ഹായിൽ- ഓൺലൈൻ വഴി തുർക്കിയിൽനിന്ന് കൊറിയർ മുഖേന മയക്കുമരുന്ന് എത്തിച്ചുവെന്ന കേസിൽ അറബ് യുവതി പിടിയിൽ. കാർഗോ കമ്പനിയുടെ സഹായത്തോടെ ഹായിൽ ആന്റി നാർക്കോട്ടിക് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചെരിപ്പും വസ്ത്രങ്ങളും ഏതാനും സാമഗ്രികകളും അടങ്ങിയ തുർക്കിയിൽ നിന്നുള്ള പാഴ്‌സലിൽ നിരോധിത ലഹരി ഗുളികകളും ഒളിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കിഴക്കൻ ഹായിലിൽ നഗരത്തിൽനിന്ന് 160 കിലോ മീറ്റർ അകലെയുള്ള ഇവരുടെ ഫഌറ്റിലേക്ക് കാർഗോ കൈമാറിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാഴ്‌സലിൽ ലഹരി ഗുളികകളുണ്ട് എന്ന് നേരത്തെ അറബ് വനിതക്ക് അറിയുമെന്നാണ് ആന്റി നാർകോട്ടിക് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിൽ മാത്രമേ പൂർണ വിവരം ലഭ്യമാകൂവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.