ഭുവനേശ്വർ- കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന വാഗ്ദാനം അധികാരം കിട്ടിയ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നടപ്പാക്കിയതോടെ, ബി.ജെ.പി മാത്രമല്ല ഇതര പാർട്ടികളും സമാന നീക്കങ്ങളുമായി രംഗത്ത്. ഒഡീഷയിൽ കർഷകരെ സഹായിക്കാൻ പതിനായിരം കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ബിജു ജനതാദൾ സർക്കാർ. എന്നാൽ കോൺഗ്രസിന്റേതു പോലെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളില്ലെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രസ്താവിച്ചു.
കർഷകരുടെ ജീവിതായോധനത്തിനും വരുമാനമുണ്ടാക്കാനുമുള്ള സഹായ പദ്ധതി (കാലിയ) എന്ന പേരിലാണ് ഇത് നടപ്പാക്കുന്നത്. സംസ്ഥാനത്തെ 30 ലക്ഷം കർഷകർക്ക് സഹായം കിട്ടുന്ന പദ്ധതിയാണിത്. ഇതനുസരിച്ച് ഖാരിഫ്, റാബി സീസണുകളിൽ അയ്യായിരം രൂപ വീതം വർഷം പതിനായിരം രൂപ ഓരോ കർഷകനും സർക്കാർ സഹായമായി ലഭിക്കും. ചരിത്രപരമായ ഈ പദ്ധതി സംസ്ഥാനത്ത് കാർഷിക മേഖലക്ക് ശക്തി പകരുമെന്നും ദാരിദ്ര്യ നിർമാർജനത്തിന് സഹായകമാകുമെന്നും നവീൻ പറഞ്ഞു. കാർഷിക വായ്പ എഴുതിത്തള്ളുന്നതു കൊണ്ട് വളരെ കുറച്ചു പേർക്കു മാത്രമേ പ്രയോജനം കിട്ടുകയുള്ളൂവെന്നും, ഈ പദ്ധതി മുഴുവൻ കർഷകർക്കും പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയതിനു പിന്നാലെ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ അവിടങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ ഗുജറാത്ത്, അസം സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാരുകളും കർഷക കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചു.