വടകര- നാല് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പ്രതിയെ പിടികൂടുന്നില്ലെന്ന് മാതാവിന്റെ പരാതി. പോലീസ് അലംഭാവത്തിനെതിരെ റൂറൽ എസ്പിക്ക് പരാതി നൽകി. ഇക്കഴിഞ്ഞ നാലിന് ചോമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ഞിപ്പള്ളിയിൽ പെട്ടിക്കട നടത്തുന്ന 35 കാരൻ മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കടക്കുള്ളിൽ കയറ്റി പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടിൽ നിന്നിറങ്ങിയ മകൻ സമയമേറെ കഴിഞ്ഞിട്ടും വരാത്തതിനെ തുടർന്ന് തിരക്കി ഇറങ്ങിയ മാതാവ് മകനെ പെട്ടിക്കടയുടെ ഉള്ളിൽ കണ്ടെന്നാണ് പറയുന്നത്. അസ്വാഭാവികത തോന്നിയെങ്കിലും കുട്ടി കൂടുതലൊന്നും പറഞ്ഞില്ലെന്നും പിന്നീട് അധ്യാപികയോട് വിശദമായി പറഞ്ഞെതിനെ തുടർന്ന് 13ന് ചോമ്പാല പോലീസിൽ പരാതി നൽകിയിരുന്നെന്നും മാതാവ് പറയുന്നു. അന്ന് രാത്രി വീട്ടിലെത്തി പോലീസ് മൊഴിയെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ പോലീസ് തയാറായില്ലെന്ന് മാതാവ് പരാതിയിൽ പറയുന്നു. ഇയാൾ സ്ഥലം വിട്ടതായും പറയുന്നു.