ന്യൂദൽഹി- മീ ടൂ ആരോപണത്തിൽ ഉൾപ്പെട്ട മലയാളി ഐടി ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതി നൽകിയവർക്കെതിരേ കേസെടുത്തു. കോതമംഗലം സ്വദേശി സ്വരൂപ് രാജിനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാതെയാണ് ജോലിയിൽനിന്നു പുറത്താക്കിയതെന്നു ചൂണ്ടിക്കാട്ടി ഭാര്യ കൃതി ശ്രീവാസ്തവ നൽകി പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
പരാതി ലഭിച്ചതിന് ശേഷം കമ്പനി അധികൃതർ നടപടികൾ പാലിക്കാതെയാണ് പുറത്താക്കിയതെന്നും സ്വരൂപിന്റെ നേട്ടങ്ങളിൽ അസംതൃപ്തി ഉണ്ടായിരുന്നവർ ആണ് വ്യാജ പരാതി ഉന്നയിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് കൃതി പോലീസിൽ പരാതി നൽകിയത്.
കമ്പനി അധികൃതർക്കെതിരേയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതി ഉന്നയിച്ച രണ്ടു വനിത ജീവനക്കാർ, കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ, ആഭ്യന്തര പരാതി പരിഹാര സമിതി അംഗം എന്നിവർ ഉൾപ്പടെ അഞ്ചു പേർക്കെതിരേയാണ് കൃതി പരാതി നൽകിയത്. സ്വരൂപിന്റെ ഭാര്യയുടെ പരാതി രജിസ്റ്റർ ചെയ്ത നോയിഡ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്വരൂപ് രാജ് ജോലി ചെയ്തിരുന്ന ജെൻപാക്ട് ഇന്ത്യ എന്ന സ്ഥാപനത്തിലെ ഏഴു പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. രണ്ടു വനിത ജീവനക്കാരുടെ പരാതി കിട്ടിയ ഉടൻ കമ്പനി വൈസ് പ്രസിഡന്റായിരുന്ന സ്വരൂപിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും സ്വരൂപ് തന്റെ ആത്മഹത്യക്കുറിപ്പിൽ നിഷേധിച്ചിരുന്നു എന്ന് സുരജ്പൂർ പോലീസ് സ്‌റ്റേഷൻ ഓഫീസർ മുനീഷ് ചൗഹാൻ പറഞ്ഞു.
സസ്‌പെൻഷനിലായതിന്റെ പിന്നാലെ നോയിഡയിലെ വസതിയിൽ സ്വരൂപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യാക്കുറിപ്പിൽ സ്വരൂപ് കുറിച്ചിരുന്നത് ഇങ്ങനെയാണ്: എനിക്ക് ആരെയും അഭിമുഖീകരിക്കാൻ ധൈര്യമില്ല. നീ ധൈര്യമായിരിക്കണം. നിന്റെ ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാലും എല്ലാവരും എന്നെ മോശക്കാരനായി കാണും. അതിനാൽ ഞാൻ പോകുന്നു. എന്നെ വിശ്വസിക്കൂ. ഞാൻ തെറ്റു ചെയ്തിട്ടില്ല. ലോകം വൈകാതെ അതു തിരിച്ചറിയും. നീയും നമ്മുടെ കുടുംബവും അതു തിരിച്ചറിയണം. എല്ലാ ആരോപണവും അടിസ്ഥാനരഹിതമാണ് എന്നും സ്വന്തം കൈപ്പടയിൽ ഭാര്യക്കായി എഴുതിയ ആത്മഹത്യക്കുറിപ്പിൽ സ്വരാജ് വിവരിക്കുന്നു.
തമിഴ്‌നാട്ടിലെ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷനിൽനിന്നു ബിരുദം നേടിയ ശേഷം പ്രോസസ് ഡവലപ്പറായാണ് സ്വരൂപ് ജെൻപാക്ട് ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് മാനേജ്‌മെന്റ് ട്രെയിനിയും സീനിയർ മാനേജരുമായി. കഴിഞ്ഞ സെപ്റ്റംബറിലാണ് കമ്പനിയുടെ വൈസ് പ്രസിഡന്റാകുന്നത്. സഹപ്രവർത്തകയായിരുന്ന കൃതിയെ രണ്ടു വർഷം മുൻപാണ് വിവാഹം ചെയ്തത്. നോയിഡയിലെ പാരമൗണ്ട് സൊസൈറ്റിയിലായിരുന്നു താമസം.