യുപിഎ സര്‍ക്കാരും പൗരന്മാരെ രഹസ്യമായി നിരീക്ഷിച്ചിരുന്നുവെന്ന് രേഖകള്‍

ന്യൂദല്‍ഹി- രാജ്യത്തുടനീളം പൗരന്മാര്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ രഹസ്യമായി നിരീക്ഷിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ തിരിഞ്ഞ പ്രതിപക്ഷത്തെ വെട്ടിലാക്കി 2013ലെ വിവരാവകാശ രേഖ. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഓരോ മാസവും 9000 ഫോണുകളും 500 ഇമെയിലുകളും രഹസ്യമായി നിരീക്ഷിച്ചിരുന്നതായി 2013ല്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരം നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ പൊങ്ങിവന്നതിരിക്കുന്നത്്. പ്രൊസെന്‍ജിത് മൊണ്ഡല്‍ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച് ചോദ്യത്തിന് 2013 ഓഗസ്റ്റ് ആറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയാണിത്. ശരാശരി 7500 മുതല്‍ 9000 ഫോണുകളും 300 മുതല്‍ 500 ഇമെയിലുകളും ചോര്‍ത്താനുള്ള ഉത്തരവുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓരോ മാസവും നല്‍കുന്നുണ്ടെന്നാണ് ഈ മറുപടിയില്‍ പറയുന്നത്. നിയമപ്രകാരം ഫോണ്‍ ചോര്‍ത്താനുള്ള അനുമതി ഐ.ബി ഉള്‍പ്പെടെ ഒമ്പത് ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് 2013 ഡിസംബര്‍ 24ന് മറ്റൊരു വിവരാവകാശ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ ഏത് കമ്പ്യൂട്ടറും ചോര്‍ത്താനുള്ള അനുമതി 10 ഏജന്‍സികള്‍ക്ക് മോഡി സര്‍ക്കാര്‍ നല്‍കിയതിനെതിരെ വെള്ളിയാഴ്ചയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണ് യുപിഎ സര്‍ക്കാരിന്റെ കാലതതെ രഹസ്യ നിരീക്ഷണങ്ങളും ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.
 

Latest News