മനിതി സംഘം: തീരുമാനിക്കേണ്ടത് പോലീസും സര്‍ക്കാരുമെന്ന് ഹൈക്കോടതി സമിതി

പത്തനംതിട്ട- ശബരിമല കയറാനെത്തിയ മനിതി സംഘത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷ
ണ സമതി തീരുമാനമെടുക്കുമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ  പ്രസ്താവന സമതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നാണ്  സമിതി വ്യക്തമാക്കിയത്. ക്രമസമാധാനപാലനം പോലീസിന്റെ ഉത്തരവാദിത്തമാണെന്നും നിരീക്ഷണച്ചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും രണ്ട് ജഡ്ജിമാര്‍ അടങ്ങുന്ന സമിതി വ്യക്തമാക്കി.  ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്ന് സമിതി അറിയിച്ചു.
മനിതി സംഘത്തിന്റെ വിഷയത്തില്‍ ശബരിമല നിരീക്ഷണ സമിതി തീരുമാനമെടുക്കുമെന്നും സമിതി തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുമെന്നും ദേവസ്വം മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
അയ്യപ്പദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് പമ്പയിലെത്തിയ മനിതി സംഘം. പമ്പയില്‍നിന്ന് മുകളിലേക്കുള്ള വഴിയില്‍ പ്രതിഷേധക്കാര്‍ ഇരിപ്പുറപ്പിച്ചതിനാല്‍ മുകളിലേക്കു കയറ്റിവിടാനാകില്ലെന്ന നിലപാടിലാണ് പോലീസ്.
മനിതി നേതാവ് സെല്‍വി പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയില്‍ എത്തിയത്.

 

Latest News