Sorry, you need to enable JavaScript to visit this website.

ആശങ്കകൾക്കിടയിലും സാമ്പത്തിക  ഭദ്രത ഉറപ്പാക്കിയ ബജറ്റ് 

സാമ്പത്തിക സുസ്ഥിരതയും വളർച്ചയും സാമൂഹ്യ ക്ഷേമവും ലക്ഷ്യമിട്ടുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സൗദി അറേബ്യ തങ്ങളുടെ സാമ്പത്തിക ശേഷി ലോകത്തിനു മുൻപാകെ ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. പ്രതിസന്ധികളെ മറികടന്ന് സാമ്പത്തിക പുരോഗതിയും വളർച്ചയും കൈവരിക്കാൻ വേണ്ട എല്ലാ ചേരുവകളും ഉൾക്കൊള്ളുന്നതാണ് 2019ലെ പൊതു ബജറ്റ്. 
സ്വദേശികളെ സംബന്ധിച്ചിടത്തോളം ബജറ്റ് നിർദേശങ്ങൾ ആഹ്ലാദത്തിന് വക നൽകുന്നതാണെങ്കിലും വിദേശികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതായി ബജറ്റ് എന്നുവേണം വിലയിരുത്താൻ. വിദേശ നിക്ഷേപം, സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ വിദേശികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷക്കു വക നൽകുന്നതാണ്. എന്നാൽ ചെലവുകളിൽ വർധനയല്ലാതെ കുറവുകൾക്ക് സാധ്യത കാണാത്തതിനാൽ സാധാരണക്കാരായ പ്രവാസികൾക്ക് സാമ്പത്തിക ഞെരുക്കം കൂടുമെന്നുറപ്പാണ്. 
സ്വകാര്യ മേഖലക്ക് ഉത്തേജനം നൽകുന്നതിന് 20,000 കോടി റിയാൽ ബജറ്റിൽ നീക്കിവെച്ചിരിക്കുന്നുവെന്നത് വികസന പ്രക്രിയകളിലും പൊതു വിപണിയിലും സ്വകാര്യ പങ്കാളിത്തം കൂടാൻ സഹായിക്കും. 
ഇത് സാമ്പത്തിക മേഖലക്ക്, പ്രത്യേകിച്ച് തൊഴിൽ മേഖലയിൽ ഉണർവു പകരും. അതേസമയം പെട്രോളിതര മേഖലയിൽനിന്നുള്ള വരുമാനം അടുത്ത വർഷം 31,300 കോടി റിയാലായി വർധിക്കുമെന്നത് ലെവി അടക്കമുള്ള കാര്യങ്ങളിൽ മാറ്റത്തിനു സാധ്യതയില്ലെന്നാണ് സൂചിപ്പിക്കന്നത്. 
2014ൽ പെട്രോളിതര മേഖലാ വരുമാനം 12,700 കോടിയായിരുന്നത് നടപ്പു വർഷം 28,700 കോടിയായാണ് ഉയർന്നത്. അത് അടുത്ത വർഷം 31,300 കോടിയായി ഉയരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനർഥം നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലെവികളിലും നികുതികളിലും കുറവുണ്ടാവാൻ പോകുന്നില്ലെന്നു വേണം കരുതാൻ. 
സാമ്പത്തിക പ്രതിസന്ധികളിൽനിന്ന് കരകയറാനുള്ള ആശ്വാസ നടപടികൾ ബജറ്റിലുണ്ടായേക്കുമെന്ന പ്രതീക്ഷ പ്രവാസികൾ വെച്ചുപുലർത്തിയിരുന്നു. വിദേശ തൊഴിലാളികൾക്കും വിദേശ തൊഴിലാളികളുടെ ആശ്രിതർക്കുമുള്ള മാസലെവി, വാറ്റ്, പുകയില ഉൽപ്പന്നങ്ങൾക്കും, സോഫ്റ്റ് ഡ്രിംഗ്‌സിനും ചുമത്തുന്ന എക്‌സൈസ് ഡ്യൂട്ടി, ഊർജ മേഖലയിലെ സബ്‌സിഡി വെട്ടിക്കുറക്കൽ തുടങ്ങിയ നടപടികളിലൂടെയാണ് എണ്ണയിതര വരുമാനം കണ്ടെത്തുന്നത്. നടപ്പു വർഷം 32 ശതമാനം വളർച്ചയാണ് ഈ മേഖലയിലുണ്ടായത്. അത് അടുത്ത വർഷം കൂടുമെന്ന് പറയുമ്പോൾ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്നു വേണം കരുതാൻ. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും സൗദിയുടെ സാമ്പത്തിക വളർച്ചക്ക് ഏറെ ഗുണം ചെയ്യുന്ന നടപടികളായി വേണം ഇതിനെ കാണാൻ. 
സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള എക്കാലത്തേയും വലിയ ബജറ്റെന്നാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ബജറ്റിനെ വിശേഷിപ്പിച്ചത്. സാമ്പത്തിക അച്ചടക്കം പാലിച്ചും സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ സുതാര്യത ഉറപ്പാക്കിയും സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകാൻ പ്രതിജ്ഞാബദ്ധമാണെന്ന രാജാവിന്റെ പ്രഖ്യാപനം വിഷൻ 2030 ലക്ഷ്യമിട്ടുള്ള നടപടികൾക്ക് ആക്കം കൂട്ടാൻ സഹായകരമായതാണ്. 
ചരിത്രത്തിൽ ആദ്യമായാണ് ട്രില്യൺ റിയാലിന്റെ ബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകുന്നത്. പൊതു ചെലവുകൾ വർധിപ്പിക്കുമ്പോൾ തന്നെ കമ്മി കുറക്കാൻ കഴിയുന്നുവെന്നത് ഏടുത്തു പറയേണ്ട സംഗതിയാണ്. 97,500 കോടി റിയാൽ വരുമാനം പ്രതീക്ഷിക്കുമ്പോൾ പൊതു ചെലവുകൾക്ക് 1.106 ട്രില്യൺ റിയാലാണ് (1,10,600 കോടി റിയാൽ) വകയിരുത്തിയിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 7.3 ശതമാനം കൂടുതലാണിത്. വരുമാനത്തിൽ ഒമ്പതു ശതമാനം കൂടുതലാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വരുമ്പോൾ 13,100 കോടി റിയാലാണ് കമ്മി പ്രതീക്ഷിക്കുന്നത്. 2017ൽ കമ്മി 23,800 കോടിയും നടപ്പു വർഷം 19,500 കോടിയുമായിരുന്നു. 
അടുത്ത വർഷം പെട്രോളിയം മേഖലയിൽനിന്നുള്ള വരുമാനം 66,200 കോടി റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഈ മേഖലയിൽ നിന്നുള്ള വരുമാനം 60,700 കോടിയായിരുന്നു. അത്  ഒമ്പതു ശതമാനം കണ്ട് വർധിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. അടുത്ത വർഷം 2.6 ശതമാനം സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്നു.  ഈ വർഷം 2.3 ശതമാനമായിരുന്നു സാമ്പത്തിക വളർച്ച. 
മുൻ വർഷത്തെക്കാളും ഓയിൽ മേഖലയിൽ കൂടുതൽ പ്രതീക്ഷയാണ് പുലർത്തുന്നത്. ഓയിൽ വിലയിൽ ചാഞ്ചാട്ടം നിലനിൽക്കുമ്പോൾ ഈ പ്രതീക്ഷ ലക്ഷ്യം കാണുമോ എന്നതിൽ സാമ്പത്തിക വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഓയിൽ വില ബാരലിന് 80 ഡോളറെങ്കിലും എത്തിയാലെ ഈ ലക്ഷ്യം കൈവരിക്കാനാവൂ. എന്നാൽ നിലവിൽ വില 60 ഡോളറിൽ താഴെയാണെന്നതാണ് ആശങ്കക്കു കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. 
എല്ലാ പ്രവിശ്യകളിലും സർവ മേഖലകളിലും സമഗ്ര വികസനമെന്നതാണ് ബജറ്റ് ലക്ഷ്യം. പൗരന്മാർക്ക് നൽകുന്ന അടിസ്ഥാന സേവനങ്ങളും സർക്കാർ സേവനങ്ങൾ നവീകരിക്കുന്നതിനും ബജറ്റ് ഊന്നൽ നൽകുന്നു. സ്വദേശികളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ബജറ്റ് ഏറെ പ്രാധാന്യമാണ് നൽകുന്നത്. 
രണ്ടു വർഷത്തിനിടെ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളും പദ്ധതികളും ബജറ്റ് കമ്മി കുറക്കുന്നതിന്  സഹായകമായിട്ടുണ്ടെന്നും അതിനാൽ അതു തുടരുമെന്നുമുള്ള കിരീടാവകാശിയും  സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രഖ്യാപനം സാമ്പത്തിക പ്രതിസന്ധിയെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതുകൂടിയാണ്.  പെട്രോളിതര മേഖലയിൽനിന്നുള്ള വരുമാനം ഉയർത്തി വരുമാന സ്രോതസുകളുടെ വൈവിധ്യവൽക്കരണത്തിനും ധനസുസ്ഥിരത ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളിൽ മാറ്റമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. 
വിവിധ മേഖലകളിൽ സാമ്പത്തിക പരിഷ്‌കരണങ്ങളും പുനഃസംഘടനകളും അടുത്ത വർഷവും തുടരുമെന്നും  സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകുന്നതിനും പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആകർഷകമായ നിക്ഷേപ സാഹചര്യം ഉണ്ടാക്കുന്നതിനും ലക്ഷ്യമിടുന്നതായുള്ള കിരീടാവകാശിയുടെ പ്രഖ്യാപനം മുന്നോട്ടുവെച്ചിട്ടുള്ള ചുവടുകളിൽനിന്ന് പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. 

Latest News