അപ്പോളോ ആശുപത്രിയില്‍ ജയലളിതയുടെ  ആഹാരച്ചെലവ് മാത്രം 1.17 കോടി രൂപ!

ചെന്നൈ-തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ വിവാദങ്ങള്‍ ഓരോ ദിനവും കൂടിവരികയും ചെയ്യുന്നു.
അവസാനകാലത്ത് ജയലളിത ചികിത്സയിലായിരുന്ന അപ്പോളോ ആശുപത്രിയില്‍ അവരുടെ ആഹാരച്ചെലവ് മാത്രം 1.17 കോടി രൂപയാണെന്നാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 
 2016 സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത 2016 ഡിസംബര്‍ അഞ്ചിനാണ് മരിച്ചത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള ഒരു അന്വേഷണ കമ്മിഷന്റെ  പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. അപ്പോളോ ആശുപത്രി അധികൃതര്‍, ഡോക്ടര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച രാഷ്ട്രീയക്കാരും ഭരണത്തലവന്‍മാരും ഉദ്യോഗസ്ഥരും തുടങ്ങി 150ലധികം പേരെ ഇതിനോടകം അന്വേഷണ കമ്മിഷന്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. 
 ഈ കമ്മിഷന് മുമ്പാകെയാണ് അപ്പോളോ ആശുപത്രി അധികൃതര്‍ ഇപ്പോള്‍ ജയലളിതയുടെ ചികിത്സയ്ക്ക് വേണ്ടിവന്ന ചെലവ് വെളിപ്പെടുത്തിയിരിക്കുന്നത്. ജയലളിതയുടെ ചികിത്സാ ചെലവ് 6.85 കോടി രൂപയും അവരുടെ ഭക്ഷണച്ചെലവ് 1,17,04925 രൂപയുമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ 1.17 കോടി രൂപയ്ക്ക് എന്തൊക്കെ ഭക്ഷണമാണ് ജയലളിതയ്ക്ക് നല്‍കിയത് എന്നതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

Latest News