Sorry, you need to enable JavaScript to visit this website.

അയാള്‍ മകളെ പീഡിപ്പിച്ചിട്ടില്ലെന്ന് കോടതി; പക്ഷേ വിധി കേള്‍ക്കാന്‍ ആ അച്ഛനില്ല

ന്യൂദല്‍ഹി- മകളെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജയിലിലടച്ച പിതാവിനെ മരിച്ച് പത്ത് മാസം കഴിഞ്ഞ ശേഷം കുറ്റവിമുക്തനാക്കി. ദല്‍ഹിയിലാണ് പോലീസും വിചാരണ കോടതിയും ഗുരുതരമായ കൃത്യവിലോപം നടത്തിയ സംഭവം. 17 വര്‍ഷം മുമ്പ് ആരംഭിച്ച കേസില്‍ പത്ത് വര്‍ഷമാണ് പിതാവിന് ജയില്‍ ശിക്ഷ വിധിച്ചിരുന്നത്. വിചാരണ കോടതി തെറ്റായ സമീപനം സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദല്‍ഹി ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കി.

മകള്‍ പിതാവിനെതിരെ നല്‍കിയ പരാതിയില്‍ നീതിപൂര്‍വകമായ അന്വേഷണമോ വിചാരണയോ നടന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തന്റെ മകളെ ഒരു ആണ്‍കുട്ടി തട്ടിക്കൊണ്ടുപോയെന്നും അവള്‍ ഗര്‍ഭിണിയാണെന്നും പിതാവ് സമര്‍പ്പിച്ച പരാതി അന്വേഷണ ഏജന്‍സിയോ കോടതിയോ ഗൗരവത്തിലെടുത്തില്ല. 1996 ജനുവരിയില്‍ ബലാത്സംഗ കേസില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തപ്പോള്‍ തന്നെയായിരുന്നു ഈ പരാതിയും.

ഭ്രൂണത്തിന്റേയും ആണ്‍കുട്ടിയുടേയും ഡി.എന്‍.എ പരിശോധന നടത്തണമെന്ന ആവശ്യവും പോലീസ് ചെവിക്കൊണ്ടില്ലെന്ന് ജസ്റ്റിസ് ആര്‍.കെ. ചൗബ ചൂണ്ടിക്കാട്ടി. ഇത്തരം ഒരു അന്വേഷണത്തിന് വിചാരണ കോടതി ഉത്തരവ് നല്‍കിയതുമില്ല. അന്വേഷണ ഏജന്‍സി തീര്‍ത്തും ഏകപക്ഷീയമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മരിച്ചയാളെയാണ് ഹൈക്കോടതി ഇപ്പോള്‍ കുറ്റവിമക്തനാക്കിയത്.

 

Latest News