Sorry, you need to enable JavaScript to visit this website.

ലെവി വഴി സമാഹരിച്ചത് 2,800 കോടി റിയാൽ

ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പത്രസമ്മേളനത്തില്‍.

റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കുള്ള ലെവിയും വിദേശികളുടെ കുടുംബാംഗങ്ങൾക്കുള്ള ആശ്രിത ലെവിയും വഴി സൗദി അറേബ്യ സമാഹരിച്ചത് 2,800 കോടി റിയാൽ. ബജറ്റിൽ കണക്കാക്കിയതിനേക്കാൾ 2.6 ശതമാനം കൂടുതലാണിത്. അടുത്ത വർഷം ലെവി വരുമാനം ഇരട്ടിയായി 5,640 കോടി റിയാലിൽ എത്തുമെന്നാണ് കണക്ക്. 
ധനമന്ത്രി മുഹമ്മദ് അൽജദ്ആനാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ലെവി പിൻവലിച്ചേക്കുമെന്ന കിംവദന്തിക്കിടെയാണ് ലെവി വഴി സമാഹരിച്ച തുക എത്രയെന്ന് ധനമന്ത്രി വെളിപ്പെടുത്തിയത്. സാമ്പത്തിക പരിഷ്‌കാരങ്ങൾ രാജ്യത്തെ മുന്നോട്ടുനയിക്കുന്നുണ്ടെന്ന് കിരീടാവകാശിയും വ്യക്തമാക്കിയിരുന്നു. ലെവി അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം. 
ലെവിയുമായി ബന്ധപ്പെട്ട സർക്കാർ നയം നേരത്തെതന്നെ പരസ്യപ്പെടുത്തിയതാണ്. ഇതിൽ മാറ്റം വരുത്താൻ ആലോചനയില്ലെന്നും മുഹമ്മദ് അൽജദ്ആൻ ആവർത്തിക്കുകയും ചെയ്തു.
ലെവി പുനഃപരിശോധിക്കാൻ നീക്കമുള്ളതായി കിംവദന്തികൾ പ്രചരിച്ചിരുന്നു. ലെവി പൂർണമായും റദ്ദാക്കില്ലെന്നും ലെവിയിൽ ഭേദഗതി വരുത്തുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് മന്ത്രിതല കമ്മിറ്റി പഠിക്കുന്നുണ്ടെന്നുമായിരുന്നു റിപ്പോർട്ട്. ഇതനുസരിച്ച് ലെവിയിൽ മാറ്റമുണ്ടാകുമെന്ന് പ്രവാസികളടക്കമുള്ളവർ കരുതിയിരുന്നു. 
ലെവി പിൻവലിക്കില്ലെന്ന ഔദ്യോഗിക തീരുമാനം പുറത്തു വന്നതോടെ വിദേശികളുടെ തിരിച്ചുപോക്ക് ഇനിയും വർധിക്കാനാണ് സാധ്യത.  പല നഗരങ്ങളിലെയും വ്യാപാര കേന്ദ്രങ്ങളിൽ നിരവധി സ്ഥാപനങ്ങൾ ഇതിനകം അടച്ചു പൂട്ടി. വിവിധ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം പൂർണമാകുന്നതോടെ അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളുടെ എണ്ണം കൂടുകയും ചെയ്യും. 
ആഗോള വിപണിയിൽ എണ്ണ വില കൂപ്പുകുത്തിയതിന്റെ ഫലമായി പൊതുവരുമാനം വലിയ തോതിൽ കുറഞ്ഞ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെയാണ് സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളുടെയും പരിഷ്‌കരണങ്ങളുടെയും ഭാഗമായും സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ഉന്നമിട്ട് വിദേശികൾക്ക് ലെവി ബാധകമാക്കിയത്. എണ്ണ വരുമാനം വലിയ തോതിൽ വർധിച്ചതോടെ പുതിയ ബജറ്റിൽ നിലവിലുള്ള ലെവി വർധിപ്പിക്കാതെ സ്ഥിരപ്പെടുത്തിയേക്കുമെന്ന് ചിലർ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്നു. 
കഴിഞ്ഞ വർഷം ഡിസംബറിൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രഖ്യാപിച്ചതു പ്രകാരം അടുത്ത മാസം ഒന്നു മുതൽ വിദേശികൾക്കുള്ള പ്രതിമാസ ലെവിയിൽ ഇരുനൂറു റിയാലിന്റെ വർധനവുണ്ടാകും. ഇത് സ്വകാര്യ സ്ഥാപനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. 2018 ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്. കഴിഞ്ഞ വർഷാവസാനം വരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രയിരുന്നു ലെവി ബാധകം. ഇവർക്ക് പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2,400 റിയാലാണ് ലെവി ഇനത്തിൽ അടക്കേണ്ടിയിരുന്നത്. 2018 ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കിയിട്ടുണ്ട്. സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3,600 റിയാലുമാണ് ഈ കൊല്ലം ലെവി അടക്കേണ്ടത്. അടുത്ത വർഷം സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 500 റിയാലും 2020 ൽ സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആയി ഉയരും. 
2017 ജൂലൈ ഒന്നു മുതലാണ് സൗദിയിൽ ആശ്രിത ലെവി നിലവിൽവന്നത്. ആശ്രിതരിൽ ഒരോരുത്തർക്കും മാസത്തിൽ 100 റിയാൽ ലെവിയാണ് ആദ്യം ബാധകമാക്കിയത്. 2018 ജൂലൈ ഒന്നു മുതൽ ഇത് 200 റിയാലായി വർധിച്ചു. 2019 ജൂലൈ മുതൽ പ്രതിമാസ ആശ്രിത ലെവി 300 റിയാലായും 2020 ജൂലൈ മുതൽ 400 റിയാലായും വർധിക്കും. 

Latest News