Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആർ.എസ്.എസിനൊപ്പം നിൽക്കാനുള്ള  എൻ.എസ്.എസ് ശ്രമം എതിർക്കും -കോടിയേരി

തിരുവനന്തപുരം- ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചവരാണ് ആർ.എസ്.എസുകാരെന്നും അവർ ഒറ്റയടിക്ക് നിലപാട് മാറ്റിയപ്പോൾ അവർക്കൊപ്പം നിൽക്കാനുള്ള എൻ.എസ്.എസിന്റെ ശ്രമം എതിർക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണെന്ന് സുകുമാരൻ നായർ പറഞ്ഞത് പോലെ, അത്തരം വാക്കുകൾ ഉപയോഗിക്കാൻ ഞങ്ങൾക്ക്  അറിയാഞ്ഞിട്ടില്ല. അത് അതിന്റേതായ സമയങ്ങളിൽ ഉപയോഗിക്കുമെന്നും കോടിയേരി പറഞ്ഞു. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ 40 ലക്ഷത്തിലധികം വനിതകൾ പങ്കെടുക്കും. അമ്പത് ലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ നടന്ന് വരുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളും മതിലിൽ അണി നിരക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ കൊണ്ടുവരാൻ ആവശ്യമായ ചെലവിൽ ഒരു പൈസപോലും സർക്കാരിൽ നിന്നും സ്വീകരിക്കാൻ പാടില്ല എന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തിന്റെ മറവിൽ ഹിന്ദുത്വ ഏകീകരണത്തിനുള്ള ആർ.എസ്.എസിന്റെ ശ്രമം പൊളിക്കുന്നതിന് വേണ്ടിയാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ചത്. ഇതോടെ ആദ്യം ആർ.എസ്.എസിന്റെ കൂടെ പോയവർക്ക് പിന്നീട് പുനർ വിചിന്തനമുണ്ടായി നവോത്ഥാനമൂല്യങ്ങൾക്കൊപ്പം അണി നിരക്കാൻ തീരുമാനിച്ചു. 
മുസ്‌ലിം, ക്രിസ്ത്യൻ മത വിഭാഗങ്ങളുടെ പിന്തുണയും സർക്കാർ തേടിയിട്ടുണ്ട്. അവർ ഇതിന്റെ ഭാഗമാകുകയും ചെയ്യും. മുസ്‌ലിം ലീഗിനെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് ഇത് വർഗീയ മതിലെന്ന് പറഞ്ഞത്. ഓരോരുത്തരേയും പ്രീണിപ്പിച്ച് പ്രീണിപ്പിച്ചാണ് കോൺഗ്രസിന് ഈ ഗതി വന്നതെന്ന് നേതൃത്വം മനസ്സിലാക്കണം. എൻ.എസ്.എസ് സ്ത്രീ പ്രവേശനത്തിന് ആദ്യം മുതലേ എതിരാണ്. അവർ കോടതിയിൽ അതിന് വേണ്ടി വാദിച്ചവരുമാണ്. അവർക്ക് അവരുടെ നിലപാട് സ്വീകരിക്കാം. എന്നാൽ കേസ് നടന്ന 12 വർഷവും ശബരിമലയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരാണ് ആർ.എസ്.എസുകാർ. അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കണമെന്ന് പറയുകയും വനിതാ മതിലിൽ പങ്കെടുക്കരുതെന്ന് പറയുകയും ചെയ്ത അവരുടെ നിലപാട് തുറന്ന് കാണിക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ട്. ഒരു സമുദായ സംഘടനകളോടും ശത്രുതാപരമായ നിലപാട് ഞങ്ങൾക്കില്ല. എസ്.എൻ.ഡി.പി ആർ.എസ്.എസിന്റെ കൂടെ പോയപ്പോഴും ഞങ്ങൾ വിമർശിച്ചിരുന്നു. 
ഞങ്ങൾ പറയാനുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യും. ആർ.എസ്.എസും കോൺഗ്രസും വനിതാ മതിലിനെ തകർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരുക്കങ്ങൾക്ക് ഒരു പോറലുമേറ്റിട്ടില്ല. വിവാദങ്ങൾ നന്നായി എന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകളായിരിക്കും വനിതാ മതിൽ അണിനിരക്കുന്നവർ പിടിക്കുക. കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക എന്നീ മൂന്ന് മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകളായിരിക്കും ഇതിനായി ഉപയോഗിക്കുക. ലോക ശ്രദ്ധയിൽ നേടുന്ന ഗിന്നസ്ബുക്കിൽ ഇടംപിടിക്കുന്ന പരിപാടിയായിരിക്കും വനിതാ മതിൽ. ഏതെങ്കിലും മതത്തിന്റേതായിരിക്കില്ല. മതനിരപേക്ഷതയുടെ ഒരു സംഗമമായിരിക്കും. അഖിലേന്ത്യാ തലത്തിലുള്ള സ്ത്രീ നേതാക്കളും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്താനും ഇന്ന് നടന്ന യോഗം തീരുമാനിച്ചു. ഇതിനായി ഒരു സംസ്ഥാനതല ശിൽപശാല എ.കെ.ജി സെന്ററിൽ സംഘടിപ്പിക്കും. അസംബ്ലിതല സെക്രട്ടറിമാർ മുതൽ ഇതിൽ പങ്കാളികളാകും. ബി.ജെ.പി അധികാരത്തിൽ നിന്ന് പുറത്താക്കി കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാറിനെ എത്തിക്കാൻ ഇടതുപക്ഷത്തിന് പരമാവധി എം.പിമാരെ സൃഷ്ടിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. കോർപറേറ്റുകളുടെ ഫണ്ട് ഓൺലൈൻ സംഭാവനയുടെ ഭാഗമായി പാർട്ടി സ്വീകരിക്കില്ല. ഇലക്ടറൽ ബോണ്ട് വഴിയുള്ള ഫണ്ടും പാർട്ടി സ്വീകരിക്കില്ല. എം.പാനലുകാർക്ക് മാനുഷിക പരിഗണന വെച്ചുള്ള നടപടിക്കായി സർക്കാർ ഇടപെടണമെന്നും കോടിയേരി പത്രസമ്മേളനത്തിൽ പറഞ്ഞു.
 

Latest News