ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോഡിക്ക് കാണിച്ചുകൊടുക്കും-പാക് പ്രധാനമന്ത്രി ഇംറാന്‍

ലാഹോര്‍- ന്യൂനപക്ഷങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് നരേന്ദ്ര മോഡി സര്‍ക്കാരിനു കാണിച്ചു കൊടുക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. നടന്‍ നസീറുദ്ദീന്‍ ഷായുടെ ആള്‍കൂട്ട കൊലപാതകങ്ങളെ കുറിച്ചു പരാമര്‍ശത്തെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.  പാക്കിസ്ഥാനിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിന് തന്റെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് സര്‍ക്കാരിന്റെ 100 ദിവസത്തെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ ലാഹോറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ത്യയില്‍ പോലും ന്യൂനപക്ഷങ്ങള്‍ക്ക് തുല്യപൗരന്മാരായുള്ള പരിഗണന ലഭിക്കുന്നില്ലെന്നാണ് ആളുകള്‍ പറയുന്നത്. ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാണണമെന്ന് നാം മോഡി സര്‍ക്കാരിന് കാണിച്ചു കൊടുക്കും'- ഇംറാന്‍ ഖാന്‍ പറഞ്ഞു. പുതിയ പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വ ബോധവും തുല്യഅവകാശങ്ങളും സര്‍ക്കാര്‍ ഉറപ്പു വരുത്തും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ഒരു പോലീസുകാരനെ കൊലപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഒരു പശുവിന്റെ മരണത്തിന് നല്‍കുന്നുവെന്ന് നടന്‍ നസീറുദ്ദീന്‍ ഷാ കാര്‍വാനെ മുഹബ്ബത്ത് ഇന്ത്യ എന്ന അഭിമുഖ പരിപാടിയില്‍ പറഞ്ഞിരുന്നു. വിഷം പടര്‍ന്നു കഴിഞ്ഞെന്നും ഇതു നിയന്ത്രിക്കാന്‍ ഇനി പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമം കയ്യിലെടുക്കുന്നുവര്‍ക്ക് പൂര്‍ണ സംരക്ഷണം ലഭിക്കുന്നുണ്ട്. ഈ ജിന്നിനെ പിടികൂടി ഇനി കുപ്പിയിലടക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. നാളെ എന്റെ മക്കളെ ആള്‍ക്കൂട്ടം വളഞ്ഞ് ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമുണ്ടാകില്ല. ഇതെന്നെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.
 

Latest News