ന്യൂദല്‍ഹി-ആവശ്യമെങ്കില്‍ രാജ്യത്തെ ഏതൊരു വ്യക്തികളുടെയും മൊബൈലും കമ്പ്യൂട്ടറും നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ പത്ത് ഏജന്‍സികള്‍ക്ക് അനുമതി. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കി. വ്യാഴാഴ്ച ആഭ്യന്തര സെക്രട്ടറി രാജിവ് ഗൗഭയാണ് ഉത്തരവ് നല്‍കിയത്. ഇതുവഴി രാജ്യത്തെ 10 ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറാനും, നിരീക്ഷണം നടത്താനും, കംപ്യൂട്ടറുകള്‍ വഴി കൈമാറ്റം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്തിട്ടുള്ള വിവരങ്ങളെ ഡീക്രിപ്റ്റ് ചെയ്യാനും സാധിക്കും. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സിബിഐ, എന്‍ഐഎ തുടങ്ങിയ 10 ഏജന്‍സികള്‍ക്കാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുമതി നല്‍കിയത്. ഈ ഏജന്‍സികള്‍ക്ക് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും കഴിയും. ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കമ്പ്യൂട്ടറുകള്‍, മൊബൈല്‍ എന്നിവ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഇനിമുതല്‍ ഈ ഏജന്‍സികള്‍ക്ക് പൗരന്റെ സ്വകാര്യതയിലേക്ക് അനുമതി കൂടാതെ കടന്ന് വരാന്‍ സാധിക്കും.
ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റീവ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, എന്‍.ഐ.എ, കാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് (ജമ്മുകശ്മീരിലും നോര്‍ത്ത് ഈസ്റ്റിലും അസാമിലും മാത്രം), ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവയാണ് മന്ത്രാലയം നല്‍കിയ ഉത്തരവില്‍ പറഞ്ഞിട്ടുള്ള ഏജന്‍സികള്‍.
ഫോണ്‍വിളികളും, ഇ-മെയിലുകളും മാത്രമല്ല കംപ്യൂട്ടറുകളില്‍ ശേഖരിച്ചിട്ടുള്ള എന്ത് വിവരങ്ങളിലേക്കും ഈ ഏജന്‍സികള്‍ക്ക് നുഴഞ്ഞുകയറാം. ആ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും ഇവര്‍ക്ക് അധികാരമുണ്ടാവും.