Sorry, you need to enable JavaScript to visit this website.

മനിതി സംഘം ദർശനം നടത്തിയില്ല, പ്രതിഷേധത്തെ തുടർന്ന് പോലീസ് തിരിച്ചയച്ചു

പത്തനംതിട്ട - ശബരിമലയിൽ ദർശനം നടത്തുന്നതിനായി എത്തിയ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള മനിതി വനിതാ സംഘം കനത്ത പ്രതിഷേധത്തെ തുടർന്ന് തിരിച്ചുപോയി. സംരക്ഷണത്തിന് വേണ്ടി കോടതിയെ സമീപിക്കുമെന്നും പോലീസ് തങ്ങളെ നിർബന്ധപൂർവ്വം തിരിച്ചയക്കുകയായിരുന്നുവെന്നും മനിതി നേതാവ് സെൽവി അറിയിച്ചു. സംഘം തിരികെ മധുരയിലേക്ക് മടങ്ങും. നേരത്തെ വനിതകളെയുമായി പോലീസ് മലകയറാൻ ശ്രമിച്ചിരുന്നു. ഇവരെ പമ്പയിലും ശരണപാതയിലും സംഘത്തെ തടയാൻ ശ്രമമുണ്ടായി. തടഞ്ഞവർക്കെതിരെ പോലീസ് കേസെടുത്തു. പിന്നീട് മലകയറാൻ ശ്രമിക്കുന്നതിനിടെ ഇരുന്നൂറോളം വരുന്ന പ്രതിഷേധക്കാർ മനിതി സംഘത്തിന് നേരെ പാഞ്ഞടുത്തു. ഭയവിഹ്വലരായ മനിതി സംഘങ്ങൾ പിന്തിരിഞ്ഞോടുകയും ചെയ്തു. ഉടൻ പോലീസ് യുവതികളെ പോലീസ് ജീപ്പിലേക്ക് മാറ്റി. തുടർന്ന് നടത്തിയ ചർച്ചയിലാണ് സ്ത്രീകൾ തിരിച്ചുപോകാമെന്ന് സമ്മതിക്കുകയായിരുന്നു. 
ഇന്നലെ പുലർച്ചെ മുതൽ തന്നെ മനിതി സംഘത്തെ തടയാനുള്ള ശ്രമം തുടങ്ങിയിരുന്നു. 
കട്ടപ്പന പാറക്കടവിൽ ഇന്നലെ രാത്രി 11 മണിയോടെ രതീഷിന്റെ നേതൃത്വത്തിലുള്ള സഘം മനിതി പ്രവർത്തകരെ തടഞ്ഞു. കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴിയാണ് മനിതി സംഘം കേരളത്തിലേക്ക് കടന്നത്. സംഘത്തെ വൻ പോലീസ് സന്നാഹത്തോടെ കോട്ടയത്തേക്ക് കൊണ്ടുപോയി. യുവതി സംഘം എത്തുന്നത് അറിഞ്ഞ് ജില്ലയിൽ പലയിടത്തും ബി.ജെ.പിയുടെ നേതൃത്വത്വത്തിൽ പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു.
അതിനിടെ, ആക്ടിവിസ്റ്റുകളുടെ സംഘടനയാണ് മനിതിയെന്ന് കേന്ദ്ര ഇന്റലിജന്റ് അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. 


 

Latest News