Sorry, you need to enable JavaScript to visit this website.

ദളിതനുമല്ല, മുസ്ലിമുമല്ല; ഹനുമാന്‍ ജാട്ട് സമുദാക്കാരനെന്ന് യുപി മന്ത്രി

ലഖ്‌നൗ- ഹനുമാന്‍ ദേവന്റെ സമുദായത്തെ ചൊല്ലിയുള്ള ഉത്തര്‍ പ്രദേശിലെ ബിജെപി ഉന്നത നേതാക്കളുടെ ചര്‍ച്ച അവസാനിക്കുന്നില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഹനുമാന്‍ ദളിതനാണെന്നു പറഞ്ഞ് ചര്‍ച്ചകള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് തുടക്കമിട്ടത്. കഴിഞ്ഞ ദിവസം ഹനുമാന്‍ മുസ്ലിം ആണെന്നും കാരണം മുസ്ലിം പേരുകളുമായി ഹനുമാന്റെ പേരിന് സമാനതയുണ്ടെന്നുമുള്ള വാദവുമായി ബിജെപി എല്‍.എല്‍.സി ബുക്കല്‍ നവാബ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഇതാ യുപിയിലെ മതകാര്യ മന്ത്രി കൂടി ഹനുമാന്റെ പുതിയ സമുദായം കണ്ടു പിടിച്ചിരിക്കുന്നു. ഹനുമാന്‍ ജാട്ട് സമുദായത്തില്‍പ്പെട്ട ആളാണെന്ന് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. തന്റെ ഈ വിലയിരുത്തല്‍ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ജാട്ട് സമുദാത്തിന്റേതിനു സമാനമായ സവിശേഷതകള്‍ ഹനുമാനിലും ഉണ്ടെന്നും മന്ത്രി പറയുന്നു.

'എന്റെ വിശ്വാസം ഹനുമാന്‍ ജി ജാട്ട് വിഭാഗത്തില്‍പ്പെട്ട ആളായിരുന്നുവെന്നാണ്. കാരണം ആരെങ്കിലും പ്രശ്‌നത്തിലകപ്പെട്ടാല്‍ ആരാണെന്നോ പ്രശ്‌നം എന്താണെന്നോ നോക്കാതെ അതിലേക്ക് എടുത്തു ചാടുന്നത് ജാട്ട് രീതിയാണ്. ഹനുമാനും ഇതു പോലെ ആയിരുന്നു. സീതാ ദേവിയെ രാവണന്‍ തട്ടിക്കൊണ്ടു പോയപ്പോള്‍ ഹനുമാന്‍ രാമ ദേവനെ സഹായിക്കാനായി ചാടിപ്പുറപ്പെടുകയായിരുന്നു,' മന്ത്രി വിശദീകരിച്ചു. ഒരു വ്യക്തിയുടെ സ്വഭാവ ഗുണങ്ങള്‍ പരിശോധിച്ച് വംശപാരമ്പര്യത്തെ കുറിച്ച് പറയാന്‍ കഴിയുമെന്നും മന്ത്രി പറയുന്നു. 

മതകാര്യം, ക്ഷീര വികസനം, സംസ്‌ക്കാരം, ന്യൂനപക്ഷ ക്ഷേമം, മുസ്ലിം വഖഫ്, ഹജ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യ ചെയ്യുന്ന മന്ത്രിയാണ് ലക്ഷ്മി നാരായണ്‍.
 

Latest News