Sorry, you need to enable JavaScript to visit this website.

സിസ്റ്റർ അമല വധം: പ്രതിക്ക് ജീവപര്യന്തം തടവ്

സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാസർഗോഡ് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബുവിനെ പോലീസ് ജീപ്പിലേക്ക് കയറ്റുന്നു

കോട്ടയം- സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കാസർകോട് സ്വദേശി മൊഴുവാതട്ടുങ്കൽ സതീഷ് ബാബുവിനെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയും പിഴ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. കൊലപാതകം, മാനഭംഗം തുടങ്ങിയ കേസുകളിലാണ് ശിക്ഷ. പാലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.  വിധിപ്രസ്താവത്തിനായി ചേർന്ന കോടതിയിൽ താൻ നിരപരാധിയാണെന്നും ശിക്ഷിച്ചാൽ സത്യാവസ്ഥ പുറത്തുവരും വരെ ജയിലിൽ നിരാഹാരമിരിക്കുമെന്നും നേരത്തെ പ്രതി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോഴായിരുന്നു പ്രതി സതീഷ് ബാബു ഇങ്ങനെ പറഞ്ഞത്. 
 പാലാ ലിസ്യൂ കാർമ്മലെറ്റ് കോൺവെന്റിലെ സിസ്റ്റർ അമല(69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ വിധിച്ചു. ഐപിസി 302(കൊലപാതകം), 376(ബലാത്സംഗം), 457(ഭവനഭേദനം) എന്നീ വകുപ്പുകളിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇന്ന്് ശിക്ഷാ വിധി പറയും. 2015 സെപ്റ്റംബർ 16 ന് അർദ്ധരാത്രിയാണ്  സിസ്റ്റർ അമല  കൊലചെയ്യപ്പെട്ടത്. മഠത്തിൽ അതിക്രമിച്ചു കയറിയ   പ്രതി കാസർഗോഡ് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബു(സതീഷ് നായർ-38) കൈക്കോടാലി ഉപയോഗിച്ച് സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. നിലവിൽ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ ജയിലിലാണ്.  അറുപത്തിയഞ്ച് സാക്ഷികളെ വിസ്തരിച്ച കേസിൽ  87 പ്രമാണങ്ങളും 24 തൊണ്ടിസാധനങ്ങളും ഹാജരാക്കിയിരുന്നു. 

പാലാ അഡീഷണൽ സെക്ഷൻസ് കോടതിയിൽ നടന്ന വിചാരണയിൽപുറത്തു നിന്നുള്ളവരെ പ്രവേശിപ്പിച്ചിരുന്നില്ല. 2015ൽ  ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് സതീഷ് ബാബുവിനെ അഞ്ചു മാസം മുമ്പ് പാലാ കോടതി ആറു വർഷം കഠിനതടവിന് ശിക്ഷിച്ചത്.ഭരണങ്ങാനം മഠത്തിൽ നിന്നും മോഷ്ടിച്ച മൈബൈൽ ഫോണാണ് പ്രതി ഉപയോഗിച്ചിരുന്നത്. അന്നത്തെ പാലാ സിവൈഎസ് പി സുനീഷ് ബാബു, സി ഐ ബാബു സെബാസ്റ്റ്യൻ എന്നിവരാണ്് കേസ് അന്വേഷിച്ചത്.  പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോൺ ഉപേക്ഷിച്ച് ഉന്തരേന്ത്യയിലേക്ക് കടന്നു. പിന്നീട് കേരള പോലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഢ് പോലീസ് പിടികൂടി കൈമാറുകയായിരുന്നു.  
 പ്രതിക്കെതിരേ ചേറ്റുതോട്, ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ വിവിധ മഠങ്ങൾക്കു നേരെ നടന്ന ആക്രമണക്കേസുകൾ ഉൾപ്പെടെ 21 കേസുകളുണ്ട്. ഇവയിൽ മിക്കവയും തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. മറ്റൊരു കൊലപാതക കേസും കൊലപാതകശ്രമക്കേസും പ്രതിയ്‌ക്കെതിരേയുണ്ട്. ഇതിന്റെ വിചാരണ നടപടികൾ പാലാ കോടതിയിൽ പുരോഗമിക്കുകയാണ്.  2015  ഏപ്രിൽ 17 ന് ചേറ്റുതോട് മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട  സിസ്റ്റർ ജോസ് മരിയ(81)യുടെ മരണവും കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റർ ജസീന്തയെ (75)തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ് മറ്റൊരു കേസ്. ഉറക്കത്തിൽ കട്ടിലിൽ നിന്നും തെന്നി വീണുണ്ടായ മുറിവെന്നായിരുന്നു ആദ്യം സംശയിച്ചത്. പിന്നീട് പ്രതിയെ ചോദ്യം ചെയ്തപ്പോൾ തലയ്ക്കടിച്ചതെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.  

Latest News