ കരഞ്ഞു.  ശബ്ദം വേദനയായി. നനഞ്ഞ പൂഴിത്തറയിൽനിന്ന് പ്രദർശനസഞ്ചയത്തിലേക്കു നീങ്ങുക.  നാലു പ്രദർശനശാലകൾ ഒരു കെട്ടിടത്തിൽ പണിതപ്പോൾ വായ്പ കൊടുത്ത ബാങ്ക് കണക്കു നോക്കി. ഇരുപത്തഞ്ചു കൊല്ലം നാലു തിയേറ്ററും 'ഹൗസ് ഫുൾ' ഓടിയാലും വായ്പ പിരിഞ്ഞു കിട്ടില്ലെന്നായിരുന്നു അന്നത്തെ കണക്ക്.  പിന്നെ എന്തുണ്ടായി എന്നറിയില്ല. നാലല്ല, പതിനാലു തിയേറ്ററുകൾ ഒന്നിപ്പിക്കുന്ന സംവിധാനമുണ്ടായി. ഒരു പടിഞ്ഞാറൻ പട്ടണത്തിൽ 'സിറ്റി ഒഫ് ജോയ്' കണ്ടത് പതിനേഴു തിയേറ്ററുകളുടെ സമുച്ചയത്തിലായിരുന്നു. മദർ തെരേസ ദത്തെടുത്ത അനാഥരുടെ കഥ കാണാൻ അന്ന് ഞങ്ങൾ ഏഴു പേരുണ്ടായിരുന്നു, ആകെക്കൂടി.
ഇന്നത്തെ ശ്രവണത്തിന്റെയും ദൃശ്യത്തിന്റെയും സൗകര്യത്തോടെ പകിട്ടുള്ള പട്ടിണി കാണിക്കുകയാണെങ്കിൽ കൂടുതൽ ആളുകൾ കാണാൻ കണ്ടേക്കും എന്ന് ശ്രീകുമാർ മേനോന്റെ അനുഭവം സൂചിപ്പിക്കുന്നു. ആദ്യദിവസങ്ങളിൽത്തന്നെ മുടക്കിയ കോടികൾ പിരിഞ്ഞു കിട്ടിയതാണ് ശ്രീകുമാർ മേനോന്റെ
'ഒടിയൻ.' ധനപരവും സാങ്കേതികവുമായ വിജയത്തിന്റെ സംവിധായകൻ എന്ന നിലയിൽ അദ്ദേഹം അംഗീകരിക്കപ്പെടണം. ഭാഷയുടെയും ഭൂമിശാസ്ത്രത്തിന്റെയും പരിമിതി മറികടന്ന് പടം ഓടുന്നുവെന്നാണ് വർത്തമാന ചരിത്രം. 
മറുനാടൻ പടം വന്ന് മലയാളക്കരയിൽനിന്ന് പണം വാരാമെങ്കിൽ മലയാളപടം എന്തുകൊണ്ട് മലയ്ക്കും ആഴിക്കും അപ്പുറം ഓടിക്കൂടാ? ആ ചോദ്യം ഉന്നയിച്ചതും ആദ്യമായി ഉത്തരം പറഞ്ഞതും ശ്രീകുമാർ മേനോൻ തന്നെ. നിസ്സാരമല്ല ആ തന്ത്രം.  കഥയും അഭിനയവുമായാൽ എല്ലാമായി എന്ന അന്ധവിശ്വാസം പൊളിയുന്നത് രസത്തോടെ കാണുക.
പരിവർത്തനം പരിമിതമായി നടക്കാറില്ല. കഥയിലും കാഴ്ചപ്പാടിലും മാറ്റം വരും, പുതിയ സങ്കേതങ്ങളും ധനവിനിയോഗ ശൈലികളും വരുമ്പോൾ പുതിയൊരു ഭാവുകത്വം വരും. 
പിരിമുറുകിയ റിയലിസത്തിൽ ഒതുങ്ങിയിരുന്ന നമ്മുടെ ഭാവുകത്വം മാറുന്നു, മനുഷ്യേതരമായ സംവേദനശീലങ്ങളിലേക്കും സംരംഭങ്ങളിലേക്കും കേറിച്ചെല്ലുന്നു. തരം പോലെ രൂപം മാറാൻ കഴിയുന്ന ഒടിയൻ എന്ന സങ്കൽപസൃഷ്ടിക്ക് ബാലഭാവനയെ അതിശയിക്കുന്ന ഭാവം പകരുന്നതത്രേ പുതിയ സിനിമാസംരംഭം. നമ്മുടെ കാലത്തിൽ ഇങ്ങനെ പറയാം:          Fantsay becomes Fact.
 

Latest News