റിയാദ് ലുലുവില്‍നിന്ന് നാലരക്കോടി തട്ടിയ മലയാളി ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം- റിയാദിലെ ലുലു അവന്യുവില്‍നിന്ന് നാലരക്കോടി രൂപ തട്ടിപ്പ് നടത്തി മുങ്ങിയ ജീവനക്കാരനെ തിരുവനന്തപുരം കഴക്കുട്ടത്ത്  സിറ്റി ഷാഡോ പോലീസ് പിടികൂടി. കഴക്കുട്ടം ശാന്തിനഗര്‍ സാഫല്യം വീട്ടില്‍ ഷിജു ജോസഫാണ്(45) അറസ്റ്റിലായത്.
ലുലു ഗ്രൂപ്പ് സ്ഥാപനമായ ലുലു അവന്യൂവില്‍ മാനേജരായി ജോലി ചെയ്തിരുന്ന ഷിജു ജോസഫ് ഒന്നര വര്‍ഷത്തോളം സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ജോര്‍ദാന്‍ സ്വദേശി മുഹമ്മദ് ഫക്കീമുമായി ചേര്‍ന്നായിരുന്നു തട്ടിപ്പ്.  ലുലു അവന്യൂവിലെക്ക് സാധനങ്ങള്‍ മുഹമ്മദ് ജോലിയെടുത്തിരുന്ന  കമ്പനി വഴിയാണ് വാങ്ങിയിരുന്നത്. വലിയ കണ്ടെയ്‌നറുകളില്‍ വരുന്ന സാധനങ്ങള്‍
ലുലു ഷോപ്പിലേക്ക് കൊണ്ടുവരാതെ സാമാനമായ മറ്റു ഷോപ്ലുകളിലേക്ക് മാറ്റിയും വ്യാജ രേഖകള്‍ ചമച്ചുമാണ് ഇരുവരും ചേര്‍ന്നു തട്ടിപ്പ് നടത്തിയത്. തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ലുലു ഗ്രൂപ്പ്  റിയാദ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ലുലു ഗ്രൂപ്പ് തുമ്പ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിറ്റി ഷാഡോ പോലീസ്
ഒളിസങ്കേതത്തില്‍നിന്ന് ഷിജുവിനെ പിടികൂടിയത്.  ഒളികേന്ദ്രങ്ങള്‍ മാറ്റിയിരുന്ന ഇയാള്‍ വാട്‌സാപ്പ് വഴിയാണ്
മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ വാട്‌സാപ്പ് കോളുകള്‍ പരിശോധിച്ചാണ് ഒളിസങ്കേതം കണ്ടെത്തിയത്.

 

Latest News