Sorry, you need to enable JavaScript to visit this website.

'രാഹുൽ ഫോർ പി.എം':  പിടികൊടുക്കാതെ കക്ഷികൾ, നിലപാട് ആവർത്തിച്ച് സ്റ്റാലിൻ

ന്യൂദൽഹി/ ചെന്നൈ- 2019ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടണമെന്ന ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്റെ ആവശ്യം ഏറ്റെടുക്കാതെ പ്രതിപക്ഷ കക്ഷികൾ. രാഹുലിനോട് അതൃപ്തിയൊന്നുമില്ലെങ്കിലും തെരഞ്ഞെടുപ്പിനു മുമ്പ് നേതാവിനെ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവിൽ കോൺ
ഗ്രസുമായി അടുപ്പമുള്ള കക്ഷികൾ പോലും. എന്നാൽ ബി.ജെ.പിയെ നേരിടാനുള്ള മതേതര ചേരിയെ ഏകോപിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷന് കഴിയുമെന്നും, മറ്റുള്ളവർ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുകയാണ് വേണ്ടതെന്നും സ്റ്റാലിൻ ആവർത്തിച്ചു. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചത് രാഹുലാണെന്നും സ്റ്റാലിൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
തന്റെ വാദത്തിന് ഉപോൽബലകമായി കോൺഗ്രസും ഡി.എം.കെയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രവും സ്റ്റാലിൻ വിവരിക്കുന്നുണ്ട്. 1980ൽ ഡി.എം.കെ നേതാവ് എം. കരുണാനിധി, ഇന്ദിരാ ഗാന്ധിയെ വിളിച്ചതിനു ശേഷമാണ് അവർ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയത്. അതുപോലെ 2004ൽ സോണിയാ ഗാന്ധിക്ക് കരുണാനിധി പിന്തുണ നൽകിയതോടെയാണ് കോൺഗ്രസ് അധികാരം പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ മതേതര ജനാധിപത്യ കക്ഷികളെ ഏകോപിപ്പിക്കാൻ ശക്തമായ നേതൃത്വം ആവശ്യമാണ്. അതുകൊണ്ടാണ് ഞാൻ രാഹുൽ ഗാന്ധിയെ നിർദേശിച്ചത്. ഇരുളടഞ്ഞ ഇന്ത്യയിൽ പ്രകാശം പരത്താൻ രാഹുലിന്റെ കരങ്ങൾക്ക് ശക്തി പകരുകയാണ് മറ്റ് കക്ഷികൾ ചെയ്യേണ്ടതെന്നും സ്റ്റാലിൻ പ്രസ്താവനയിൽ തുടർന്നു.
തിങ്കളാഴ്ച മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെ മണിക്കൂറുകളോളം രാഹുൽ ഗാന്ധിക്കൊപ്പം കഴിച്ചുകൂട്ടിയ ശേഷമാണ് സ്റ്റാലിൻ തന്റെ നിലപാട് ആവർത്തിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്. 
എന്നാൽ സ്റ്റാലിന്റെ നിലപാടിൽ പരസ്യമായി വിയോജിക്കുകയായിരുന്നു സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഏതെങ്കിലുമൊരു നേതാവ് തന്റെ അഭിപ്രായം പറഞ്ഞുവെന്ന് കരുതി അതൊന്നും മുന്നണിയുടെ അഭിപ്രായമാവണമെന്നില്ലെന്ന് അഖിലേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അഖിലേഷും ബി.എസ്.പി നേതാവ് മായാവതി, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എന്നിവരും കോൺഗ്രസിന്റെ ക്ഷണമുണ്ടായിട്ടും സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കാതിരുന്നത് രാഹുലിനെ നേതാവാക്കുന്നതിലുള്ള വിസമ്മതമായി വിലയിരുത്തപ്പെട്ടു. അതിനിടെ, ബി.ജെ.പിയെയും കോൺഗ്രസിനെയും ഒഴിവാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് മമത നീക്കം നടത്തുന്നതായും വാർത്തകൾ പുറത്തുവന്നു. എന്നാൽ ഈ മൂന്ന് നേതാക്കളും തങ്ങളുടെ പ്രതിനിധികളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയച്ചതിൽ കോൺഗ്രസ് നേതാക്കൾ സംതൃപ്തരാണ്.
സ്റ്റാലിന്റെ നിലപാടിനോട് പൂർണമായും യോജിപ്പില്ലാത്ത മറ്റ് കക്ഷികളുമുണ്ട്. തെലുങ്കുദേശം, എൻ.സി.പി, നാഷണൽ കോൺഫറൻസ് ആർ.ജെ.ഡി തുടങ്ങിയവയാണവ. സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണിക്ക് കോൺഗ്രസുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും താൽപര്യമില്ല. നേതാവിനെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടു മതിയെന്ന അഭിപ്രായമാണ് മിക്കവർക്കും. കോൺഗ്രസിനു പോലും ഇതേ അഭിപ്രായമാണെന്നും അതിനാൽ ഇപ്പോൾ നേതാവിനെക്കുറിച്ചുള്ള ചർച്ച തന്നെ അനാവശ്യമാണെന്നും എൻ.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. സ്റ്റാലിന്റെ പ്രസ്താവന അപക്വമായിപ്പോയെന്നാണ് ഒരു തൃണമൂൽ നേതാവ് പ്രതികരിച്ചത്. 2019ലെ തെരഞ്ഞെടുപ്പ് അജണ്ടയുടെ അടിസ്ഥാനത്തിലാണ് നേരിടേണ്ടതെന്നും, അല്ലാതെ നേതാവിനെ ഉയർത്തിക്കാട്ടിയാവരുതെന്നും എസ്.പി നേതാവ് ഘനശ്യം തിവാരി പറഞ്ഞു.
അതിനിടെ, സ്റ്റാലിന്റെ പ്രസ്താവനക്ക് മറുപടിയുമായി ആർ.എസ്.എസ് രംഗത്തെത്തി. അടുത്ത വർഷം പ്രധാനമന്ത്രി പദത്തിലേക്ക് ഒഴിവില്ലെന്നാണ് ആർ.എസ്.എസ് നേതാവ് രാം മാധവ് പറഞ്ഞത്. ചെന്നൈയിലെ യോഗത്തിൽ കേന്ദ്രത്തിലേത് ഫാസിസ്റ്റ് ഭരണമാണെന്ന് എം.കെ. സ്റ്റാലിൻ വിമർശിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഇത്തരത്തിലൊരു പരാമർശം സ്റ്റാലിനിൽനിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത്തരത്തിലുള്ള ഭാഷ പ്രയോഗിക്കുന്നത് ദൗർഭാഗ്യകരമാണെന്നും രാം മാധവ് പറഞ്ഞു.
 

Latest News