സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് കോടതി; എല്ലാ പ്രതികളേയും വെറുതെ വിട്ടു

മുംബൈ- ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് - തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അവശേഷിച്ച 22 പ്രതികളേയും മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കി. ഗൂഢാലോചനയും കൊലപാതകവും തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും സാഹചര്യത്തെളിവുകള്‍ ശക്തമല്ലെന്നും കോടതി വ്യക്തമാക്കി.
അമിത് ഷായും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 38 പ്രതികളുണ്ടായിരുന്ന കേസില്‍ അമിത് ഷായടക്കം 16 പേരെ 2014ല്‍ വിട്ടയച്ചിരുന്നു. 2005ല്‍ ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ അവിടെ ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ.
മുഖ്യസാക്ഷി അസംഖാനും മറ്റൊരു സാക്ഷി മഹേന്ദ്ര സാലയും തങ്ങളുടെ മൊഴി പുനഃപരിശോധിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നുവെങ്കിലും വിചാരണ പൂര്‍ത്തിയായ സാഹചര്യത്തില്‍  ഹരജി കോടതി തള്ളിയിരുന്നു.

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസ് സംഘങ്ങള്‍ നടത്തിയ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസില്‍ 21 പോലീസ് ഉദ്യോഗസ്ഥരും ഗുജറാത്തിലെ ഒരു ഫാം ഹൗസ് ഉടമയുമായിരുന്നു പ്രതികള്‍.  ഭീകരസംഘടനയായ ലശ്കറെ തയ്യിബയുമായും പാക്കിസ്ഥാന്‍ ചാരസംഘടന ഐ.എസ്‌ഐയുമായും സൊഹ്‌റാബുദിനു ബന്ധമുണ്ടെന്നും ഗുജറാത്തിലെ ഉന്നത രാഷ്ട്രീയ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ആരോപിച്ച് വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും കൊലപ്പെടുത്തിയെന്നാണു കേസ്.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിന്റെ കൂട്ടാളിയായിരുന്ന തുളിസിറാം പ്രജാപതിയെ പിന്നീടു കൊലപ്പെടുത്തി. അന്നത്തെ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ്് കഠാരിയ, ഗുജറാത്ത് പോലീസ് മുന്‍ േമധാവി പി.സി.പാണ്ഡെ, മുന്‍ ഡിഐജി ഡി.ജി.വന്‍സാരെ എന്നിവരെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം നേരത്തെ വിട്ടയച്ചിരുന്നു.

 

Latest News