Sorry, you need to enable JavaScript to visit this website.

ശബരിമല വിവാദം തുടരുന്നതിൽ  യു.ഡി.എഫിൽ പരിഭ്രാന്തി

കോഴിക്കോട്- ശബരിമല വിവാദം തുടരുന്നത് യു.ഡി.എഫിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. വിഷയം കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന്  സാധിക്കുന്നില്ലെന്നാണ് യു.ഡി.എഫ് ഘടകകക്ഷികളുടെ വിലയിരുത്തൽ. കേരള രാഷ്ട്രീയം ബി.ജെ.പിയും സി.പി.എമ്മും പകുത്തെടുക്കുന്നതോടെ യു.ഡി.എഫ് അപ്രസക്തമാകുകയാണെന്നാണ് വിലയിരുത്തൽ.
ബി.ജെ.പിക്കെതിരായ പോരാട്ടത്തിലൂടെ പിണറായി വിജയൻ മതന്യൂനപക്ഷങ്ങൾക്കിടയിലും ഇടതു ചിന്താഗതിക്കാർക്കിടയിലും സ്വീകാര്യത വർധിപ്പിച്ചുവെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ശബരിമലയിലെ യുവതീ പ്രവേശനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കൊണ്ടുപോകുകയെന്നാണ് പിണറായിയുടെയും ബി.ജെ.പിയുടെയും തന്ത്രമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള തന്ത്രം ആവിഷ്‌കരിക്കാനോ ഇതിൽ സ്വന്തം ഇടം കണ്ടെത്താനോ കഴിയുന്നില്ലെന്നതാണ് യു.ഡി.എഫിനെയും കോൺഗ്രസിനെയും കുഴക്കുന്നത്.
വിവാദത്തിന്റെ തുടക്കത്തിൽ കോൺഗ്രസ് സംസ്ഥാനത്തുടനീളം വിശ്വാസ  സംരക്ഷണ ജാഥകൾ സംഘടിപ്പിച്ചു. അവ സാമാന്യം വിജയം നേടിയെങ്കിലും അതിന്റെ തുടർച്ചയുണ്ടായില്ല. നിയമസഭാ സമ്മേളന കാലത്ത് നിയമസഭക്കകത്തും പുറത്തും ചില ഇടപെടലുമുണ്ടായി. നിയമസഭാ സമ്മേളനം നിന്നതോടെ അതും തീർന്നു.
വനിതാ മതിലിലൂടെ സി.പി.എമ്മും അയ്യപ്പ ജ്യോതിയിലൂടെ ബി.ജെ.പിയും വിഷയത്തിലെ ഇടപെടലിൽ തുടർച്ചയുണ്ടാക്കുമ്പോൾ കോൺഗ്രസിന് പരിപാടിയില്ലാതാകുകയാണ്. അതിനിടെ ദളിത് ഫെഡറേഷൻ നേതാവ് രാമഭദ്രന്റെ നേതൃത്വത്തിൽ ഒരു വിഭാഗം മതിലിന്റെ ഭാഗമാകാൻ തയ്യാറെടുക്കുമ്പോൾ എൻ.എസ്.എസ് അംഗങ്ങൾക്ക് അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങുകയാണ്. ബി.ജെ.പിയും സി.പിഎമ്മും ഒരു പോലെ ഇരുവർക്കും ലാഭകരമായ കളി തുടരുമ്പോൾ കോൺഗ്രസിനും യു.ഡി.എഫിനും റോൾ ഇല്ലാതാകുന്നു.
ശബരിമലയിലെ യുവതീ പ്രവേശനം  കോടതി വിധി വരുമ്പോൾ സ്വന്തം നിലപാടുണ്ടായിരുന്ന വിഭാഗമായിരുന്നു യു.ഡി.എഫ്. കാരണം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ യുവതീ പ്രവേശനം വേണ്ടാ എന്ന നിലപാട് സത്യവാങ് മൂലമായി കോടതിയിൽ സമർപ്പിച്ചതാണ്. ബി.ജെ.പിയാകട്ടെ ദേശീയതലത്തിൽ യുവതീ പ്രവേശനത്തെ പിന്തുണക്കുകയാണ്. പ്രമുഖ നേതാക്കളെല്ലാം ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നിലപാട് വ്യക്തമാക്കിയതാണ്. സി.പി.എം ആകട്ടെ പുതിയ സത്യവാങ്മൂലത്തിൽ വനിതാ പ്രവേശനത്തിന് എതിരല്ലെന്നും എന്നാൽ ഹിന്ദുമത പണ്ഡിതരുടെ ഒരു കമ്മീഷനെ നിയോഗിക്കണമെന്നുമാണ് കോടതിയെ അറിയിച്ചത്.
സുപ്രീം കോടതി വിധി വന്നപ്പോൾ മലകയറാനെത്തുന്നവർക്ക് സംരക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിന്റെ പിന്നാലെ ബി.ജെ.പി ഇതിനെ സുവർണാവസരമായി കണ്ട് രംഗത്തിറങ്ങി. ഇതോടെ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഏറ്റുമുട്ടൽ രംഗമായി കേരളം മാറി.
ബി.ജെ.പിയുമായി പരസ്യ ഏറ്റുമുട്ടലിന് തയ്യാറായ പിണറായി വിജയനാകട്ടെ മതന്യൂനപക്ഷങ്ങൾക്കിടയിലും നിഷ്പക്ഷ ഇടതുപക്ഷ ബുദ്ധിജീവികൾക്കിടയിലും സ്വീകാര്യത ലഭിച്ചു. അധികാരത്തിൽ എത്തുന്നത് വരെയുള്ള പിണറായിയുടെ പ്രതിഛായ അത്ര മെച്ചപ്പെട്ടതല്ലായിരുന്നു. അതുകൊണ്ടുതന്നെ പിണറായിയെ മുൻനിർത്തിയല്ല ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ മുഖ്യമന്ത്രിയായതോടെ “ഇരട്ടച്ചങ്കൻ'' എന്ന് വിശേഷിപ്പിക്കപ്പെട്ട തന്റേടം ആഘോഷിക്കപ്പെട്ടു. സി.പി.എമ്മിലെ നവലിബറൽ മുതലാളിത്ത നയങ്ങളുടെ പിണിയാളെന്ന് വിശേഷിക്കപ്പെട്ടിരുന്നയാളാണ് പിണറായി. ധാർഷ്ട്യക്കാരനെന്ന് പൊതുവേ അറിയപ്പെട്ടു. എന്നാൽ തന്റെ പോരാട്ടവീര്യം ബി.ജെ.പിക്ക് നേരെ തിരിച്ചതോടെ മതന്യൂനപക്ഷങ്ങൾക്ക് മുന്നിൽ പ്രതിച്ഛായ വർധിച്ചു. പിന്നാക്ക ദളിത് വിഭാഗങ്ങളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങൾ ഉയർത്തി പിടിക്കാൻ ശബരിമല വഴി പിണറായിക്ക് സാധിച്ചു. വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചതിലും മുസ്‌ലിം ക്രൈസ്തവ വിഭാഗങ്ങളെ മതിൽ സംഘാടക സമിതിയിൽ  ചേർക്കാത്തതിലും വിമർശനങ്ങൾ ഉയർന്നെങ്കിലും പിണറായിയുടെ പ്രതിഛായ മങ്ങിയിട്ടില്ല.
ഈ അവസ്ഥയെ മുന്നോട്ടു കൊണ്ടുപോകുകയും ലോക്‌സഭയിൽ നേട്ടം കൊയ്യുകയും ചെയ്യുകയെന്നതാണ് പിണറായിയുടെ തന്ത്രം. ഇതുതന്നെയാണ് യു.ഡി.എഫിനെ പ്രയാസത്തിലാക്കുന്നത്.
വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുമ്പോഴും ബി.ജെ.പിയെപ്പോലെ ആക്രമണോത്സുകമായ ശൈലി സ്വീകരിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നുവെന്നതാണ് കോൺഗ്രസിനെ അലട്ടുന്നത്.

Latest News