Sorry, you need to enable JavaScript to visit this website.

മുത്തലാഖ് നാമാവശേഷമാകുന്ന രീതിയെന്ന് വ്യക്തിനിയമ ബോർഡ്‌

  • ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള  തർക്കമാക്കരുതെന്ന് കേന്ദ്ര സർക്കാർ

ന്യൂദൽഹി- മുത്തലാഖ് മരിച്ചുകൊണ്ടിരിക്കുന്ന  ആചാരമാണെന്നും സുപ്രീം കോടതി പോലുള്ള മതേതര സ്ഥാപനങ്ങൾ ഇതേക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അതിന്റെ തിരിച്ചു വരവിനാണ് വഴിയൊരുക്കുന്നതെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡിനു വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. മുസ്‌ലിം സമുദായത്തിൽ ഇതു വ്യാപക പ്രത്യാഘാതത്തിന് ഇടയാക്കിയേക്കാം. സമുദായം കഴുകന്മാരുടെ ഇടയിൽ ജീവിക്കുന്ന ചെറിയ പക്ഷികളാണെന്നു പറഞ്ഞ സിബൽ ഈ സമുദായത്തിന്റെ കൂടിന് സുപ്രീം കോടതിയുടെ സംരക്ഷണം വേണമെന്നും പറഞ്ഞു. കഴിഞ്ഞ 67 വർഷമായി മുസ്‌ലിം സമുദായം സുപ്രീം കോടതിക്കുമേൽ വിശ്വാസം അർപ്പിച്ച് പോരുകയാണ്. ആ വിശ്വാസമാണ് രാജ്യത്തെ ഊർജസ്വലതയോടെ നിറുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിതകളെ മുസ്‌ലിം വിവാഹ ഉടമ്പടിയുടെ ഭാഗമാക്കുമോയെന്നു ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആരാഞ്ഞു. വിവാഹ ഉടമ്പടിയുടെ സമയത്തു തന്നെ മുത്തലാഖിനോട് യോജിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വനിതകളുടെ അഭിപ്രായം രേഖപ്പെടുത്താൻ തയാറാണോയെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡിനോടാണ് ആരാഞ്ഞത്. ഇതു സംബന്ധിച്ച് പണ്ഡിതന്മാർക്ക് നിർദേശം നൽകാൻ ബോർഡിന് സാധിക്കുമോയെന്നും ബെഞ്ച് ചോദിച്ചു. 
ഈ വിഷയത്തിൽ ബോർഡിലെ അംഗങ്ങളുടെ അഭിപ്രായം തേടിയ ശേഷം മറുപടി നൽകാമെന്ന് കപിൽ സിബൽ വ്യക്തമാക്കി. മുസ്‌ലിം സമുദായത്തിൽ വിവാഹം ഒരു കരാറാണെന്നും സ്ത്രീകളുടെ നന്മക്കു വേണ്ടി നികാഹ് നാമയിൽ പ്രത്യേക വകുപ്പുകൾ ഉൾപ്പെടുത്താൻ വ്യവസ്ഥകളുണ്ടെന്നും അതിന് തയാറാണെന്നും ബോർഡ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ചോദ്യം ഉന്നയിച്ചത്. കോടതിയുടെ എല്ലാ നിർദേശങ്ങളും പൂർണ വിനയത്തോടെ സ്വീകരിക്കുമെന്ന് സിബൽ അറിയിച്ചു. മുത്തലാഖ് പാപമാണെന്നും അതു ചെയ്യുന്നവരെ സമുദായം ബഹിഷ്‌കരിക്കണമെന്നും 2017 ഏപ്രിൽ 14 ന് വ്യക്തിനിയമ ബോർഡ് പാസാക്കിയ പ്രമേയത്തിന്റെ പകർപ്പും കോടതിക്ക് കൈമാറി. 
അതേസമയം, മുസ്‌ലിം സമുദായത്തിലെ പുരുഷന്മാർ  വിദ്യാസമ്പന്നരും ശക്തരുമാണെങ്കിൽ സ്ത്രീകൾ അബലകളാണെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. ഇതിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള തർക്കമില്ല. പോരാട്ടം  ന്യൂനപക്ഷത്തിനുള്ളിൽ തന്നെയാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി പറഞ്ഞു. മുത്തലാഖ് ഇസ്‌ലാം മതത്തിലെ അടിസ്ഥാനപരമായ ഘടകമല്ല. മുത്തലാഖ് നിരോധിക്കണമെന്ന കേന്ദ്ര വാദത്തെ ഹിന്ദുക്കളുടെ അടിച്ചമർത്താനുള്ള ശ്രമമായി വ്യഖ്യാനിക്കുന്നത് തെറ്റാണ്. യഥാർഥത്തിൽ മുസ്‌ലിം സ്ത്രീകൾ നീതിക്കായി അവരുടെ തന്നെ പുരുഷന്മാർക്കെതിരെ പോരാടുകയാണ്. രാജ്യത്തെ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള പോരാട്ടമായി ഇതിനെ കാണാൻ പാടില്ല. മുസ്‌ലിം സ്ത്രീകളും പുരുഷന്മാരും തമ്മിലാണ് പോരാട്ടം. നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതത്തിനെതിരായാണ് ആ സമുദായത്തിലെ സ്ത്രീകൾ ഇപ്പോൾ ശബ്ദം ഉയർത്തുന്നത്. 
എന്നാൽ, ഇത്തരം മേധാവിത്വങ്ങൾ അവസാനിപ്പിക്കാൻ സർക്കാരാണ് നിയമം കൊണ്ടുവരേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ നിരീക്ഷിച്ചു. 
കേന്ദ്രം ചെയ്യേണ്ടത് ചെയ്യും. കോടതിക്ക് എന്തു ചെയ്യാൻ കഴിയുമെന്നതാണ് ചോദ്യം. നിയമ നിർമാണത്തിന് കാത്തു നിൽക്കാതെ മതേതര കോടതി മാറ്റത്തിന് വഴിയൊരുക്കുകയാണ് വേണ്ടത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. തുല്യതയ്ക്കുള്ള മൗലികാവകാശത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മത സ്വാതന്ത്ര്യം മൗലികാവകാശങ്ങൾക്ക് വിധേയമാണെന്നും റോഹ്തഗി വാദിച്ചു. എന്നാൽ, ആചാരങ്ങളിലും വ്യക്തി നിയമങ്ങളിലും ഇടപെടരുതെന്ന് ഭരണഘടനയിലുണ്ടെന്ന് റോഹ്തഗിയെ ഈ ഘട്ടത്തിൽ ഇടപെട്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കുര്യൻ ജോസഫ് ഓർമിപ്പിച്ചു. 
ഭരണഘടന മതത്തെ സംരക്ഷിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ വ്യക്തി നിയമങ്ങളിൽ അധിഷ്ഠിതമായ ആചാരങ്ങളും തുല്യതയും അന്തസ്സും ഉറപ്പു വരുത്തുന്നതിനുള്ള മൗലികാവകാശങ്ങളും തമ്മിൽ സംഘർഷത്തിലാണെന്നും അത്തരമൊരു സാഹചര്യത്തിൽ വ്യക്തി നിയമങ്ങൾക്ക് പ്രസക്തിയില്ലെന്നും റോഹ്തഗി മറുവാദം ഉന്നയിച്ചു. മത വിഭാഗങ്ങൾ തമ്മിലുള്ള രക്തച്ചൊരിച്ചിലിനിടെയാണ് സ്വാതന്ത്ര്യം ലഭിച്ചത്. അതിനാലാണ് ഭരണഘടനാ ശിൽപികൾ മതത്തിന്റെ കാര്യത്തിൽ ഇടപെടാൻ വിസമ്മതിച്ചത്. അതേസമയം, മതപരമായ വിശ്വാസം, മൗലികാവകാശങ്ങളിൽ അധിഷ്ഠിതമായിരിക്കുമെന്ന് അവർ പറയുകുയം ചെയ്തതായി റോഹ്തഗി വാദിച്ചു. സതി, ദേവദാസി ആചാരങ്ങൾ നിരോധിച്ച ശേഷവും ഹിന്ദുമതം നില നിൽക്കുന്നുണ്ടല്ലോ എന്നും റോഹ്തഗി പറഞ്ഞു. എന്നാൽ, ഇത്തരം ആചാരങ്ങൾ കോടതി അല്ല നിരോധിച്ചതെന്നും അത് നിയമ നിർമാണത്തിലൂടെയാണ് ഇല്ലാതാക്കിയതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 

Latest News