ന്യൂദല്‍ഹി- രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് അവഹേളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. മിന്നലാക്രമണത്തിന്റെ പേരില്‍ സൈന്യത്തേയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പു കമ്മീഷനേയുമക്കം കോണ്‍ഗ്രസ് അവഹേളിക്കുകയാണ്. സുപ്രീം കോടതി വിധി അനൂകൂലമായില്ലെന്നതിന്റെ പേരില്‍ കോടതി വിധിയേയും ചോദ്യം ചെയ്തു. കോടതിയെ ഭീഷണിപ്പെടുത്താന്‍ കഴിയാത്തതിനാല്‍ നേരത്തെ അവരര്‍ ചീഫ് ജസ്റ്റിസിനെ ഇംപീച് ചെയ്യാന്‍ പോലും ശ്രമിച്ചുവെന്നും മോഡി ആരോപിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍, കാഞ്ചിപുരം, വില്ലുപുരം, ചെന്നൈ എന്നിവിടങ്ങളിലെ ബിജെപിയുടെ ബൂത്ത് തല പ്രവര്‍ത്തകരുമായി വിഡിയോ കോണ്‍ഫ്രന്‍സിലൂടെ സംവദിക്കുന്നതിനിടെയാണ് മോഡി കോണ്‍ഗ്രസിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
ഓരോ തെരഞ്ഞെടുപ്പു അടുത്തു വരുമ്പോഴും അവര്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ ചൊല്ലി ബഹളം ഉണ്ടാക്കി സംശയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. ഫലം അനകൂലമായാല്‍ ഇതേ വോട്ടിങ് യന്ത്രത്തിലൂടെ വന്ന ഫലം അവര്‍ അംഗീകരിക്കുകയും ചെയ്യും. വോട്ടിങ് യന്ത്രത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അവരുടെ സൗകര്യംപോലെ നിപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും മോഡി ആരോപിച്ചു.
രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ മോഡി സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷത്തിന്റേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും നിരന്തര ആരോപണങ്ങള്‍ക്കിടെയാണ് മോഡി ഇതേ ആരോപണം പ്രതിപക്ഷത്തിനു മേലും ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി റിസര്‍വ് ബാങ്ക്, സുപ്രീം കോടതി, സി.ബി.ഐ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങള്‍ മോഡി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.