Sorry, you need to enable JavaScript to visit this website.

ടാൻസാനിയൻ സയാമീസ് ഇരട്ടകൾക്ക് ഞായറാഴ്ച ശസ്ത്രക്രിയ

റിയാദ് - ടാൻസാനിയൻ സയാമീസ് ഇരട്ടകളായ അനീശക്കും മിലിനിസിനും അടുത്ത ഞായറാഴ്ച വേർപെടുത്തൽ ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ സംഘം തീരുമാനിച്ചു. റിയാദ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടത്തുക. 
റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സൂപ്പർവൈസർ ജനറലും സയാമീസ് ഇരട്ടകൾക്ക് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തുന്ന മെഡിക്കൽ സംഘം നേതാവുമായ ഡോ. അബ്ദുല്ല അൽറബീഅയുടെ അധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ സംഘമാണ് കുട്ടികൾക്ക് ഞായറാഴ്ച ഓപറേഷൻ നടത്താൻ തീരുമാനിച്ചത്. 
നെഞ്ചിന്റെ അടിഭാഗത്തും വയറും ഇടുപ്പും ഒട്ടിപ്പിടിച്ച നിലയിലുള്ള പെൺകുട്ടികൾക്ക് ഓരോരുത്തർക്കും ഓരോ കാൽ വീതമാണുള്ളത്. മറ്റൊരു കാൽ രണ്ടു പേരും പങ്കുവെക്കുന്നു. കുട്ടികളുടെ കരളും കുടലുകളും ജനനേന്ദ്രിയങ്ങളും മൂത്രസംവിധാനവും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലാണ്. പതിമൂന്നര മണിക്കൂർ എടുത്ത് ചെയ്യുന്ന ശസ്ത്രക്രിയയുടെ വിജയ സാധ്യത 60 ശതമാനമാണ്. ഡോക്ടർമാരും ടെക്‌നിഷ്യന്മാരും നഴ്‌സുമാരം അടക്കം 32 പേർ അടങ്ങിയ മെഡിക്കൽ സംഘം ഒമ്പതു ഘട്ടമായമാണ് ശസ്ത്രക്രിയ നടത്തുക. സൗദിയിൽ സയാമീസ് ഇരട്ടകൾക്ക് നടത്തുന്ന 47 ാമത്തെ വേർപെടുത്തൽ ശസ്ത്രക്രിയയാണിതെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. 
സൗദിയിൽ ആദ്യമായി സയാമീസ് ഇരട്ടകൾക്ക് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തിയത് 1990 ഡിസംബർ 31 ന് ആയിരുന്നു. വയർ ഒട്ടിപ്പിടിച്ച നിലയിലുള്ള സൗദി സയാമീസ് ഇരട്ടകൾക്ക് കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ വെച്ച് ഡോ. അബ്ദുല്ല അൽറബീഅയാണ് ഓപറേഷൻ നടത്തിയത്. രണ്ടാമത്തെ ഓപറേഷൻ സുഡാനി സയാമീസ് ഇരട്ടകൾക്കും മൂന്നാമത്തെ ശസ്ത്രക്രിയ സൗദി സയാമീസ് ഇരട്ടകൾക്കും നടത്തി. ഇതിനു ശേഷം സയാമീസ് ഇരട്ടകൾക്കുള്ള ഓപറേഷൻ കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ നിന്ന് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റി. നാലാമത്തെ ഓപറേഷൻ സൗദി സയാമീസ് ഇരട്ടകളായ ഹസനും ഹുസൈനും അഞ്ചാമത്തെ ശസ്ത്രക്രിയ സുഡാനി സയാമീസ് ഇരട്ടകളായ നജ്‌ലാക്കും നസീബക്കും ആറാമത്തെ ഓപറേഷൻ മലേഷ്യൻ സയാമീസ് ഇരട്ടകളായ അഹ്മദിനും മുഹമ്മദിനും നടത്തി. ഇതിനു ശേഷമാണ് ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ താലിയക്കും താലീനും വേർപെടുത്തൽ ശസ്ത്രക്രിയ നടത്തിയത്. തത്സമയ സംപ്രേഷണം നടത്തിയ ആദ്യ ശസ്ത്രക്രിയയായിരുന്നു ഇത്. 


 

Latest News