ആം ആദ്മിയില്‍ തര്‍ക്കം; രാജി വെക്കാന്‍ തയാറെന്ന് വനിതാ എം.എല്‍.എ

ന്യൂദല്‍ഹി- സിഖ് വിരുദ്ധ കലാപം ന്യായീകരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന പിന്‍വലിക്കണമെന്ന നിയമസഭാ പ്രമേയം ആം ആദ്മി പാര്‍ട്ടിയില്‍ വിവാദമായി. ഇതിനെ ചോദ്യം ചെയ്ത തന്നോട് രാജി ആവശ്യപ്പെട്ടിരിക്കയാണെന്നും രാജി വെക്കാന്‍ തയാറാണെന്നും ചാന്ദ്‌നി ചൗക്ക് എം.എല്‍.എ അല്‍ക്ക ലാംബ അറിയിച്ചു.  നിയമ സഭയില്‍ വെച്ച പ്രമേയത്തില്‍ രാജീവ് ഗാന്ധിയുടെ പേരില്ലായിരുന്നുവെന്നും പിന്നീട് സോമനാഥ് ഭാരതി നല്‍കിയ എഴുത്ത് മറ്റൊരു അംഗമായ ജര്‍ണെയ്ല്‍ സിങ് ഭേദഗതിയായി വായിച്ചതാണെന്നുമാണ് ഇതുംസംബന്ധിച്ച് എ.എ.പിയുടെ വിശദീകരണം.  


സിഖ് വിരുദ്ധ കലാപത്തെ വംശഹത്യയെന്ന് വിശേഷിപ്പിച്ച പ്രമേയത്തില്‍ മറ്റു കേസുകള്‍ കൂടി വേഗം തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അംഗങ്ങള്‍ക്കു മുന്‍കൂട്ടി വിതരണം ചെയ്ത പ്രമയത്തിനൊപ്പമാണ് രാജീവ് ഗാന്ധിക്കു നല്‍കിയ പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ഭാഗം കൂടി ചേര്‍ത്തത്. ശബ്ദവോട്ടോടെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു.


പ്രമേയം പാസാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സഭയില്‍നിന്നു വാക്കൗട്ട് നടത്തിയതിനെത്തുടര്‍ന്നാണ് പാര്‍ട്ടി തന്റെ  രാജി ആവശ്യപ്പെട്ടതെന്ന് അല്‍ക്ക ലാംബ പറയുന്നു. രാജി വെക്കാന്‍ തയാറാണ്. എന്നാല്‍ ഈ രാജ്യത്തിനുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ച രാജീവ് ഗാന്ധിയുടെ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന പ്രമേയത്തെ താന്‍ പിന്തുണക്കുന്നില്ലെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എ.എ.പി ബിജെപിയുടെ ബി ടീം ആണെന്ന വസ്തുതയാണു പുറത്തുവരുന്നതെന്ന് ദല്‍ഹി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടു വിഭജിച്ച് ബി.ജെ.പിയെ വിജയിപ്പിക്കാനാണ് ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ എ.എ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News