റിയാദ്- വിദേശ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ഏർപ്പെടുത്തിയ ലെവി പിൻവലിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച നയം നേരത്തെ പ്രഖ്യാപിച്ചതാണെന്നും അതിൽ ഭേദഗതി ഉണ്ടാവില്ലെന്നും ഇന്ന് നടന്ന ബജറ്റ് അവലോകന ചർച്ചയിൽ മന്ത്രി പറഞ്ഞു. ഇന്ധന വില വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ നീക്കമില്ല. എന്നാല്‍ പുതിയ വര്‍ഷം പെട്രോള്‍ വില പുനഃപരിശോധിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതികൾ ലക്ഷ്യം കൈവരിച്ചിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിച്ചുവരുന്നുണ്ട്. ഫലം കാണാത്ത പദ്ധതികളിൽ ഭേദഗതികൾ വരുത്തിയേക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടുന്ന വിധത്തിലാണ് പുതിയ ബജറ്റ്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ചക്ക് ബഹുമുഖ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്വദേശികൾക്ക് ഏറ്റവും മികച്ച സേവനം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം.
സാമ്പത്തിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനായി 2017ൽ പ്രഖ്യാപിച്ച പദ്ധതികളിൽ പെട്ടതാണ് വിദേശികൾക്കുള്ള ലെവി. ഈ പദ്ധതി വിജയം കണ്ടിട്ടുണ്ടെന്ന് ബജറ്റവതരണത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലും മന്ത്രി അറിയിച്ചിരുന്നു.