Sorry, you need to enable JavaScript to visit this website.

കടം എഴുതിത്തള്ളുന്നത് കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹാരമാകില്ല - മന്ത്രി കെ. കൃഷ്ണൻകുട്ടി

കോഴിക്കോട്- കടം എഴുതിത്തള്ളിയതുകൊണ്ടുമാത്രം കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാവില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. തലറപകാലത്തേക്ക് മാത്രം പ്രശ്‌നങ്ങൾ മാറും.  എന്നാൽ പിന്നീട് വായ്പ  കൊടുക്കാൻ ബാങ്ക് തയറാവില്ലെന്നും കടം എവിടെ നിന്നും കിട്ടാത്ത സ്ഥിതിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ദീപിക റിപ്പോർട്ടറായിരുന്ന ജിബിൻ പി.മൂഴിക്കലിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മാധ്യമ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ജിബിൻ ഓർമ്മ 2018ന്റെ ഭാഗമായി 'കർഷകർ രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ' സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടം എഴുതി തള്ളുന്നതിനു പുറമേ വരുമാനം ഉണ്ടാക്കിയാൽ മാത്രമേ കർഷകർക്ക് പിടിച്ചു നിൽക്കാനാവൂ. 1970 ൽ  പത്തേക്കർ ഭൂമിയുള്ളവർക്ക് 1200 രൂപയായിരുന്നു മാസവരുമാനം. ജില്ലാ കലക്ടർക്ക് 960 രൂപയും അധ്യാപകന് 175 രൂപയും ശമ്പളം കിട്ടുന്ന കാലമായിരുന്നു അത്. ഇന്ന് കർഷകന്റെ വരുമാനം പ്രതിമാസം 10,000 രൂപയാണ്. ഇതുകൊണ്ട് കുടുംബ ചെലവ് പോലും വഹിക്കാൻ കഴിയില്ല. അതേസമയം അധ്യാപകന്റേത് 300 ഇരട്ടിയാണ് വർധിച്ചത്. 1970 ലെ വരുമാനത്തിന്റേയും ഇപ്പോഴുള്ള വരുമാനത്തിന്റേയും അന്തരമാണ് കർഷകരുടെ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം. 
ആർസിഇപി (റീജയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ണർഷിപ്പ്) എന്ന സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടാൽ കാർഷിക മേഖല പൂർണമായും തകരും. ഓസ്‌ട്രേലിയയിൽ നിന്ന് ഗോതമ്പും നെതർലാന്റിൽ നിന്ന് പാലും ഇവിടെ എത്തും. നെതർലാന്റിൽ അവിടുത്തെ ആവശ്യത്തേക്കാൾ ആറിരട്ടിയിലധികം പാലാണ് ഉത്പാദിപ്പിക്കുന്നത്. അത് ഇവിടേക്ക് എത്തുന്നതോടെ പാലുൽപാദന മേഖലയിലെ ആയിരങ്ങളുടെ ഉപജീവനമാർഗമില്ലാതാവും. കുരുമുളക്, ജാതി തുടങ്ങി മേഖലയും കരാർ ഒപ്പിടുന്നതോടെ തകർച്ചയെ നേരിടും. ഇത്രയും പ്രത്യാഘാതമുണ്ടാവുന്ന വിഷയമായിട്ടും രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ശബ്ദിക്കുന്നില്ല. പ്രതിഷേധം പോലും സംഘടിപ്പിക്കാൻ ആരും തയാറാവുന്നില്ല. ഇത്തരത്തിൽ കാർഷിക മേഖലയിലെ പ്രശ്‌നങ്ങളൊന്നും വേണ്ടത്ര പൊതുജന ശ്രദ്ധയിൽ വരുന്നില്ല. കൃഷിക്കാർക്ക് മറ്റു താത്പര്യങ്ങളൊന്നുമില്ലാത്തതാണ് ഇതിനു കാരണം. നല്ല കാലാവസ്ഥയുണ്ടാവണം, വിളവുണ്ടാവണമെന്നതുമാത്രമാണ് അവരുടെ താൽപര്യം. പഞ്ചായത്ത് അംഗമാവാനോ, എംഎൽഎ,  മന്ത്രി എന്നീ സ്ഥാനങ്ങൾ വഹിക്കാനോ രാജ്യത്തെ വെട്ടിപിടിക്കാനോ ഒന്നും അവർക്ക് ആഗ്രഹമില്ല.  ഭക്ഷണം കഴിക്കുമ്പോൾ പോലും കർഷകനെ കുറിച്ച് ആരും ഓർക്കാറില്ല- മന്ത്രി പറഞ്ഞു.  
ചടങ്ങിൽ മാധ്യമ പ്രവർത്തകൻ പി.വി. ജീജോ ജിബിൻ അനുസ്മരണം നടത്തി.  പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്്് കമാൽ വരദൂർ, ജില്ലാ പ്രസിഡന്റ് കെ. പ്രേംനാഥ്, കെ.പി. സജീവൻ, ഷൈജാസ് എന്നിവർ പ്രസംഗിച്ചു. 

Latest News