Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വനിതാ മതിൽ: എസ്.എൻ.ഡി.പിയിൽ ആശയക്കുഴപ്പം

പാലക്കാട്- വനിതാ മതിലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പിയിൽ ആശയക്കുഴപ്പം പുകയുന്നു. മതിലുമായി സഹകരിക്കാത്തവർക്ക് സംഘടനയിൽ സ്ഥാനമുണ്ടാവില്ലെന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുന്നറിയിപ്പ് വലിയ ആശയക്കുഴപ്പത്തിലാണ് നേതാക്കളെയും പ്രവർത്തകരെയും കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. ബി.ഡി.ജെ.എസിലും എസ്.എൻ.ഡി.പി യോഗത്തിലും എസ്.എൻ ട്രസ്റ്റിലുമെല്ലാം ഒരേസമയം പ്രവർത്തിക്കുന്ന നേതാക്കളാണ് വെട്ടിലായിരിക്കുന്നത്. മതിൽ വിജയിപ്പിക്കുന്നതിന് ആവശ്യമായ രീതിയിൽ ശാഖാതലത്തിൽ യോഗങ്ങൾ വിളിച്ചുകൂട്ടാൻ പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളിയുടെ നിർദേശം കീഴ്ഘടകങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു. വനിതാ മതിലിനെതിരേ ആശയ പ്രചാരണം നടത്താനുള്ള എൻ.ഡി.എയുടെ തീരുമാനം ബി.ഡി.ജെ.എസിന്റെ ഘടകങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസിന്റെ പാലക്കാട് ജില്ലാ പ്രസിഡന്റ് വി.പി. ചന്ദ്രൻ എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം താലൂക്ക് പ്രസിഡന്റും പ്രദേശത്തെ എസ്.എൻ ട്രസ്റ്റ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനുമാണ്. എൻ.ഡി.എയുടെ ജില്ലാ കൺവീനർ എന്ന നിലയിൽ മതിലിനെതിരേ പ്രചാരണം ശക്തമാക്കേണ്ടതിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ഭാരവാഹി എന്ന നിലയിൽ മതിൽ വിജയിപ്പിക്കേണ്ടതിന്റെയും ചുമതല അദ്ദേഹത്തിനുണ്ട് എന്ന് ചുരുക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷൊർണൂരിൽ നിന്ന് മൽസരിച്ച് മുപ്പത്തി മൂവ്വായിരത്തിലധികം വോട്ട് നേടിയ ചന്ദ്രൻ സംഘ്പരിവാറുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവായാണ് അറിയപ്പെടുന്നത്. 
പ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാന തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഒരേസമയം ബി.ഡി.ജെ.എസിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റുമായി പ്രവർത്തിക്കുന്ന തുഷാർ വെള്ളാപ്പള്ളിയുടെ നിലപാടിനു കാതോർത്ത് ഇരിക്കുകയാണ് ജില്ലയിലെ നേതാക്കൾ. ഇതിനിടെ എസ്.എൻ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പരമാവധി കുട്ടികളെയും അധ്യാപകരെയും മതിൽ പ്രവർത്തനത്തിൽ പങ്കാളിയാക്കാൻ ട്രസ്റ്റ് ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശൻ നിർദേശം നൽകിയിട്ടുണ്ട്. അതിനെതിരേ വിവിധ സ്ഥാപനങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും രംഗത്തിറങ്ങിയത് വിഷയം സങ്കീർണമാക്കുന്നു. വിവാദങ്ങളിൽ പുകയുന്ന വനിതാ മതിലിൽ പങ്കെടുക്കാനാവശ്യപ്പെട്ടാൽ അതിനെ എതിർക്കുന്നവർ സ്ഥാപനത്തിന് എതിരേ തിരിയുമെന്ന ആശങ്കയിലാണ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ മേധാവികൾ. കൊല്ലം കഴിഞ്ഞാൽ എസ്.എൻ ട്രസ്റ്റിന് ഏറ്റവുമധികം സ്ഥാപനങ്ങൾ ഉള്ള ജില്ലയാണ് പാലക്കാട്. രണ്ട് എയ്ഡഡ് കോളേജുകൾ ഉൾപ്പെടെ എയ്ഡഡ് മേഖലയിലും അൺഎയ്ഡഡ് മേഖലയിലുമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ ട്രസ്റ്റിന് ജില്ലയിലുണ്ട്. 
തൽക്കാലം ധിറുതിപിടിച്ച് ഒരു തീരുമാനവും എടുക്കേണ്ടെന്ന ധാരണയിലാണ് നേതാക്കൾ എത്തിയിരിക്കുന്നത്. എന്നാൽ ബി.ഡി.ജെ.എസുമായി ബന്ധമില്ലാത്ത ഒരു വിഭാഗം നേതാക്കൾ ജില്ലാ നേതൃത്വത്തിനെതിരേ രംഗത്തിറങ്ങിയത് എസ്.എൻ.ഡി.പി യോഗത്തിൽ തർക്കം സങ്കീർണമാക്കുന്നു. ജനറൽ സെക്രട്ടറിയുടെ നിർദേശമനുസരിച്ച് താഴേത്തട്ടിൽ യോഗങ്ങൾ വിളിച്ചുകൂട്ടാനുള്ള നടപടികൾ ആരംഭിക്കണമെന്ന ആവശ്യമാണ് അവർ ഉയർത്തുന്നത്. 

 

Latest News