റിയാദ് - ഈ വർഷം നികുതി ഇനത്തിൽ 16,600 കോടി റിയാൽ വരുമാനം ലഭിച്ചതായി ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ കൊല്ലം നികുതി വരുമാനത്തിൽ 89.4 ശതമാനം വർധനവുണ്ട്. അടുത്ത വർഷം നികുതി വരുമാനം 18,300 കോടി റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം മുതൽ നികുതി വരുമാനത്തിൽ പ്രതിവർഷം പത്തു ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. 2021 ൽ നികുതി വരുമാനം 20,100 കോടി റിയാലായി ഉയരും.
ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള നികുതി ഇനത്തിലുള്ള വരുമാനം ഈ വർഷത്തെ ബജറ്റിൽ കണക്കാക്കിയതിനെക്കാൾ 32.9 ശതമാനം തോതിൽ വർധിക്കും. ഈ വർഷം ജനുവരി ഒന്നു മുതൽ നടപ്പാക്കിയ മൂല്യവർധിത നികുതി ഇനത്തിൽ 4,560 കോടി റിയാൽ വരുമാനം ലഭിച്ചു. ബജറ്റിൽ കണക്കാക്കിയതിനെക്കാൾ 101.5 ശതമാനം കൂടുതലാണിത്. വാറ്റ് നടപ്പാക്കി ആദ്യ വർഷം തന്നെ നികുതിദായകർ നികുതി സംവിധാനത്തിൽ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതലായി രജിസ്റ്റർ ചെയ്തതാണ് വാറ്റ് ഇനത്തിലുള്ള വരുമാനം ഇരട്ടിയിലേറെ വർധിക്കുന്നതിന് സഹായകമായത്.
ആദായ നികുതി വരുമാനത്തിൽ 14.9 ശതമാനം വർധനവുണ്ടായി. ആദായ നികുതിയിനത്തിൽ 1,610 കോടി റിയാൽ വരുമാനം ലഭിച്ചു. എന്നാൽ അടുത്ത വർഷം ആദായ നികുതി വരുമാനം 1,580 കോടി റിയാലായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള നികുതി ഇനത്തിൽ ഈ വർഷം 11,300 കോടി റിയാൽ വരുമാനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 187.9 ശതമാനം കൂടുതലാണിത്. ലെവി, വാറ്റ്, കഴിഞ്ഞ വർഷം മധ്യത്തിൽ നടപ്പാക്കി തുടങ്ങിയ സെലക്ടീവ് ടാക്‌സ് അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഈയിനത്തിലെ വരുമാനം ഇരട്ടിയോളം വർധിക്കുന്നതിന് സഹായിച്ചത്. ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള നികുതി ഇനത്തിൽ അടുത്ത കൊല്ലം 13,200 കോടി റിയാൽ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ അപേക്ഷിച്ച് 16.4 ശതമാനം കൂടുതലാണിത്. പുകയില ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കുമുള്ള സെലക്ടീവ് ടാക്‌സ് ഇനത്തിൽ ഈ വർഷം 1,200 കോടി റിയാൽ വരുമാനം ലഭിക്കും.
ബജറ്റിൽ കണക്കാക്കിയതിനെക്കാൾ 44.7 ശതമാനം കൂടുതലാണിത്. എന്നാൽ അടുത്ത വർഷം സെലക്ടീവ് ടാക്‌സ് വരുമാനം ആയിരം കോടി റിയാലായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വർഷം കസ്റ്റംസ് തീരുവ ഇനത്തിൽ 1,600 കോടി റിയാൽ വരുമാനം ലഭിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14.8 ശതമാനം കുറവാണിത്. ഇറക്കുമതി കുറഞ്ഞതാണ് കസ്റ്റംസ് തീരുവ വരുമാനം കുറയുന്നതിന് കാരണം. അടുത്ത വർഷം കസ്റ്റംസ് തീരുവ ഇനത്തിൽ 1,700 കോടി റിയാലാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ അപേക്ഷിച്ച് 6.6 ശതമാനം കൂടുതലാണിതെന്നും ധനമന്ത്രാലയം പറഞ്ഞു.