Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചികിത്സക്കിടെ പെൺകുട്ടി മരിച്ച സംഭവം: അന്വഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

ഫാത്തിമത്ത് മുഹ്സിന 

കാസർകോട്- പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ബന്ധുക്കളും നിയമ സഹായ സമിതിയും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുഡ്ലു വില്ലേജിലെ ചൗക്കി ബദർ നഗറിലെ എൻ.എ മുഹമ്മദ് ഷാഫിയുടെ മകൾ ഫാത്തിമത്ത് മുഹ്സിന (18) കാസർകോട് സ്വകാര്യ ആശുപത്രിയിൽ മരിച്ച സംഭവമാണ് വിവാദമായത്. തൊലിയുടെ അലർജി കാരണം വ്രണം വന്ന കാലുമായി നവംബർ 19 ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പെൺകുട്ടി അടുത്ത ദിവസം മരിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർ ഒരു അസുഖവുമില്ലെന്ന് വിധിയെഴുതുകയും പിറ്റേന്ന് ഡോക്ടറുടെ ആവശ്യപ്രകാരം ലാബിൽ നിന്ന് രക്തം പരിശോധിക്കുകയും ചെയ്തു. ഉച്ചയോടെ മരുന്ന് കുത്തിവെക്കുകയും തുടർന്ന് ഛർദ്ദിച്ച് അവശ നിലയിലായ ഫാത്തിമത്ത് മുഹ്സിനയെ വൈകീട്ട് മൂന്ന് മണിയോടെ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ടി.ബിയുടെ ലക്ഷണം ഉണ്ടോ എന്ന് സംശയമുണ്ടെന്നും എക്‌സ്‌റേ എടുക്കണമെന്നും പറഞ്ഞു ഡോക്ടർ തന്നെയാണ് സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചത്. എന്നാൽ ആശുപത്രിയിലെ ജീവനക്കാരെയോ നഴ്‌സിനെയോ ആംബുലൻസിൽ കുട്ടിയുടെ കൂടെ അയക്കാൻ അധികൃതർ തയാറായിരുന്നില്ല. പത്ത് മിനിറ്റിനകം സർക്കാർ ആശുപത്രിയിൽ എത്തിയെങ്കിലും അപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു. മരുന്ന് കുത്തിവെച്ചതിൽ സംഭവിച്ച അപാകതയാണ് മരണത്തിന് കാരണമെന്നും ആശുപത്രി അധികൃതർ അനാസ്ഥയാണ് കാണിച്ചതെന്നും നിയമ സഹായ സമിതി ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കാസർകോട് ടൗൺ പോലീസ് സാധാരണ മരണം എന്ന നിലയിലാണ് കേസെടുത്തത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അനീമിയ രോഗം ബാധിച്ചത് കാരണമാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന് ഏതാനും മണിക്കൂറുകൾ മുമ്പ് നടത്തിയ രക്ത പരിശോധനയിൽ ഹീമോഗ്ലോബിന്റെ അളവ് കൂടുതൽ കാണുകയും ഈ രോഗത്തിന്റെ യാതൊരു ലക്ഷണവും കാണാതിരുന്നതും ദുരൂഹമാണെന്നും ബന്ധുക്കൾ പറയുന്നു. മരണം സംബന്ധിച്ച് കാസർകോട് പോലീസ് വിശദമായ അന്വേഷണം നടത്തുന്നില്ലെന്നും സമഗ്ര അന്വേഷണം തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കെല്ലാം പരാതി നൽകിയതായും ഭാരവാഹികൾ പറഞ്ഞു. നിയമ സഹായ സമിതി ജനറൽ സെക്രട്ടറി നൗഫൽ ഉളിയത്തടുക്ക, പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് ഷാഫി, സഹോദരൻ ഖലീൽ ചൗക്കി, പി.എം ഇഖ്ബാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Latest News