പാറ്റ്‌ന- ബിഹാറിൽ സീറ്റ് വിഭജനം പൂർത്തിയാക്കി എൻ.ഡി.എ സഖ്യം. ബി.ജെ.പിയും ജനതാ ദൾ സെക്യുലറും 17 സീറ്റുകളിൽ വീതം മത്സരിക്കും. ലോക് ജനശക്തി പാർട്ടി ആറ് സീറ്റുകളിൽ മത്സരിക്കും.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും എൽ.ജെ.പി അധ്യക്ഷൻ രാംവിലാസ് പാസ്വാൻ തുടങ്ങിയവർ പങ്കെടുത്ത മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. 2019 തെരഞ്ഞെടുപ്പിൽ പ്രകടനം മെച്ചപ്പെടുത്തുമെന്നു അമിത് ഷാ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ പിന്നീട് ചർച്ചകൾ നടക്കുമെന്ന് നിതീഷ് കുമാറും പ്രതികരിച്ചു.
നിലവിൽ ജെ.ഡി.യു-ബി.ജെ.പി-എൽ.ജെ.പി സഖ്യമാണ് ബീഹാർ ഭരിക്കുന്നത്. മറുപക്ഷത്തെ രാഷ്ട്രീയ ജനതാ ദൾ നേതാവ് ലാലു പ്രസാദ് യാദവ് ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ നീക്കങ്ങൾ എങ്ങനെ ആയിരിക്കുമെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ലാലു കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടും.