Sorry, you need to enable JavaScript to visit this website.

'അവരെ ആരും കൊന്നതല്ല...'; വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് വിധിയോട് രാഹുലിന്റെ പ്രതികരണം ഇങ്ങനെ

ന്യുദല്‍ഹി- ഗുണ്ടാനേതാവ് സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസിലെ 22 പ്രതികളേയും മുംബൈയിലെ കോടതി വെറുതെ വിട്ട വിധിയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരെ ഉന്നമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സൊഹ്‌റാബുദ്ദീന്‍ ശൈഖിന്റെ പേര് കൂടാതെ സംശയകരമായ സാഹചര്യങ്ങളില്‍ ഏറ്റുമുട്ടലുകളിലും മറ്റുമായി കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യ, സുഹ്‌റാബുദ്ദീന്‍ കേസില്‍ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച് ലോയ എന്നിവരുടെ പേരുകള്‍ക്കൊപ്പം ഇവരൊന്നും കൊല്ലപ്പെട്ടതല്ല, അവര്‍ മരിക്കുകയായിരുന്നുവെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. 

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമ്പോള്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ കേസില്‍ പ്രതിയുമായിരുന്നു. 2014ലാണ് കുറ്റവിമുക്തനാക്കപ്പെട്ടത്. രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടി ഗുജറാത്ത് പോലീസ് ഓഫീസര്‍മാര്‍ സൊഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ ബി, സുഹൃത്ത് തുളസിറാം പ്രജാപതി എന്നിവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് കേസ് അന്വേഷിച്ച സിബിഐ നേരത്തെ പറഞ്ഞിരുന്നു. ഹൈദരാബാദില്‍ നിന്നും സാംഗ്ലിയിലേക്കുള്ള ബസില് നിന്നും വലിച്ചിറക്കിയാണ് ഗുജറാത്ത് പോലീസ് 2005 നവംബര്‍ 22ന് ഇവരെ കൊലപ്പെടുത്തിയത്. അഹമദാബാദിനടുത്ത് വച്ചാണ് സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബ തീവ്രവാദിയായ സൊഹ്‌റാബുദ്ദീന്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡി കൊല്ലാന്‍ പദ്ധതിട്ടിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നത. കൗസര്‍ബിയെ മറ്റൊരിടത്തേക്ക് കൊണ്ടു പോയി നവംബര്‍ 29ന് ബലാല്‍സംഗം ചെയ്ത് വെടിവച്ചു കൊലപ്പെടുത്തിയെന്നും സിബിഐ കണ്ടെത്തിയിരുന്നു. സൊഹ്‌റാബുദ്ദീന്‍ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ സുഹൃത്ത് തുളസിറാം പ്രജാപതിയെ 2006 ഡിസംബര്‍ 27ന്ാണ് വ്യാജ ഏറ്റുമുട്ടലില്‍ ഗുജറാത്ത്-രാജസ്ഥാന്‍ പോലീസ് സംഘം വെടിവെച്ചു കൊന്നത്. 

തെളിവുകള്‍ കുറ്റം തെളിയിക്കാന്‍ മതിയായവയല്ലെന്ന് വ്യക്തമാക്കി വെള്ളിയാഴ്ചയാണ് സൊഹ്‌റാബുദ്ദീന്‍ കൊലക്കേസിലെ 22 പ്രതികളെ കോടതി വെറുതെ വിട്ടത്. ഇവരിലേറെയും പോലീസ് ഉദ്യോഗസ്ഥരാണ്. 

Latest News