പ്രസാദത്തില്‍ വിഷം ചേര്‍ത്തത് ക്ഷേത്രപൂജാരി; 15 പേരുടെ മരണത്തില്‍ കലാശിച്ച പ്രതികാരത്തിന്റെ കഥ ഇങ്ങനെ

ബംഗളുരു- കര്‍ണാടകയിലെ ചാമരാജനഗര്‍ കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് 15 പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ ആശുപത്രിയിലാകുകയും ചെയ്ത ഭക്ഷ്യവിഷബാധയ്ക്കു പിന്നിലെ ഞെട്ടിപ്പിക്കുന്ന പ്രതികാരത്തിന്റെ കഥ പുറത്ത്. ക്ഷേത്രത്തിലെ മുന്‍ പൂജാരിയാണ് പ്രസാദത്തില്‍ വിഷം ചേര്‍ത്തതെന്ന് വെളിപ്പെട്ടിരിക്കുകയാണിപ്പോള്‍. ക്ഷേത്രം ട്രസ്റ്റ് അധ്യക്ഷനായ ഇമ്മാഡി മഹാദേവ സ്വാമിയുടെ നിര്‍ദേശ പ്രകാരം 15 കുപ്പി കീടനാശിനി പ്രസാദം പാചകം ചെയ്യുന്നതിനിടെ രഹസ്യമായി ചേര്‍ത്തെന്ന് അറസ്റ്റിലായ മുന്‍ പൂജാരി ദൊഡ്ഡയ്യ തംബാഡി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. അഞ്ചു ദിവസം നീണ്ട അന്വേഷണത്തിനു ശേഷം ബുധനാഴ്ചയാണ് ദൊഡ്ഡയ്യയ്ക്കു പുറമെ  മഡേശ്വര ഹില്‍ സലൂര്‍ മഠം ഉപമേധാവി ഇമ്മാഡി മഹാദേവ സ്വാമി എന്ന ദേവണ്ണ ബുദ്ധി(52), ക്ഷേത്ര ട്രസ്റ്റി മദേശ(46), ഭാര്യ അംബിക(35) എന്നീ നാലു പേരെ  പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം നടന്ന മാരമ്മ ക്ഷേത്രത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് മാനേജ്‌മെന്റിനോടുള്ള പ്രതികാരം തീര്‍ക്കാനാണ് ഇമ്മാഡി മഹാദേവ സ്വാമി പ്രസാദത്തില്‍ വിഷം കലര്‍ത്താന്‍ ആളുകെ ഏര്‍പ്പാടാക്കിയതെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് ഐജി കെ.വി ശരത് ചന്ദ്ര പറഞ്ഞു. മാരമ്മ ക്ഷേത്രത്തില്‍ ഗോപുര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മഹാദേവ സ്വാമിയും ക്ഷേത്ര മാനേജ്‌മെന്റും തമ്മില്‍ ഉടക്കുണ്ടായിരുന്നു. ഈ വിഭാഗത്തെ വെട്ടിലാക്കാനാണ് ഇതു ചെയ്തതെന്ന് മഹാദേവ സ്വാമി വെളിപ്പെടുത്തി. നാലു പേരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പ്രതികാരം ഇങ്ങനെ
താന്‍ സമര്‍പ്പിച്ച ഗോപുര നിര്‍മ്മാണ പദ്ധതിയെ എതിര്‍ത്ത മാരമ്മ ക്ഷേത്രം ട്രസ്റ്റി ചിന്നപ്പി, ഹൊന്‍ഡറബലു മഠത്തിലെ നീലകണ്ഠ ശിവാചാര്യ സ്വാമി എന്നിവരുള്‍പ്പെടെയുള്ളവരോട് പ്രതികാരം തീര്‍ക്കാനാണ് ഇതു ചെയ്തതെന്ന് മഹാദേവ് സ്വാമി പറഞ്ഞു. ക്ഷേത്ര ഭരണം 2017 വരെ പൂര്‍ണമായും മഹാദേവ സ്വാമിയുടെ നിയന്ത്രണത്തിലായിരുന്നു. ഇതു വഴി സ്വാമി ധാരാളം പണമുണ്ടാക്കിയിരുന്നു. എന്നാല്‍ വിശ്വാസികളുടേയും പ്രദേശ വാസികളുടേയും ശക്തമായ നിര്‍ബന്ധത്തെ തുടര്‍ന്ന് ഒരു ട്രസ്റ്റ് രൂപീകരിച്ചതോടെയാണ് സ്വാമിയുടെ നിയന്ത്രണം നഷ്ടമായത്. തന്റെ ആഗ്രഹ പ്രകാരമല്ലാതെ ട്രസ്റ്റ് രൂപീകരിച്ചതും ഇതോടെ തന്റെ വരുമാന സ്രോതസ്സ് അടഞ്ഞതും സ്വാമിയെ പ്രതികാര ദാഹിയാക്കുകയായിരുന്നു. ഇതിനു ശേഷം ക്ഷേത്ര മാനേജ്‌മെന്റും സ്വാമിയും തമ്മില്‍ ശീതയുദ്ധം തുടര്‍ന്നു.

ഒക്ടോബറില്‍ ട്രസ്റ്റ് ക്ഷേത്രത്തിന് ഒരു ഗോപുരം നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയും ഇതു സ്വാമിയെ അറിയിക്കുകയും ചെയ്തു. സ്വാമി ഉടന്‍ തമിഴ്‌നാട്ടിലെ ഒരു ക്ഷേത്ര ശില്‍പ്പിയുമായി ബന്ധപ്പെട്ട് ഒന്നര കോടിയുടെ നിര്‍മ്മാണ പദ്ധതി അവതരിപ്പിച്ചു. എന്നാല്‍ സ്വാമിയുടെ ഈ പദ്ധതി പണംതട്ടാനാണെന്ന ആരോപണം ഉയര്‍ന്നതോടെ ട്രസ്റ്റ് സ്വാമിയുടെ പദ്ധതി തള്ളി. ഇതു വെറും പാഴ്‌ച്ചെലവാണെന്നു വ്യക്തമാക്കിയ ട്രസ്റ്റ് 75 ലക്ഷം രൂപ ചെലവില്‍ ഗോപുരം നിര്‍മ്മിക്കാനുള്ള മറ്റൊരു പദ്ധതി തയാറാക്കി. ഇതിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഡിസംബര്‍ 14 നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇതു മഹാദേവ സ്വാമിയെ ചൊടിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചടങ്ങ് നടന്ന ദിവസം പാചകം ചെയ്ത പ്രസാദത്തിലാണ് വിഷം കലര്‍ത്തിയത്. പൂജാരി ദൊഡ്ഡയ്യയാണ് പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയത്. കൃഷിവകുപ്പ് ഓഫീസറായ ഒരു ബന്ധു വഴി അംബികയാണ് പത്തു ദിവസം മുമ്പ് കീടനാശിനി തരപ്പെടുത്തി നല്‍കിയത്. ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധ വാര്‍ത്തയറിഞ്ഞ കൃഷ്ി ഓഫീസര്‍ കാര്യമന്വേഷിച്ച് അംബികയെ വിളിച്ചിരുന്നെന്നും കീടനാശിനി പ്രസാദത്തില്‍ കലര്‍ത്തിയെന്ന് ഈ സംഭാഷണത്തില്‍ അംബിക സമ്മതിച്ചിരുന്നതായും ഐജി പറഞ്ഞു. പാചകക്കാരന്റെ കണ്ണുവെട്ടിച്ചാണ് വിഷം കലര്‍ത്തിയത്. രുചിയില്‍ മാറ്റം അനുഭവപ്പെട്ടിരുന്നെങ്കിലും അതു മസാല കൂടിയതാകാം കാരണമെന്ന് കരുതിയതായി പാചകക്കാരന്‍ പോലീസിനോട് പറഞ്ഞിരുന്നു.

പൂജാരി കുടുങ്ങിയത് ഇങ്ങനെ
പ്രസാദം കഴിച്ച എല്ലാവരും ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോള്‍ പൂജാരി ദൊഡ്ഡയ്യയും കെആര്‍ ഹോസ്പിറ്റലിലെത്ത് അഡമിറ്റ് ആയി. എന്നാല്‍ വിഷബാധയേറ്റവര്‍ വേദയില്‍ പുളയുമ്പോഴും ദൊഡ്ഡയ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ കിടക്കുന്നത് കണ്ട ഡോക്ടര്‍മാര്‍ക്കാണ് ആദ്യം സംശയം തോന്നിയത്. തുടര്‍ന്ന രക്ഷ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ വിഷബാധ ഏറ്റിട്ടില്ലെന്ന് കണ്ടെത്തി. ഇക്കാര്യം ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് ആശുപത്രി സ്റ്റാഫിന്റെ വേഷത്തില്‍ ആശുപത്രിയില്‍ ദൊഡ്ഡയ്യയെ രഹസ്യ നിരീക്ഷിച്ചു. തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു പുറത്തു പോകുന്നതിനിടെയാണ് ദൊഡ്ഡയ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയതപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തായത്.

മഹാദേവ സ്വാമിക്ക് അംബികയുമായി അവിഹിത ബന്ധവും
ഹനൂരിലെ ശഗ്യ സ്വദേശികളായ ഒന്നാം പ്രതി മഹാദേവ സ്വാമിയും രണ്ടാം പ്രതി അംബികയും തമ്മില്‍ അവിഹതി ബന്ധമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. മഹാദേവ സ്വാമി പലപ്പോഴും അംബികയുടെ വീട്ടിലെത്തിയിരുന്നു. സുലുവാഡിക്കു സമീപം മര്‍ത്തഗള്ളിയില്‍ അംബികയ്ക്കും ഭര്‍ത്താവിനും ഒരു വീടും മഹാദേവ സ്വാമി നല്‍കിയിരുന്നു. അംബികയുടെ ഭര്‍ത്താവ് മദേശയെ എട്ടു വര്‍ഷം മുമ്പ് സ്വാമി ക്ഷേത്രം മാനേജരായി നിയമിക്കുകയും ചെയ്തിരുന്നു.
 

Latest News