ചരിത്ര പ്രസിദ്ധമായ തായിഫിലേക്കാണ് ഇപ്രാവശ്യം യാമ്പു രിസാല സ്റ്റഡി സർക്കിളിന്റെ വിനോദ പഠന യാത്ര. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,700 മീറ്റർ ഉയരത്തിൽ മക്ക പ്രവിശ്യയിലെ ഒരു കാർഷിക പട്ടണം കൂടിയാണ് തായിഫ്. മുന്തിരിപ്പഴം, മാതളപ്പഴം, അത്തിപ്പഴം, റോസാപ്പൂവ്, തേൻ തുടങ്ങിയ തോട്ടങ്ങളുടെ മണ്ണിലൂടെ ഒരുയാത്ര.
യാമ്പു അൽമനാർ ഇന്റർനാഷണൽ സ്‌കൂളിലെ 17 കുട്ടികളുമായി മിനി ബസ്സ് രാത്രി കൃത്യം 11 മണിക്ക് പുറപ്പെട്ടു. ആർ.എസ്.സി പ്രവർത്തകരായ അൽമനാർ സ്‌കൂൾ അധ്യാപകൻ കൂടിയായ മുഹമ്മദ് നെച്ചിൽ, ഷെഫീഖ്, നാസിക്, സാദിഖ് എന്നിവരും യാത്രയിൽ അനുഗമിക്കുന്നുണ്ട്. റോയൽ കമ്മീഷനിലെ വർണ്ണോജ്വലമായ സ്ട്രീറ്റുകൾ താണ്ടിയ ശേഷം ചെക്ക്‌പോയന്റ് കടന്ന് ഞങ്ങൾ ഹൈവേയിലേക്ക് പ്രവേശിച്ചു.
യാമ്പു ബലദ് മുതൽ ചെക്ക് പോയന്റ് വരെ 47 കിലോമീറ്റർ വിവിധ സ്പീഡ് ലിമിറ്റ് ഏരിയയാണ്. 80 മുതൽ 120 വരെയാണ് സ്പീഡ്. യാമ്പു- ജിദ്ദ ഹൈവയിലൂടെ ഒന്നിച്ചുള്ള യാത്ര ജീവിതത്തിലെ അവിസ്മരണീയ അനുഭവം തന്നെയായിരുന്നു.പത്താം കഌസിലെ 12 വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഈ അധ്യയന വർഷം കൂടിയേ ഒരുമിച്ചുണ്ടാകൂ എന്ന പ്രാധാന്യം കൂടി ഈ യാത്രക്കുണ്ട്.
രാവിലെ 6 മണിയോടെ തായിഫിലെത്തിയ പ്രഭാത കൃത്യങ്ങളെല്ലാം നിർവഹിച്ചതിന് ശേഷം ചരിത്ര പ്രസിദ്ധമായ പുണ്യ സ്ഥലം സന്ദർശിച്ചു. ഇവിടെ തന്നെയാണ് ഇന്ത്യക്കാർ നിർമ്മിച്ചത് എന്ന് പറയപ്പെടുന്ന പള്ളിയും സ്ഥിതി ചെയ്യുന്നത്.
തായിഫിലെ പല കെട്ടിടങ്ങളും പഴമയുടെ തനിമ നിലനിർത്തിക്കൊണ്ട് ഇന്നും ചരിത്ര പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നതു കൂടി കാണാൻ കഴിഞ്ഞപ്പോൾ യാത്രയുടെ തുടക്കം തന്നെ ഞങ്ങളുടെ മനസ്സിൽ ഹരം വിതറി.
പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള പുരാതന കെട്ടിടങ്ങളുടെ സമുന്നത സ്ഥാനം ക്യാമറയിൽ ഒപ്പിയെടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല. മലകളുടെ നെറുകരയിൽ സ്ഥാപിച്ചിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളുടെ പുരാതന രൂപഭംഗി കാണേണ്ടത് തന്നെയാണ്. മണ്ണ് കുഴച്ചുണ്ടാക്കിയ കല്ലും അതെ മണ്ണിൽ തന്നെ പടുത്തുയർത്തിയ കെട്ടിടങ്ങളും മതിലുകളും ധാരാളമുണ്ട് തായിഫിൽ. ഇന്നത്തെ കോൺക്രീറ്റ് വാർപ്പുകളോട് സാമ്യമുള്ള കെട്ടിടങ്ങൾ മരക്കൊമ്പുകളും (കമ്പിക്ക് പകരം ) അതിന്റെ മുകളിൽ ഈത്തപ്പന ഓലകൾ മേഞ്ഞ മേൽക്കൂരകൾ അന്നത്തെ പ്രാദേശിക വാസ്തു വിദ്യയുടെ പ്രത്യേകത എടുത്തു പറയുന്നു.
പുരാതന മസ്ജിദും തോട്ടവും മാറ്റങ്ങൾക്ക് വിധേയമാകാതെ സഞ്ചാരികളിൽ കൗതുകമുണർത്തുന്നു. പപ്പായ, വാഴ, വിവിധതരം പഴങ്ങൾ തുടങ്ങിയ ഇപ്പോഴും തോട്ടത്തിലുണ്ട്.
വർഷത്തിൽ നടക്കുന്ന പുഷ്പമേള റോസാപ്പൂക്കളുടെ വിളവെടുപ്പ് സമയത്താണ് നടക്കാറ്.
സൗദി അറേബ്യയിലെ ഏറ്റവും വലിയ റോസാപ്പൂ മേള കാണുവാൻ ആഗ്രഹമുണ്ടെങ്കിലും പൂക്കളുടെ വിളവെടുപ്പ് വരെ കാത്തിരിക്കേണ്ടിവരും. തായിഫിൽ ഇത്തരം 750 ഓളം റോസാപ്പൂ തോട്ടങ്ങൾ വിളവെടുപ്പിന് തയ്യാറെടുക്കുന്നുണ്ട്.
തായിഫിൽ ഒരു മലയുടെ മുകളിൽ നിൽക്കുന്ന ഒരു വലിയ പാറക്കല്ലും അതിനെ താങ്ങി നിർത്തുന്ന ചെറിയൊരു കല്ലും കൗതുകം പകർന്ന കാഴ്ചയായി.
ആറാം നൂറ്റാണ്ടിൽ ബനൂ തഖീഫ് ഗോത്രക്കാർ നിർമിച്ച തായിഫ് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച കണ്ടു. അതിന് ശേഷം മൃഗശാലയും കണ്ടു വൈകുന്നേരമാണ് തായിഫിനോട് വിട പറഞ്ഞത്.