Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിലെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് ഇംറാനോട് നസറുദ്ദീൻ ഷാ

ന്യൂദൽഹി- തന്നെ ബാധിക്കാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിന് പകരം സ്വന്തം രാജ്യത്ത് നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയോട് സിനിമാതാരം നസറുദ്ദീൻ ഷാ. ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോഡിക്ക് കാണിച്ചു കൊടുക്കുമെന്ന  ഇംറാൻ ഖാൻ പറഞ്ഞതിന് പുറകെയാണ് നസറുദ്ദീൻ ഷായുടെ പ്രസ്താവന.
'എഴുപത് വർഷത്തെ ജനാധിപത്യ പാരമ്പര്യമുളള രാജ്യമാണ് ഞങ്ങളുടേത്. കാര്യങ്ങൾ എങ്ങനെ നടത്തണമെന്ന് ഞങ്ങൾക്കറിയാം,' ഷാ പറഞ്ഞു. 
ആൾക്കൂട്ട അക്രമങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞ ഹോളിവുഡ് നടൻ നസറുദ്ദീൻ ഷാക്ക് ഹൈന്ദവ തീവ്ര സംഘടന പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തതിന് പിന്നാലെ ആണ് ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ച് ഇംറാൻ ഖാന്റെ പ്രസ്താവന വന്നത്.  
'പാകിസ്ഥാനിലെ മത ന്യൂനപക്ഷങ്ങൾക്ക് അർഹമായ അവകാശങ്ങൾ കിട്ടുന്നു എന്നുറപ്പാക്കാൻ  എല്ലാ നടപടികളും ഗവൺമെന്റ് കൈകൊളളുന്നുണ്ട്. രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ കാഴ്ച്ചപ്പാടും അതായിരുന്നു,' ഇംറാൻ ഖാൻ പറഞ്ഞു. പഞ്ചാബ് ഗവൺമെന്റിന്റെ നൂറുദിന കർമപരിപാടിയുടെ നേട്ടങ്ങൾ വിശദീകരിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോൾ പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നും തുല്യമായ അവകാശങ്ങൾ അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് ഇംറാൻ ഖാൻ പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ് ഷഹറിൽ തീവ്രഹൈന്ദവ സംഘടനകളുടെ ആൾക്കൂട്ട ആക്രമണത്തിൽ പോലീസുകാരൻ മരിച്ചതിനെതിരെ നസറുദ്ദീൻ ഷാ രംഗത്തെത്തിയിരുന്നു. പശുവിന്റെ മരണത്തിനാണ് ഒരു പൊലീസുകാരന്റെ മരണത്തേക്കാൾ പ്രാധാന്യം നല്കുന്നത് എന്ന് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെ ഹൈന്ദവ സംഘടനകളും ബി ജെ പിയും രംഗത്തെത്തിയിരുന്നു.
 

Latest News