Sorry, you need to enable JavaScript to visit this website.

ജുഡീഷ്യറിക്ക് നട്ടെല്ലില്ല -കെമാൽ പാഷ

കോഴിക്കോട്- ഭരണകൂടം നമ്മുടെ മൗലികാവകാശങ്ങളെല്ലാം കവർന്നെടുക്കുന്ന സമീപനം അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാത്ത സ്ഥിതിയാണെന്നും ഇത് ഏറെ ഭീതിയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
നിയമ സംവിധാനങ്ങളുടെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് ഭരണഘടന നിലനിന്ന് പോവുന്നതെന്നും സർക്കാറിനെ മുട്ടുകുത്തിക്കാൻ തരത്തിലുള്ള നട്ടെല്ലുള്ള ജൂഡീഷ്യറി ഇല്ലെങ്കിൽ നമ്മൾ ഇനിയും മൃഗതുല്യരാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നടക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിൽ ഭരണഘടനയും മൂല്യങ്ങളും എന്ന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏത് പൗരന്റെയും കംപ്യൂട്ടറും സ്മാർട്ട് ഫോണും അവയിലെ ഉള്ളടക്കവും പരിശോധിക്കാൻ പത്ത് ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമ്പൂർണ അധികാരം നൽകിയിരിക്കുകയാണ്. നമുക്ക് ഉറപ്പ് നൽകുന്ന സ്വകാര്യതയും മൗലികാവകാശവുമെല്ലാം എങ്ങനെയാണ് സർക്കാർ ഉറപ്പാക്കുന്നത്. രാജ്യസുരക്ഷക്കായാണ് ഇത്തരം നടപടിയെന്നാണ് വാദം. ഇനിയും പ്രതികരിച്ചില്ലെങ്കിൽ നമ്മൾ വിഡ്ഢികാളായിപ്പോവും.
ഇക്കാര്യങ്ങളിലെല്ലാം സർക്കാറിനെ മുട്ടുമടക്കിപ്പിക്കാനുള്ള നട്ടെല്ല് നമ്മുടെ ജുഡീഷ്യറിക്കുണ്ടാകണമായിരുന്നു. അതുപോലും ഉണ്ടായില്ല. ഭരണഘടന ഉറപ്പ് നൽകുന്ന അധികാരങ്ങളും അവകാശങ്ങളുമെല്ലാം പരമാധികാരികൾക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. പരമോന്നത കോടതി പുറപ്പെടുവിക്കുന്ന വിധി പോലും എക്സിക്യൂട്ടീവ് ഓർഡർ വഴി മറികടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പല വിധികളും വന്നുകൊണ്ടിരിക്കുന്നത്. നമ്മൾ എന്തും സഹിക്കും എന്ന തോന്നലുളളതുകൊണ്ടാണ് ഇത്തരത്തിലുള്ള വിധികൾ ഉണ്ടാവുന്നത്. സാധാരണക്കാരുടെ ജീവിതം മൃഗതുല്യമാവുകയാണെന്നും കെമാൽപാഷ പറഞ്ഞു. സുപ്രീം കോടതി വിധിയിൽ പോലും തെറ്റുകൾ കടന്നുവരുന്നത് സ്ഥിരം കാഴ്ചയായി മാറി. ഇത് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വിജയിക്കുന്നത് കൊണ്ടാണ്. ഏറ്റവും വലിയ ഭരണഘടനാ ലംഘനമാണത്. മതങ്ങൾ അധികാര രാഷ്ട്രീയത്തിലേക്കുള്ള ഏണിപ്പടിയാണെന്ന തിരിച്ചറിവ് രാഷ്ട്രീയക്കാർക്കുണ്ടായതോടെ ഭരണഘടനയുടെ മൂല്യങ്ങളും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
 

Latest News