പ്രധാനമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് മൊബൈല്‍ ടവറില്‍; കോമഡി താരത്തെ ഉപയോഗിച്ച് പോലീസ് താഴെയിറക്കി

ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് മൊബൈല്‍ സിഗ്നല്‍ ടവറിനു മുകളില്‍ കയറി ഭീഷണി മുഴക്കിയ് പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ പോലീസ് അധികൃതരെ വട്ടംകറക്കി. പ്രധാനമന്ത്രി ഇംറാന്‍ ഖാനോടല്ലാതെ മറ്റാരോടും ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു അനുനയിപ്പിക്കാന്‍ ശ്രമിച്ച അധികൃതരോട് യുവാവിന്റെ മറുപടി. സര്‍ഗോധ സ്വദേശിയായ യുവാവ് ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയിലെ ഒരു കെട്ടിടത്തിനു മുകളിലുള്ള ടവറിന്റെ മുകളിലാണ് വിചിത്ര ആവശ്യവുമായി കയറിപ്പറ്റിയത്. വലിയ പാക് പതാക ടവറിനു മുകളില്‍ നാട്ടുകയും ചെയ്തു. അധികൃതര്‍ താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ചെവികൊണ്ടില്ല. പ്രധാനമന്ത്രി ഇംറാന്‍ ഖാനോടോ സര്‍ഗോധ ജില്ലാ പോലീസ് മേധാവിയോടോ മാത്രമെ സംസാരിക്കൂവെന്നായിരുന്നു മറുപടി. 

തലവേദന ഒഴിവാക്കാന്‍ ഒടുവില്‍ പോലീസ് പ്രമുഖ പാക് കോമഡി താരം ശഫാഅത്ത് അലിയുടെ സഹായം തേടുകയായിരുന്നു. യുവാവിന്റെ മൊബൈല്‍ നമ്പര്‍ അധികൃതര്‍ അലിക്ക് നല്‍കി. ഈ നമ്പറിലേക്ക് അലി പ്രധാനമന്ത്രി ഇംറാന്റെ ശബ്ദത്തില്‍ സംസാരിച്ചാണ് യുവാവിനെ അനുനയിപ്പിച്ചത്. പ്രധാനമന്ത്രി നേരിട്ട് വിളിച്ചെന്ന് വിശ്വസിച്ച യുവാവ് താഴെയിറങ്ങുകയും ചെയ്തു. താഴെയെത്തിയ യുവാവിനെ ഉടന്‍ പോലീസ് പിടികൂടി തൊട്ടടുത്ത സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
 

Latest News